കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിന്റെ റിസർവ് ഡേയിലും കൊളംബോയിൽ മഴ. മൂന്ന് മണിക്ക് ആരംഭിക്കേണ്ടിയിരുന്ന മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല. ഞായറാഴ്ച മഴ കളിമുടക്കിയതിനെത്തുടർന്നാണ് റിസർവ് ദിനമായ ഇന്നത്തേക്ക് മത്സരം മാറ്റിവെച്ചത്. ഇന്ന് പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യ-പാക് സൂപ്പർ ഫോർ മത്സരം റദ്ദാക്കും. എന്നാൽ മഴ മാറിയെന്നുള്ള ആശ്വാസ വാർത്തയും വരുന്നുണ്ട്.

ഞായറാഴ്ച ഇന്ത്യ മികച്ച രീതിയിൽ ബാറ്റുചെയ്യുമ്പോഴാണ് മഴ വില്ലനായി വന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 121 റൺസ് കൂട്ടിച്ചേർത്ത ശേഷം പുറത്താക്കി. വിരാട് കോലിയും കെ.എൽ.രാഹുലുമാണ് ക്രീസിലുള്ളത്. 24.1 ഓവറിൽ രണ്ട് വിക്കറ്റിന് 147 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയത്. മോശം പന്തുകൾ പ്രഹരിച്ച് ഇരുവരും സ്‌കോർ ഉയർത്തി. പേരുകേട്ട പാക് പേസ് നിരയെ ആദ്യം ആക്രമിക്കാൻ തുടങ്ങിയത് ഗില്ലാണ് പിന്നാലെ രോഹിത്തും ഗിയർ മാറ്റി. ഇതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലായി. ഗിൽ 13-ാം ഓവറിൽ അർധസെഞ്ചുറി നേടി. 37 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി നേടിയത്. പിന്നാലെ ടീം സ്‌കോർ 100 കടന്നു.

ഗില്ലിന് പുറകേ രോഹിത്തും അർധസെഞ്ചുറി നേടി. 42 പന്തുകളിൽ നിന്നാണ് ഇന്ത്യൻ നായകന്റെ അർധസെഞ്ചുറി പിറന്നത്. പക്ഷേ അർധസെഞ്ചുറി നേടിയ പിന്നാലെ ഇരുവരും പുറത്തായി. രോഹിത്താണ് ആദ്യം വീണത്. 49 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ 56 റൺസെടുത്ത രോഹിത്തിനെ ശദബ് ഖാൻ ഫഹീം അഷറഫിന്റെ കൈയിലെത്തിച്ചു. പിന്നാലെ ഗില്ലും വീണു. 52 പന്തിൽ നിന്ന് 10 ഫോറടക്കം 58 റൺസെടുത്ത ഗില്ലിനെ ഷഹീൻ അഫ്രീദി സൽമാൻ അലിയുടെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ 123 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. ആദ്യ വിക്കറ്റിൽ രോഹിതും ഗില്ലും 121 റൺസാണ് കൂട്ടിച്ചേർത്തത്.

പിന്നാലെ ക്രീസിലൊന്നിച്ച കെ.എൽ.രാഹുലും വിരാട് കോലിയും ശ്രദ്ധാപൂർവം ഇന്നിങ്സ് പടുത്തുയർത്തി. പെട്ടെന്ന് കനത്ത മഴ പെയ്തതോടെ മത്സരം നിർത്തിവെച്ചു. 24.1 ഓവറിലെത്തിയപ്പോഴാണ് മഴ പെയ്തത്. കോലി എട്ടുറൺസെടുത്തും രാഹുൽ 17 റൺസ് നേടിയും പുറത്താവാതെ നിന്നു.

കൊളംബോയിൽ രാവിലെ മുതൽ കനത്ത മഴയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഇടയ്ക്ക് ആകാശം തെളിഞ്ഞുവെങ്കിലും വീണ്ടും കനത്ത മഴയെത്തി. രാവിലെ മഴയുടെ സാധ്യത 100 ശതമാനമാണ്. ഉച്ചയ്ക്ക് ശേഷം അത് 97 ശതമാനമായി കുറയും. വൈകുന്നേരം 80 ശതമാനം മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ പ്രവചനം. ഈ സാഹചര്യത്തിൽ മത്സരം പൂർത്തിയാക്കുക പ്രയാസമായിരിക്കും.

ഇതിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷാക്കെതിരെ ട്രോളുകളും വരുന്നുണ്ട്. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങൾക്ക് തിരഞ്ഞെടുത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. ബിസിസിഐയുടെ നിർബന്ധത്തെ തുടർന്നാണ് ഏഷ്യാ കപ്പ് വേദിയായി ശ്രീലങ്കയെ കൂടി തിരഞ്ഞെടുത്തത്. ബംഗ്ലാദേശ്, യുഎഇ എന്നീ വേദികളുള്ളപ്പോഴാണ് ശ്രീലങ്ക തിരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ-പാക് മത്സരത്തിൽ മഴ കളിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരവും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.