കൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് 357 റൺസ് വിജയലക്ഷ്യം. സെഞ്ചുറിയുമായി ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയ കെ എൽ രാഹുലും ഏകദിന കരിയറിലെ 47ാം സെഞ്ചുറി കുറിച്ച വിരാട് കോലിയുടേയും തകർപ്പൻ ബാറ്റിങാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. 24.1 ഓവറിൽ 147-2 എന്ന സ്‌കോറിൽ റിസർവ് ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസടിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 233 റൺസാണ് കൂട്ടിച്ചേർത്തത്.

രാഹുലും കോലിയും ചേർന്ന് പാക് ബൗളർമാരെ അടിച്ചുപറത്തിയപ്പോൾ ഹാരിസ് റൗഫിന് പന്തെറിയാനാകാതിരുന്നത് പാക്കിസ്ഥാന് തിരിച്ചടിയായി. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറാണിത്. തുടക്കത്തിൽ രാഹുൽ തകർത്തടിച്ചപ്പോൾ കോലി പിന്തുണ നൽകി. അർധസെഞ്ചുറിക്ക് പിന്നാലെ കോലിയും തകർത്തടിച്ചതോടെയാണ് ഇന്ത്യ വമ്പൻ സ്‌കോർ ഉറപ്പിച്ചത്. രാഹുൽ 100 പന്തിൽ ആറാം സെഞ്ചുറി തികച്ചപ്പോൾ കോലി 84 പന്തിൽ 47ാം ഏകദിന സെഞ്ചുറി തികച്ചു. ഏകദിന ക്രിക്കറ്റിൽ അതിവേഗം 13000 റൺസ് പിന്നിടുന്ന ബാറ്ററെന്ന റെക്കോർഡും കോലി സ്വന്തമാക്കി. ഫഹീം അഷ്‌റഫ് എറിഞ്ഞ അവസാന ഓവറിൽ 18 റൺസടിച്ച ഇന്ത്യക്കായി കോലി അവസാന പന്തിൽ സിക്‌സ് പറത്തിയാണ് ഇന്ത്യയെ 356 റൺസിലെത്തിച്ചത്. 33-ാം ഓവറിൽ 200 കടന്ന ഇന്ത്യ 45-ാം ഓവറിൽ 300 കടന്നു. അവസാന അഞ്ചോവറിൽ 56 റൺസടിച്ച കോലി-രാഹുൽ സഖ്യം ഇന്ത്യയെ 350 കടത്തി.

മാസങ്ങളുടെ ഇടവേളക്കുശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ കെ എൽ രാഹുലാണ് റിസർവ് ദിനത്തിൽ ഇന്ത്യൻ ആക്രമണം നയിച്ചത്. സിംഗിളുകളും ഡബിളുകളുമായി വിരാട് കോലി രാഹുലിന് മികച്ച പങ്കാളിയായി. 55 പന്തിൽ കോലി അർധസെഞ്ചുറി തികച്ചപ്പോൾ രാഹുൽ 60 പന്തിലാണ് അർധസെഞ്ചുറിയിലെത്തിയത്. ഐപിഎല്ലിനിടെ പരിക്കേറ്റ രാഹുൽ അഞ്ച് മാസത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത്. ഇതിനിടക്ക് ബോളിവുഡ് നടൻ സുനിൽ ഷെട്ടിയുടെ മകൾ അതിയ ഷെട്ടിയുമായി രാഹുലിന്റെ വിവാഹവും കഴിഞ്ഞിരുന്നു.

പരിക്കും കായികക്ഷമതയും തെളിയിച്ച് തിരിച്ചെത്തിയ രാഹുലിനെ ലോകകപ്പ് ടീമിലുൾപ്പെടുത്തിയതിനെ പലരും വിമർശിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കി രാഹുലിനെ ടീമിലെടുത്തതിനെയും മുൻ താരങ്ങൾ പലരും വിമർശിച്ചു. എന്നാൽ വിമർശകർക്കുള്ള മറുപടി പതിവുപോലെ ബാറ്റു കൊണ്ടാണ് രാഹുൽ ഇത്തവണയും നൽകിയത്. തിരിച്ചുവരവിൽ ഒരു തകർപ്പൻ ഇന്നിങ്‌സിലൂടെ. അതും പാക്കിസ്ഥാനെതിരായ നിർണായ മത്സരത്തിൽ. തിരിച്ചുവരവിൽ തന്നെ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ലോകകപ്പ് പ്ലേയിങ് ഇലവനിൽ ശ്രേയസ് അയ്യർക്കും സൂര്യകുമാർ യാദവിനും മേൽ മുൻതൂക്കം നേടിയ രാഹുൽ ഇഷാൻ കിഷനൊപ്പം ടീമിൽ തുടരുമെന്നും ഉറപ്പായി.

പുറംവേദനമൂലം റിസർവ് ദിനത്തിൽ പേസർ ഹാരിസ് റൗഫിന് പന്തെറിയാനാകാതിരുന്നത് പാക്കിസ്ഥാൻ ബൗളിംഗിനെ ബാധിച്ചു. പകരം പന്തെറിഞ്ഞ ഇഫ്തീഖർ അഹമ്മദിന്റെ അഞ്ചോവറിൽ ഇന്ത്യ 46 റൺസടിച്ചു.അവസാന ഓവറുകളിൽ പന്തെറിയാനാകാതെ നസീം ഷാ മടങ്ങിയതും പാക്കിസ്ഥാന് തിരിച്ചടിയായി. ഇന്ത്യക്ക് ഭീഷണിയാകുമെന്ന് കരുതിയ ഷഹീൻ അഫ്രീദിയെ പത്തോവറിൽ 79 റൺസടിച്ചാണ് ഇന്ത്യ കണക്കു തീർത്തത്. ഷദാബ് ഖാൻ പത്തോവറിൽ 71 രൺസും ഫഹീം അഷ്‌റഫ് പത്തോവറിൽ 74 രൺസും വഴങ്ങി.