- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പ്രേമദാസ'യിൽ ഇന്നലെ കണ്ടത് സാമ്പിൾ; ഇന്ന് ബാറ്റിങ് പൂരം; പാക് ബൗളർമാരെ അടിച്ചൊതുക്കി കോലിയും രാഹുലും; സെഞ്ചുറിക്കൊപ്പം ഏകദിനത്തിൽ 13000 റൺസ് പൂർത്തി കിങ് കോലി
കൊളംബോ: പല്ലെക്കല്ലെയിൽ ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മുൻനിരയെ വിറപ്പിച്ച പാക്കിസ്ഥാൻ പേസർമാരെയടക്കം അടിച്ചൊതുക്കി വിരാട് കോലിയും കെ.എൽ.രാഹുലും. പരുക്കു മാറി തിരിച്ചെത്തിയ കെ.എൽ.രാഹുൽ സെഞ്ചുറിയുമായി മിന്നുന്ന ഇന്നിങ്‌സ് പുറത്തെടുത്തപ്പോൾ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ സെഞ്ചുറി കൊണ്ട് ചരിത്രം കുറിക്കുകയായിരുന്നു വിരാട് കോലി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. കെ.എൽ.രാഹുൽ 106 പന്തിൽ നിന്ന് 111 റൺസും വിരാട് കോലി 94 പന്തിൽ നിന്ന് 122 റൺസും സ്‌കോർബോർഡിൽ ചേർത്തു.
പ്രേമദാസ സ്റ്റേഡിയത്തിൽ തുടർച്ചയായ നാലാം സെഞ്ചുറി കുറിച്ച വിരാട് കോലി കിങ് ഓഫ് കൊളംബോയായി മാറുന്ന കാഴ്ചയാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ഏഷ്യാ കപ്പിൽ പല്ലെക്കല്ലെയിൽ ഇന്ത്യയെ വിറപ്പിച്ച ഷഹീൻ അഫ്രീദിക്ക് പോലും കൊളംബോയിൽ ഇന്ത്യയുടെ ബാറ്റിങ് കരുത്തിന് മുന്നിൽ മറുപടിയില്ലാതായി. കോലി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലെത്തിയപ്പോൾ ശരിക്കും കിംഗായി മാറുന്ന കാഴ്ച.
പാക് പേസർമാരെല്ലാം കൊളംബോയിൽ തല്ലുവാങ്ങി. സ്റ്റാർ പേസർ ഷഹിൻ ഷാ അഫ്രീദി പത്ത് ഓവറിൽ 79 റൺസാണ് വഴങ്ങിയത്. ഫഹീൻ അഷ്‌റഫ് ആകട്ടെ പത്ത് ഓവറിൽ വഴങ്ങിയത് 74 റൺസ്. ഹാരിസ് റൗഫിന് പരിക്കേറ്റതിനെ തുടർന്ന് അഞ്ച് ഓവർ പന്തെറിഞ്ഞ ഇഫ്തിഖർ അഹമ്മതും തല്ലുവാങ്ങിക്കൂട്ടി. സ്പിന്നർ ശദാബ്ദ് ഖാനും 71 റൺസ് വഴങ്ങി.
കരിയറിലെ 47-ാംഏകദിന സെഞ്ചുറി തികച്ച കോലി 84 പന്തിലാണ് മൂന്നക്കം കടന്നത്. 55 പന്തിൽ അർധസെഞ്ചുറി തികച്ച കോലിക്ക് സെഞ്ചുറിയിലെത്താൻ പിന്നീട് വേണ്ടിവന്നത് 29 പന്തുകൾ മാത്രം. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ വിരാട് കോലിയുടെ തുടർച്ചയായ നാലാം സെഞ്ചുറിയാണിത്.
ഏകദിന ക്രിക്കറ്റിൽ 13000 റൺസ് പൂർത്തിയാക്കിയ കോലി അതിവേഗം ഈ നേട്ടത്തിലെത്തുന്ന ബാറ്ററുമായി. ഏകദിനത്തിൽ അതിവേഗം 8000, 9000, 10000, 11000, 12000 റൺസ് തികച്ച ബാറ്ററും വിരാട് കോലിയാണ്. ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഐതിഹാസിക പോരാട്ടത്തിനുശേഷം മറ്റൊരു മാസ്റ്റർ ക്ലാസ് പെർഫോർമൻസ് പുറത്തെടുത്ത കോലി 94 പന്തിൽ മൂന്ന് സിക്‌സും ഒമ്പത് ഫോറും പറത്തി 122 റൺസുമായി അപരാജിതനായാണ് ക്രീസ് വിട്ടത്.
24.1 ഓവറിൽ 147-2 എന്ന സ്‌കോറിൽ റിസർവ് ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസടിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 233 റൺസ് കൂട്ടുകെട്ടുയർത്തിയ രാഹുലും കോലിയും ചേർന്ന് പാക് ബൗളർമാരെ അടിച്ചുപറത്തി. രാഹുൽ 100 പന്തിൽ ആറാം സെഞ്ചുറി തികച്ചപ്പോൾ കോലി 84 പന്തിൽ 47ാം ഏകദിന സെഞ്ചുറി തികച്ചു.
നേരത്തേ, ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യ പാക്ക് മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെയാണ് സൂപ്പർ ഫോർ മത്സരത്തിന് റിസർവ് ഡേ ഏർപ്പെടുത്താൻ തീരുമാനിച്ചത്. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ നാളെ ശ്രീലങ്കയെയും നേരിടണം. പരുക്കു കാരണം ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ രാഹുലിനു നഷ്ടമായിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഫിറ്റ്‌നസ് വീണ്ടെടുത്ത ശേഷമാണു രാഹുൽ ശ്രീലങ്കയിലെത്തിയത്. അതേസമയം പരുക്കേറ്റ ശ്രേയസ് അയ്യർ പാക്കിസ്ഥാനെതിരെ കളിക്കുന്നില്ല.
സ്പോർട്സ് ഡെസ്ക്