കൊളംബോ: ഇന്ത്യ - പാക്കിസ്ഥാൻ മത്സരത്തിനിടെ വില്ലനായി മഴ വീണ്ടുമെത്തി. നിലവിൽ മഴ മാറിയെങ്കിലും ഔട്ട്ഫീൽഡ് നനഞ്ഞതാണ് മത്സരം തുടങ്ങാൻ വൈകുന്നത്. പാക്കിസ്ഥാൻ ബാറ്റിങ് തുടങ്ങി 11 ഓവറായപ്പോളാണ് മഴ കളി തുടങ്ങിയത്. ഇതോടെ മത്സരം നിർത്തിവച്ചു. 11 ഓവറിൽ പാക്കിസ്ഥാൻ 2 വിക്കറ്റ് നഷ്ടത്തിൽ 44 റൺസെന്ന നിലയിലാണ്. ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ റിസർവ് ദിനത്തിലെ കളിയും മഴ മുടക്കിയതോടെ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ഇന്നലെ 147-2 എന്ന സ്‌കോറിൽ ക്രീസ് വിട്ട ഇന്ത്യ റിസർവ് ദിനത്തിൽ തുടക്കത്തിൽ മഴ കൊണ്ടുപോയെങ്കിലും ഇന്നിങ്‌സ് പൂർത്തിയാക്കിയിരുന്നു. വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസടിച്ചു. മറുപടിയായി പാക്കിസ്ഥാൻ 11 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസെടുത്ത് നിൽക്കെയാണ് മഴ വീണ്ടുമെത്തിയത്.

ഇനി മത്സരം തുടരാനായില്ലെങ്കിൽ മത്സരത്തിന് ഫലമില്ലാതാവും. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം മത്സരത്തിന് ഫലമുണ്ടാകണമെങ്കിൽ കുറഞ്ഞത് 20 ഓവറെങ്കിലും പൂർത്തിയാക്കണം. പാക് ഇന്നിങ്‌സ് 11 ഓവറെ പൂർത്തിയായിട്ടുള്ളൂ എന്നതിനാൽ ഇനി മത്സരം തുടങ്ങാനായില്ലെങ്കിൽ ഫലമില്ലാതെ ഉപേക്ഷിക്കും. പോയന്റുകൾ ഇരു ടീമും തുല്യമായി പങ്കിടും. മഴ മാറി മത്സരം തുടങ്ങാനായാൽ ഓവറുകൾ വെട്ടിക്കുറക്കാനുള്ള സാധ്യതകകളുണ്ട്.

മഴ മാറി മത്സരം തുടങ്ങിയാൽ നഷ്ടമായ സമയത്തിന് അനുസരിച്ച് ഓവറുകൾ വെട്ടിക്കുറക്കും. ഓവറുകൾ വെട്ടിക്കുറച്ചാൽ 20 ഓവറിൽ 200 റൺസെന്ന വമ്പൻ ലക്ഷ്യമായിരിക്കും പാക്കിസ്ഥാന് മുന്നിലുണ്ടാകുക. 11 ഓവറിൽ 44 റൺസ് മാത്രമെടുത്തിട്ടുള്ള പാക്കിസ്ഥാന് ശേഷിക്കുന്ന ഒമ്പതോവറിൽ 156 റൺസടിക്കേണ്ടിവരും. 22 ഓവറായി ചുരുക്കിയാൽ 216 റൺസും 24 ഓവറെങ്കിൽ 230 റൺസും 26 ഓവറെങ്കിൽ 244 റൺസും പാക്കിസ്ഥാൻ അടിച്ചെടുക്കണം.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ പാക്കിസ്ഥാന് രണ്ട് വിക്കറ്റ് തുടക്കത്തിലെ നഷ്ടമായതാണ് തിരിച്ചടിയായത്. റിസർവ് ദിനത്തിൽ ഒറ്റ വിക്കറ്റ് പോലും നഷ്ഡടമാകാതെ വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 50 ഓവറിൽ 356 റൺസടിച്ചത്. വിക്കറ്റുകൾ നഷ്ടമായത് പാക്കിസ്ഥാന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനർ നിർണയിക്കുമ്പോൾ തിരിച്ചടിയാണ്.

2 വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. പരുക്കു മാറി തിരിച്ചെത്തിയ കെ.എൽ.രാഹുലും വിരാട് കോലിയും പാക്കിസ്ഥാനെതിരെ സെഞ്ചറി നേടി. കെ.എൽ.രാഹുൽ 106 പന്തിൽ നിന്ന് 111 റൺസും (നോട്ടൗട്ട്) വിരാട് കോലി 94 പന്തിൽ നിന്ന് 122 റൺസും (നോട്ടൗട്ട്) അടിച്ചുകൂട്ടി. പാക്കിസ്ഥാൻ ബൗളർമാരെ വിരാട് കോലിയും കെ.എൽ.രാഹുലും ചേർന്ന് അടിച്ചൊതുക്കുകയായിരുന്നു.

ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും ഇന്ത്യയ്ക്കായി അർധ സെഞ്ചറി നേടി. രോഹിത് 49 പന്തിൽ 56 റൺസും, ശുഭ്മൻ ഗിൽ 52 പന്തിൽ 58 റൺസും നേടി പുറത്തായി. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പാക്കിസ്ഥാനുവേണ്ടി ഓരോ വിക്കറ്റുകൾ വീഴ്‌ത്തി.