- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ചുറി കുതിപ്പുമായി കിങ് കോലിയും കെ എൽ രാഹുലും; പാക്കിസ്ഥാനെ കറക്കി വീഴ്‌ത്തി കുൽദീപ് യാദവ്; ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ ചരിത്ര ജയം; പാക്കിസ്ഥാനെതിരെ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയം; ചൊവ്വാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടും
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ 228 റൺസിന്റെ 'ഹിമാലയൻ' ജയം കുറിച്ച് ഇന്ത്യ. റിസർവ് ദിനത്തിലേക്ക് നീണ്ട മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 357 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 32 ഓവറിൽ 128 റൺസിന് ഓൾ ഔട്ടായി. എട്ടോവറിൽ 25 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക്കിസ്ഥാനെ കറക്കി വീഴ്‌ത്തിയത്. 50 പന്തിൽ 27 റൺസെടുത്ത ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 23 റൺസ് വീതമെടുത്ത അഗ സൽമാനും ഇഫ്തിഖർ അഹമ്മദും 10 റൺസെടുത്ത ബാബർ അസമും മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
പാക്കിസ്ഥാനെതിരെ റൺസിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. ഹാർദ്ദിക് പാണ്ഡ്യും ഷാർദ്ദുൽ താക്കൂറും ജസ്പ്രീത് ബുമ്രയും ഇന്ത്യക്കായി ഓരോ വിക്കറ്റ് വീഴ്‌ത്തി. പരിക്കേറ്റ ഹാരിസ് റൗഫും നസീം ഷായും പാക്കിസ്ഥാനുവേണ്ടി ബാറ്റിംഗിനിറങ്ങിയില്ല. സ്‌കോർ ഇന്ത്യ 50 ഓവറിൽ 356-2, പാക്കിസ്ഥാൻ 32 ഓവറിൽ 128ന് ഓൾ ഔട്ട്. ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച ശ്രീലങ്കയുമായി ഏറ്റുമുട്ടും.
മറുപടി ബാറ്റിങ്ങിന്റെ തുടക്കം മുതൽ പാക്കിസ്ഥാൻ പ്രതിരോധത്തിലായിരുന്നു. വിക്കറ്റുകൾ തുടക്കത്തിൽ അധികം വീണില്ലെങ്കിലും റൺ നേടാൻ പാക്ക് ബാറ്റർമാർ കഷ്ടപ്പെട്ടു. ഇമാം ഉൾ ഹഖിനെ ശുഭ്മൻ ഗില്ലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. ബാബർ അസം (24 പന്തിൽ 10), മുഹമ്മദ് റിസ്‌വാൻ (അഞ്ച് പന്തിൽ രണ്ട്) എന്നിവർ വലിയ സ്‌കോർ കണ്ടെത്താനാകാതെ പോയതും പാക്കിസ്ഥാനു തിരിച്ചടിയായി.
കുൽദീപ് യാദവ് താളം കണ്ടെത്തിയതോടെ പാക്ക് മധ്യനിര ബാറ്റർമാർ സമ്പൂർണ പരാജയമായി. ആഗ സൽമാൻ (32 പന്തിൽ 23), ഇഫ്തിക്കർ അഹമ്മദ് (35 പന്തിൽ 23), ശതാബ് ഖാൻ (10 പന്തിൽ ആറ്), ഫഹീം അഷറഫ് (നാല്), ഫഖർ സമാൻ (50 പന്തിൽ 27) എന്നിവരാണ് കുൽദീപിന്റെ പന്തുകൾ പിടികിട്ടാതെ പുറത്തായത്.
ഇന്ത്യയുടെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന് പവർപ്ലേയിലെ അഞ്ചാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ഇമാം ഉൾ ഹഖിനെ സ്ലിപ്പിൽ ശുഭ്മാൻ ഗിൽ കൈയിലൊതുക്കി. ക്രീസിലെത്തിയപാടെ രണ്ട് ബൗണ്ടറികളടിച്ച് സിറാജിനും ബുമ്രക്കുമെതിരെ ആത്മവിശ്വാസത്തോടെയാണ് പാക് നായകൻ ബാബർ അസം തുടങ്ങിയത്.എന്നാൽ ആദ്യ ബൗളിങ് മാാറ്റമായി ക്യാപ്റ്റൻ രോഹിത് ശർമ ഹാർദ്ദിക് പാണ്ഡ്യെയെ വിളിച്ചതോടെ ബാബറിന് അടിതെറ്റി.
ഹാർദ്ദിക്കിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ബാബർ ബൗൾഡായി.തൊട്ടുപിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് റിസ്വാനെതിരെ ഇന്ത്യ ആദ്യ പന്തിൽ തന്നെ ക്യാച്ചിന് റിവ്യു എടുത്തെങ്കിലും വിഡിയോ റീപ്ലേക്ക് ശേഷം ടിവി അമ്പയർ നോട്ടൗട്ട് വിധിച്ചത് പാക്കിസ്ഥാന് രക്ഷയായി. എന്നാൽ മഴ മാറി മത്സരം പുനരാരംഭിച്ചതോടെ പാക്കിസ്ഥാൻ കൂട്ടത്തകർച്ചയിലായി. റിസ്വാനെ ഷാർദ്ദുലും ഫഖറിനെ കുൽദീപും വീഴ്‌ത്തിയതോടെ പാക്കിസ്ഥാൻ പ്രതിസന്ധിയിലായി. അഗ സൽമാനും ഇഫ്തീഖർ അഹമ്മദും പൊരുതാൻ നോക്കിയെങ്കിലും കുൽദീപിന് മുന്നിൽ കറങ്ങി വീണു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിങ്ങിന് ഇറങ്ങിയില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അടിച്ചു കൂട്ടിയത് 356 റൺസ്. ഞായറാഴ്ച ക്യാപ്റ്റൻ രോഹിത് ശർമയും ശുഭ്മൻ ഗില്ലും അർധ സെഞ്ചറി പ്രകടനങ്ങളുമായി ഓപ്പണിങ് വിക്കറ്റിൽ സെഞ്ചറി കൂട്ടുകെട്ടുയർത്തിയപ്പോൾ, രണ്ടാം ദിവസത്തെ വെടിക്കെട്ട് കോലിയും കെ.എൽ.രാഹുലും ചേർന്നായിരുന്നു. ഇരുവരും പാക്കിസ്ഥാനെതിരെ സെഞ്ചറി തികച്ചു പുറത്താകാതെ നിന്നു. 94 പന്തുകൾ നേരിട്ട വിരാട് കോലി 122 റൺസാണെടുത്തത്. ഒൻപതു ഫോറും മൂന്നു സിക്‌സും താരം പറത്തി. 106 പന്തുകളിൽനിന്ന് രാഹുലിന്റെ സമ്പാദ്യം 111 റൺസ്.
പരുക്കുമാറി തിരിച്ചെത്തിയ രാഹുലിനും ബിസിസിഐയ്ക്കും ഒരുപോലെ ആശ്വാസമേകുന്നതാണു സെഞ്ചറി നേട്ടം. ഐപിഎല്ലിനിടെ പരുക്കേറ്റു മാസങ്ങളോളം പുറത്തിരുന്ന രാഹുൽ തിരിച്ചുവരവിലെ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചറി തികച്ച് ഫോം തെളിയിച്ചു. താരത്തിന് ഏഷ്യാ കപ്പ് ടീമിലേക്കും ലോകകപ്പ് ടീമിലേക്കും നേരിട്ടു പ്രവേശനം നൽകിയതിന് ബിസിസിഐയ്‌ക്കെതിരെ ഉയരുന്ന വിമർശനങ്ങളും ഇതോടെ അവസാനിക്കും. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങളിലും രാഹുൽ കളിച്ചിരുന്നില്ല. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിനു ശേഷം ദിവസങ്ങൾക്കു മുൻപാണ് താരം ശ്രീലങ്കയിലെത്തി ടീമിനൊപ്പം ചേർന്നത്.
രോഹിത് 49 പന്തിൽ 56 റൺസും, ശുഭ്മൻ ഗിൽ 52 പന്തിൽ 58 റൺസും നേടി പുറത്തായി. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പാക്കിസ്ഥാനുവേണ്ടി ഓരോ വിക്കറ്റുകൾ വീഴ്‌ത്തി. മഴയെ തുടർന്ന് ഒരു മണിക്കൂറിലേറെ വൈകിയാണ് റിസർവ് ദിവസമായ തിങ്കളാഴ്ച കളി തുടങ്ങിയത്. ഞായറാഴ്ച 24.1 ഓവറിൽ 2ന് 147 എന്ന നിലയിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു മഴ തുടങ്ങിയത്. തുടർന്ന് കളി റിസർവ് ദിവസത്തിലേക്കു മാറ്റിവയ്ക്കുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്