- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ച് വിക്കറ്റുമായി വെല്ലാലഗെ; നാല് വിക്കറ്റ് വീഴ്ത്തി അസലങ്കയും; ഇന്ത്യയെ കറക്കി വീഴ്ത്തി ശ്രീലങ്ക; ബാറ്റിങ് തകർച്ച, രോഹിതും ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കത്തിന് ശേഷം, മത്സരം മുടക്കി മഴ
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ഇന്ത്യ - ശ്രീലങ്ക മത്സരം മുടക്കി കനത്ത മഴ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്ത് നിൽക്കെയാണ് മഴ മത്സരം തടസ്സപ്പെടുത്തിയത്. ശ്രീലങ്കയ്ക്ക് എതിരായ നിർണായക മത്സരത്തിൽമികച്ച തുടക്കത്തിന് ശേഷം ഇന്ത്യ ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. 10 ഓവറിൽ 40 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ദുനിത് വെല്ലാലഗെയും ഒൻപത് ഓവറിൽ 18 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ചാരിത് അസലങ്കയുമാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
11 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസെന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നത്. 39 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 15 റൺസുമായി അക്‌സർ പട്ടേലും രണ്ട് റൺസുമായി മുഹമ്മദ് സിറാജുമാണ് ക്രീസിൽ.
ക്യാപ്റ്റൻ രോഹിത് ശർമയും ഗില്ലും ചേർന്ന് തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. 12-ാം ഓവറിൽ ഗില്ലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ട് പൊളിച്ചു. 25 പന്തിൽ നിന്ന് 19 റൺസായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റൺസ് നേടിയിരുന്നു. ഗില്ലിന് പിന്നാലെ മൂന്ന് റൺസുമായി കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി വീരൻ വിരാട് കോലിയും മടങ്ങി. 48 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 53 റൺസെടുത്ത രോഹിത്തും വെല്ലാലഗെയുടെ മുന്നിൽ വീണു. ഇന്ത്യൻ സ്‌കോർ മൂന്ന് വിക്കറ്റിന് 91 റൺസ്.
പിന്നാലെ ക്രീസിൽ ഒന്നിച്ച ഇഷാൻ കിഷൻ - കെ.എൽ രാഹുൽ സഖ്യം നാലാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്ത് ടീമിന് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ 44 പന്തിൽ നിന്ന് 39 റൺസെടുത്ത രാഹുലിനെ മടക്കി വെല്ലാലഗെ ഈ കൂട്ടുകെട്ടും പൊളിച്ചു. പ്രതിരോധിച്ച് നിന്ന കിഷൻ 61 പന്തുകൾ നേരിട്ട് 33 റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യയ്ക്കും (5) വെല്ലാലഗെയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രവീന്ദ്ര ജഡേജയാണ് (4) പുറത്തായ മറ്റൊരു താരം.ജസ്പ്രീത് ബുമ്രയെയും കുൽദീപ് യാദവിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി അസലങ്ക ഇന്ത്യയുടെ വലറ്റത്തെയും ചുരുട്ടിക്കെട്ടി.
നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ ടീമിൽ ഇടംനേടിയപ്പോൾ ശാർദുൽ താക്കൂറിന് സ്ഥാനം നഷ്ടമായി.
സ്പോർട്സ് ഡെസ്ക്