കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിനിടെ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് തികച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. ലങ്കയ്ക്കെതിരായ മത്സരത്തിൽ വ്യക്തിഗത സ്‌കോർ 22-ൽ എത്തിയപ്പോഴാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ശ്രീലങ്കക്കെതിരെ അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ രോഹിത്-ഗിൽ സഖ്യം 11 ഓവറിൽ 80 റൺസടിച്ചാണ് വേർപിരിഞ്ഞത്. ഗിൽ പതുങ്ങി കളിച്ചപ്പോൽ തകർത്തടിച്ചായിരുന്നു രോഹിത് മുന്നേറിയത്. 48 പന്തിൽ രണ്ട് സിക്‌സും ഏഴ് ഫോറും പറത്തിയ രോഹിത് ലങ്കൻ നായകൻ ദാസുൻ ഷനകയെ സിക്‌സിന് പറത്തിയാണ് അർധ സെഞ്ചുറിയിലെത്തിയത്.

ഏകദിന ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആറാമത്തെ ഇന്ത്യൻ താരവും ലോക ക്രിക്കറ്റിലെ പതിനഞ്ചാമത്തെ താരവുമായി രോഹിത്. ഏകദിനത്തിൽ അതിവേഗം 10000 റൺസ് തികക്കുന്ന രണ്ടാമത്തെ ബാറ്ററുമായി രോഹിത്. ഇതിഹാസ താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി, ബ്രയാൻ ലാറ, ക്രിസ് ഗെയ്ൽ, എസ് എസ് ധോണി, ഇന്ത്യൻ പരിശീലകൻ കൂടിയായ രാഹുൽ ദ്രാവിഡ് എന്നിവരെയാണ് രോഹിത് ഇന്ന് ബഹുദൂരം പിന്നിലാക്കിയത്.241-ാമത് ഏകദിനത്തിലാണ് രോഹിത് ഏകദിനത്തിൽ 10000 പിന്നിട്ടത്.

സച്ചിൻ(259), ഗാംഗുലി(263), പോണ്ടിങ്(266), ധോണി(273), ബ്രയാൻ ലാറ(278), ക്രിസ് ഗെയ്ൽ(282), ദ്രാവിഡ്(287), തിലകരത്‌നെ ദിൽഷൻ(293) എന്നിവരെയാാണ് റെക്കോർഡ് നേട്ടത്തിൽ ഇന്ന് രോഹിത് പിന്നിലാക്കിയത്.205 ഇന്നിങ്‌സിൽ 10000 തികച്ച വിരാട് കോലി മാത്രമാണ് രോഹിത്തിന് മുമ്പിലുള്ളത്.

ദാസുൻ ഷനകയെ സിക്‌സ് അടിച്ച് അർധസെഞ്ചുറി തികച്ചതോടെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്‌സ് അടിക്കുന്ന ബാറ്ററെന്ന റെക്കോർഡും രോഹിത് സ്വന്തമാക്കി. ഇന്ത്യക്കായി വെറും 12 ഇന്നിങ്‌സിൽ 1000 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോർഡും ഇന്നത്തെ അർധസെഞ്ചുറി കൂട്ടുകെട്ടിലൂടെ രോഹിത്തും ഗില്ലും സ്വന്തമാക്കി. 91.3 ശരാശരിയിൽ 1046 റൺസാണ് ഇതരുവരും ചേർന്ന് ഇതുവരെ നേടിയത്.