കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഫൈനലിൽ. ആവേശപ്പോരാട്ടത്തിൽ 41 റൺസിനാണ് ലങ്കയെ കീഴടക്കിയത്. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്ക - പാക്കിസ്ഥാൻ മത്സരത്തിലെ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.

46 പന്തിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 42 റൺസുമായി പുറത്താകാതെ നിന്ന കൗമാരതാരം ദുനിത് വെല്ലാലഗെയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയിലെ ടോപ് സ്‌കോറർ. 66 പന്തിൽ 41 റൺസ് എടുത്ത ധനഞ്ജയ ഡി സിൽവയുടെ പ്രകടനവും നിർണായകമായി.

9.3 ഓവറിൽ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവും 10 ഓവറിൽ 33 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്ക് മിന്നും ജയം സമ്മാനിച്ചത്. ഏഴ് ഓവറിൽ 30 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.

ആറ് വിക്കറ്റിന് 99 എന്ന സ്‌കോറിൽ പരാജയം ഉറപ്പിച്ച ലങ്കയ്ക്ക് ഏഴാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ടുയർത്തി ധനഞ്ജയ ഡിസിൽവയും ദുനിത് വെല്ലാലെഗെയും പ്രതീക്ഷ നൽകിയെങ്കിലും ധനഞ്ജയ ഡിസിൽവയെ വീഴ്‌ത്തി രവീന്ദ്ര ജഡേജയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

മഹീഷ തീക്ഷണയെ ഹാർദ്ദിക് പാണ്ഡ്യയുടെ പന്തിൽ സൂര്യകുമാർ യാദവ് പറന്നു പിടിച്ചപ്പോൾ കസുൻ രജിതയെയും മഹീഷ പതിരാനയെയും ഒരു ഓവറിൽ മടക്കി കുൽദീപ് യാദവ് ലങ്കൻ പോരാട്ടം അവസാനിപ്പിച്ചു. ബൗളിംഗിൽ അഞ്ച് വിക്കറ്റുമായി ഇന്ത്യയെ വട്ടം കറക്കിയ ദുനിത് വെല്ലാലെഗെ 46 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു. വെല്ലാലെഗെയാണ് കളിയിലെ താരം.

ഇന്ത്യ ഉയർത്തിയ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്കയെ തുടക്കത്തിലെ തകർച്ചയിക്ക് തള്ളിവിട്ട് ബുമ്രയും സിറാജും ചേർന്ന് പ്രതിരോധത്തിലാക്കിയിരുന്നു. ലങ്കൻ ഓപ്പണർ പാതും നിസങ്കയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ച ബുമ്ര പിന്നാലെ സ്ലോ ബോളിൽ കുശാൽ മെൻഡിസിനെ പകരക്കാരനായി ഇറങ്ങിയ സൂര്യകുമാർ യാദവിന്റെ കൈകളിലെത്തിിച്ച് ലങ്കക്ക് ഇരട്ടപ്രഹരമേൽപ്പിച്ചു. ഇതിന് പിന്നാലെ ദിമുത് കരുണരത്‌നെയെ സ്ലിപ്പിൽ ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ച മുഹമ്മദ് സിറാജും ആഞ്ഞടിച്ചതോടെ ലങ്ക 25-3ലേക്ക് കൂപ്പുകുത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.1 ഓവറിൽ 213 റൺസെടുത്തു പുറത്തായി. ഇന്ത്യൻ ഇന്നിങ്‌സ് അവസാനിക്കാൻ മൂന്ന് ഓവറുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മഴയെത്തി. 47 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 197 റൺസെന്ന നിലയിൽ നിൽക്കെയാണ് മഴ വില്ലനായി എത്തിയത്. തുടർന്ന് അൽപസമയത്തിനു ശേഷം മത്സരം പുനഃരാരംഭിച്ചെങ്കിലും 16 റൺസ് മാത്രമാണ് കൂട്ടിച്ചേർക്കാനായത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്കു മികച്ച തുടക്കമാണു ലഭിച്ചതെങ്കിലും, തുടർച്ചയായി വിക്കറ്റുകൾ വീഴ്‌ത്തി ശ്രീലങ്കയെ സ്പിന്നർമാർ കളിയിലേക്കു തിരിച്ചെത്തിക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യൻ മുൻനിരയെ തകർത്തത്. ചരിത് അസലങ്ക 9 ഓവറിൽ 18 റൺസ് മാത്രം നൽകി നാലു വിക്കറ്റെടുത്തു. രോഹിത് ശർമ അർധ സെഞ്ചറി നേടി. 48 പന്തുകൾ നേരിട്ട രോഹിത് 53 റൺസെടുത്തു.

80 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിത്തും ഗില്ലും ചേർന്ന് പടുത്തുയർത്തിയത്. ഗില്ലിനെ (25 പന്തിൽ 19 റൺസ്) ബോൾഡാക്കിയാണു ദുനിത് വെല്ലാലഗെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 12 പന്തുകൾ നേരിട്ട് മൂന്ന് റൺസെടുത്ത വിരാട് കോലിയെ നിലയുറപ്പിക്കും മുൻപേ ശ്രീലങ്കൻ യുവതാരം പുറത്താക്കി. ദസുൻ ശനക ക്യാച്ചെടുത്താണു കോലി മടങ്ങിയത്.

സ്‌കോർ 91 ൽ നിൽക്കെ രോഹിത്തും ദുനിതിനു മുന്നിൽ വീണതോടെ ഇന്ത്യ പ്രതിരോധത്തിലായി. തുടർന്നങ്ങോട്ട് പതുക്കെയായിരുന്നു ഇന്ത്യയുടെ സ്‌കോർ ഉയർന്നത്. കെ.എൽ. രാഹുലിന്റെയും ഇഷാൻ കിഷന്റെയും പ്രതിരോധത്തിൽ ഇന്ത്യൻ സ്‌കോർ 150 കടന്നു. 44 പന്തുകൾ നേരിട്ട രാഹുൽ 39 റൺസെടുത്തു. ദുനിതിന്റെ പന്തിൽ താരം തന്നെ ക്യാച്ചെടുത്ത് രാഹുലിനെ പുറത്താക്കി.

61 പന്തിൽ 33 റൺസെടുത്ത ഇഷാൻ കിഷനെ ചരിത് അസലങ്ക മടക്കി. ഹാർദിക് പാണ്ഡ്യയും (18 പന്തിൽ അഞ്ച്), രവീന്ദ്ര ജഡേജയും (19 പന്തിൽ നാല്) നിരാശപ്പെടുത്തി. അക്ഷർ പട്ടേൽ 36 പന്തിൽ 26 റൺസെടുത്തു. 186 റൺസിന് ഒമ്പതാം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് അവസാന വിക്കറ്റിൽ അക്‌സർ പട്ടേലും(26) മുഹമ്മദ് സിറാജും(5*) ചേർന്ന് 27 റൺസ് കൂട്ടിച്ചേർത്തത് നിർണായകമായി.