കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആവേശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കിയ ഇന്ത്യ ഫൈനൽ ബർത്ത് ഉറപ്പിച്ചു കഴിഞ്ഞു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗെടുത്ത് തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റൻ രോഹിത് ശർമ (53) ശുഭ്മാൻ (19) സഖ്യം മികച്ച തുടക്കം നൽകിയെങ്കിലും ഇന്ത്യ ഇന്ത്യ 49.1 ഓവറിൽ 213 എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ശ്രീലങ്കൻ യുവ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണക്കാരനായത്. ചരിത് അസലങ്ക നാല് വിക്കറ്റെടുത്തു.

ചെറിയ സ്‌കോറിൽ പുറത്തായെങ്കിലും ആതിഥേയരെ എറിഞ്ഞിട്ടാണ് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 41.3 ഓവറിൽ 172ന് എല്ലാവരും പുറത്താവുകയായിരുന്നു. കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ബൗളിംഗിൽ തിളങ്ങിയ വെല്ലാലഗെ തന്നെയായിരുന്നു ശ്രീലങ്കയുടെ ടോപ് സ്‌കോറർ.

മത്സരം ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഗ്യാലറിയിൽ ഇന്ത്യ - ശ്രീലങ്ക ആരാധകർ തമ്മിൽ ഏറ്റുമുട്ടിയതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ ഇന്ത്യ - ശ്രീലങ്ക ആരാധകർ തമ്മിൽ തർക്കമുണ്ടായതായാണ് സൂചന. ശ്രീലങ്കൻ ജഴ്സിയണിഞ്ഞ ഒരാൾ ഇന്ത്യൻ ആരാധകന്റെ നേരെ ചാടിവീഴുന്നത് വീഡിയോയിൽ കാണാം. പിന്നീട് ചുറ്റുമുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സൂപ്പർ ഫോറിൽ ഇന്ത്യയുടെ രണ്ടാം വിജയമായിരുന്നത്. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിക്കാനും ഇന്ത്യക്കായിരുന്നു. അവസാന മത്സരത്തിൽ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുക. ശ്രീലങ്ക - പാക്കിസ്ഥാൻ നിർണായക മത്സരവും ശേഷിക്കുന്നുണ്ട്. ഈ മത്സരത്തിൽ ജയിക്കുന്നവർ ഫൈനലിൽ പ്രവേശിക്കും. മഴ കളിച്ചാൽ ശ്രീലങ്കയാണ് ഫൈനലിലെത്തുക. നാളെ ഇതേ വേദിയിൽ തന്നെയാണ് പാക് - ശ്രീലങ്ക മത്സരം നടക്കുക.