കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്ക് എതിരായ നിർണായക മത്സരത്തിന് നാളെ ഇറങ്ങുന്ന പാക്കിസ്ഥാന് കനത്ത തിരിച്ചടി. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ പേസർ നസീം ഷാ ടൂർണമെന്റിൽ നിന്ന് പുറത്ത്. ബുധനാഴ്ച പാക്കിസ്ഥാൻ ടീം ഔദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. വലത് തോളിനാണ് നസീമിന് പരിക്കേറ്റിരിക്കുന്നത്. പകരക്കാരനായി വലംകൈയൻ പേസർ സമാൻ ഖാനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂപ്പർ ഫോറിൽ ശ്രീലങ്കയ്ക്കെതിരായ നിർണായക മത്സരത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേയാണ് നസീം പരിക്കേറ്റ് പുറത്തായിരിക്കുന്നത്. തോളിലേറ്റ പരിക്കാണ് നസീമിന് വിനയായത്. അതേസമയം ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ മറ്റൊരു പാക് താരം ഹാരിസ് റൗഫ് കായികക്ഷമത കൈവരിച്ചതായും പാക് മാനേജ്മെന്റ് അറിയിച്ചു. എന്നാൽ വ്യാഴാഴ്ച ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ റൗഫ് കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. റിസർവ് ദിനത്തിൽ അദ്ദേഹത്തിന് പന്തെറിയാൻ സാധിച്ചില്ലുന്നില്ല.

ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ റൗഫ് അഞ്ച് ഓവർ മാത്രമാണ് ബൗൾ ചെയ്തത്. നസീം ഷാ അവസാന ഓവർ പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഇത് കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് ടൂർണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നസീം ഷായെ മാറ്റിനിർത്താൻ തീരുമാനിച്ചതെന്ന് പിസിബി പ്രസ്താവനയിൽ അറിയിച്ചു.

ഓൾ റൗണ്ടർ അഗ സൽമാനും നാളെ കളിക്കില്ല. ഓപ്പണർ ഫഖർ സമാനും അവസരം നഷ്ടമായി. ഇന്ത്യക്കെതിരായ മത്സരത്തിനിടെ അഗ സൽമാനും പരിക്കേറ്റിരുന്നു. മധ്യനിര ബാറ്റർക്ക് പകരം സൗദ് ഷക്കീൽ ടീമിലെത്തി. അതേസമയം, ഫഖർ സമാന് വിനയായത് മോശം ഫോമാണ്. ഫഖറിന് പകരം മുഹമ്മദ് ഹാരിസിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

ശ്രീലങ്കയ്ക്കെതിരെ കളിക്കുന്ന പാക്കിസ്ഥാൻ ടീം: മുഹമ്മദ് ഹാരിസ്, ഇമാം ഉൽ ഹഖ്, ബാബർ അസം, മുഹമ്മദ് റിസ്വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഷഹീൻ അഫ്രീദി, മുഹമ്മദ് വസീം, സമൻ ഖാൻ.