- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടീമിൽ അഞ്ച് മാറ്റങ്ങളുമായി ഇന്ത്യ ബംഗ്ലാദേശിനെതിരെ; തിലക് വർമയ്ക്ക് അരങ്ങേറ്റം; സൂര്യകുമാറും ഷാർദ്ദൂലും ഷമിയും പ്രസിദ് കൃഷ്ണയും ടീമിൽ; ലോകകപ്പിന് മുമ്പ് പരീക്ഷണത്തിന് നീക്കം; ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു
കൊളംബൊ: ഏഷ്യാകപ്പിൽ ഫൈനൽ ബർത്ത് ഉറപ്പിച്ച ഇന്ത്യ സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ടീമിൽ അഞ്ചു മാറ്റങ്ങളുമായി ബംഗ്ലാദേശിനെതിരെ. പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫീൽഡിങ് തെരഞ്ഞെടുത്തു. ഫൈനൽ ബർത്ത് ഉറപ്പിച്ചതോടെ അഞ്ചു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ബംഗ്ലാദേശിനായി തൻസിം ഹസൻ അരങ്ങേറും. നേരത്തെ, ഫൈനൽ ഉറപ്പിച്ച ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ലോകകപ്പിന് മുമ്പ് ആയുധങ്ങൾ മൂർച്ച കൂട്ടാനുള്ള അവസരമായാണ് മത്സരത്തെ കാണുന്നത്.
യുവതാരം തിലക് വർമ്മ ഇന്ന് അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ മത്സരങ്ങളിൽ അവസരം ലഭിക്കാതെ പോയ മധ്യനിര ബാറ്റർ സൂര്യകുമാർ യാദവ്, പേസർ പ്രസിദ് കൃഷ്ണ എന്നിവർക്കൊപ്പം പേസ് ഓൾറൗണ്ടർ ഷാർദ്ദൂൽ ഠാക്കൂർ മുഹമ്മദ് ഷമി എന്നിവരും ടീമിൽ ഇടംപിടിച്ചു. സീനിയർ താരം വിരാട് കോലി, ജസ്പ്രീത് ബുമ്ര, വൈസ് ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നീ താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. രോഹിത് - ശുഭ്മാൻ സഖ്യം ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. സൂര്യകുമാർ യാദവ് മൂന്നാമത്. തിലക് വർമ നാലാമനായി ക്രീസിലെത്തും. പിന്നലെ കെ എൽ രാഹുലും ഇഷാൻ കിഷനും.
ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇന്നത്തെ മത്സരം നിർണായകമല്ല. ഇന്ത്യ നേരത്തേ ഫൈനൽ ഉറപ്പിച്ചു. ആദ്യ രണ്ട് മത്സരം തോറ്റ ബംഗ്ലാദേശ് ഫൈനൽ കാണാതെ പുറത്തായിരുന്നു. ദീർഘകാലത്തെ വിശ്രമത്തിനു ശേഷം തിരിച്ചുവന്ന ജസ്പ്രീത് ബുമ്രയെ കണ്ണിലെ കൃഷ്ണമണി പോലെ കരുതലോടെയാണ് ഇന്ത്യ കൊണ്ടു നടക്കുന്നത്. പാക്കിസ്ഥാനെതിരെ 5 ഓവറും ശ്രീലങ്കയ്‌ക്കെതിരെ 7 ഓവറും മാത്രമാണ് ക്യാപ്റ്റൻ രോഹിത് ശർമ ബുമ്രയെക്കൊണ്ട് എറിയിച്ചത്.
നേപ്പാളിനെതിരായ മത്സരത്തിൽ ബുമ്ര കളിച്ചതുമില്ല. ലങ്കയ്‌ക്കെതിരെ ബോളിങ്ങിനിടെ ബുമ്രയ്ക്ക് ഒന്നു കാലിടറിയപ്പോൾ ഇന്ത്യൻ താരങ്ങളുടെ മുഖത്തെ ആധി ഒന്നു കാണേണ്ടതായിരുന്നു! പുറംവേദന മൂലം സൂപ്പർ ഫോറിലെ 2 മത്സരങ്ങൾ നഷ്ടമായ ശ്രേയസ് അയ്യർ ഇന്നലെ നെറ്റ്‌സിൽ ബുദ്ധിമുട്ടൊന്നുമില്ലാതെ പരിശീലിച്ചത് ഇന്ത്യയ്ക്കു ശുഭസൂചനയാണ്. എന്നാൽ ശ്രേയസ്സിന് കൂടുതൽ വിശ്രമം അനുവദിക്കാനാണ് തീരുമാനം.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ബംഗ്ലാദേശ്: ലിറ്റൺ ദാസ്, തൻസിദ് ഹസൻ, അനാമുൾ ഹഖ്, ഷാക്കിബ് അൽ ഹസൻ, തൗഹിദ് ഹൃദോയ്, ഷമീം ഹുസൈൻ, മെഹ്ദി ഹസൻ മിറാസ്, നസും അഹമ്മദ്, തൻസിം ഹസൻ, മുസ്തഫിസുർ റഹ്‌മാൻ.
സ്പോർട്സ് ഡെസ്ക്