കൊളംബോ: ഏഷ്യാ കപ്പിൽ ഫൈനലുറപ്പിച്ചതോടെ ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ അഞ്ചു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. യുവതാരം തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിൽ ഇടംപിടിച്ചു. വിരാട് കോലി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര എന്നീ താരങ്ങൾക്കാണ് ഇന്ത്യ വിശ്രമം അനുവദിച്ചത്.

ടീമിലുണ്ടെങ്കിലും ഇല്ലെങ്കിലും കളിയോടുള്ള കോലിയുടെ ആവേശത്തിന് കുറവൊന്നും ഉണ്ടാകില്ലെന്ന് ബംഗ്ലാദേശിനെതിരായ മത്സരവും അടിവരയിട്ടു. ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ച ഇന്ത്യക്കായി മുഹമ്മദ് ഷമിയും ഷാർദ്ദുൽ താക്കൂറും തകർപ്പൻ പ്രകടനം പുറത്തെടുത്തപ്പോൾ ആദ്യ 22 ഓവറിൽ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് എന്ന നിലയിലാണ്.

ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ടീമിലില്ലെങ്കിലും പ്രേമദാസ സ്റ്റേഡിയത്തിൽ ആരാധകരെ തന്റെ സാന്നിദ്ധ്യത്തിലൂടെ ഇന്നും വിരാട് കോലി വിസ്മയിപ്പിച്ചിരിക്കുകയാണ്. ഡ്രിങ്ക് ഇടവേളകളിൽ സഹതാരങ്ങൾക്ക് ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയുമായി വരാറുള്ളത് ടീമിലെ ഏറ്റവും ജൂനിയർ താരങ്ങളാണെങ്കിൽ ബംഗ്ലാദേശിനെതിരെ രോഹിത്തിനും സംഘത്തിനും വെള്ളക്കുപ്പികളുമായി ഗ്രൗണ്ടിലേക്ക് ആദ്യം ഓടിയെത്തിയത് വിരാട് കോലിയായിരുന്നു.

കൂടെയുണ്ടായിരുന്ന മുഹമ്മദ് സിറാജിനെ പോലും പിന്നിലാക്കിയാണ് കോലി അതിവേഗം ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയത്.ഷാർദ്ദുൽ താക്കൂർ ബംഗ്ലാദേശ് താരം താൻ തൻസിദ് ഹസനെ പുറത്താക്കിയതിന്റെ ഇടവേളയിലായിരുന്നു കോലി ഗ്രൗണ്ടിലേക്ക് ഓടിയെത്തിയത്. ഇതാദ്യമായല്ല കോലി ടീമിന്റെ വാട്ടർ ബോയ് ആവാൻ തയാറായിട്ടിുണ്ട്.

ഏഷ്യാ കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ ശ്രീലങ്കയോട് തോറ്റിരുന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയുമാണ് ഫൈനലിൽ ഏറ്റുമുട്ടുക. സൂപ്പർ ഫോർ പോരാട്ടങ്ങളിൽ പാക്കിസ്ഥാനെ 228 റൺസിനും ശ്രീലങ്കയെ 41 റൺസിനും തകർത്താണ് ഇന്ത്യ ഫൈനലുറപ്പിച്ചത്.പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ കോലി ടോപ് സ്‌കോററുമായിരുന്നു.