കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 266 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും മധ്യനിരയുടെയും വാലറ്റത്തിന്റെയും ബാറ്റിങ് മികവിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തു. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ശാർദുൽ മൂന്നും മുഹമ്മദ് ഷമി രണ്ടും വിക്കറ്റുകൾ വീഴ്‌ത്തി.

സ്‌കോർ ബോർഡിൽ 59 റൺസ് ചേർക്കുന്നതിനിടെ തൻസിദ് ഹസൻ (13), ലിറ്റൺ ദാസ് (0), അനാമുൾ ഹഖ് (4), മെഹിദി ഹസൻ മിറാസ് (13) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ അഞ്ചാം വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്ത ഷാക്കിബ് - തൗഹിദ് ഹൃദോയ് സഖ്യമാണ് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റിയത്. ഒടുവിൽ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34-ാം ഓവറിൽ മടക്കി ശാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തിൽ നിന്ന് മൂന്ന് സിക്സും ആറ് ഫോറുമടക്കം 80 റൺസെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറർ.

തൊട്ടടുത്ത ഓവറിൽ ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി. പക്ഷേ നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് സ്‌കോർബോർഡ് ചലിപ്പിച്ചു. 81 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്.

ഹൃദോയി (54) പുറത്തായതോടെ ബംഗ്ലാദേശിനെ 220ൽ ഒതുക്കാമെന്ന് രോഹിത് ശർമ കരുതിയെങ്കിലും വാലറ്റത്ത് നാസും അഹമ്മദും(44) മെഹ്ദി ഹസനും(23 പന്തിൽ 29*), തൻസിം ഹസൻ ഷാക്കിബും(എട്ട് പന്തിൽ 14*) ചേർന്ന് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചു.

45 പന്തിൽ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 44 റൺസെടുത്ത താരം ഒടുവിൽ 48-ാം ഓവറിലാണ് പുറത്തായത്. ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തിൽ നിന്ന് 29 റൺസ്), പത്താമനായി ഇറങ്ങിയ തൻസിം ഹസൻ സാക്കിബും (8 പന്തിൽ 14) ബംഗ്ലാദേശ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി. ഇന്ത്യക്കായി താക്കൂർ 65 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ ഷമി 32 റൺസിന് രണ്ട് വിക്കറ്റെടുത്തു. പ്രസിദ്ധ് കൃഷ്ണയും അക്‌സർ പട്ടേലും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ സൂര്യകുമാർ യാദവ്, തിലക് വർമ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ശാർദുൽ താക്കൂർ എന്നിവർ ടീമിലെത്തി. തിലക് വർമ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.