കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആറ് റൺസിന്റെ തോൽവി. ബംഗ്ലാദേശ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.5 ഓവറിൽ 259 റൺസിന് ഓൾഔട്ടായി. ശുഭ്മാൻ ഗിൽ തകർപ്പൻ സെഞ്ചുറിയും അവസാന ഓവറുകളിൽ വീരോചിത ചെറുത്തുനിൽപ്പ് നടത്തിയ അക്‌സർ പട്ടേലിന്റെ തകർപ്പൻ പ്രകടനവും ജയത്തിനരികെ എത്തിച്ചെങ്കിലും ബംഗ്ലാദേശിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ ഇന്ത്യ വീണു.

133 പന്തുകൾ നേരിട്ട് അഞ്ച് സിക്സും എട്ട് ഫോറുമടക്കം 121 റൺസെടുത്ത ഗില്ലാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. അവസാന ഓവറുകൾ തകർത്തടിച്ച് പ്രതീക്ഷ സമ്മാനിച്ച അക്‌സർ 34 പന്തിൽ നിന്ന് രണ്ട് സിക്സും മൂന്ന് ഫോറുമടക്കം 42 റൺസെടുത്തു. ആറാം നമ്പറിലിറങ്ങി 26 റൺസെടുത്ത സൂര്യകുമാർ യാദവാണ് ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോറർ. ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്‌മാൻ മൂന്നും തൻസിം ഹസൻ, മഹെദി ഹസൻ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്‌ത്തി.

2012നുശേഷം ആദ്യമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പിൽ ഇന്ത്യയെ തോൽപ്പിക്കുന്നത്. തോറ്റെങ്കിലും ഇന്ത്യ നേരത്തെ ഫൈനൽ ഉറപ്പിച്ചിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികൾ. സ്‌കോർ ബംഗ്ലാദേശ് 50 ഓവറിൽ 265-8, ഇന്ത്യ 49.5 ഓവറിൽ 259ന് ഓൾ ഔട്ട്.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ നിന്ന് അഞ്ച് മാറ്റങ്ങളുമായി ഇറങ്ങിയപ്പോൾ ഇന്ത്യയുടെ ടോപ് ഓർഡറിൽ എത്തിയത് നാലു മുംബൈ ഇന്ത്യൻസ് താരങ്ങളായിരുന്നു. എന്നാൽ നായകൻ രോഹിതിനും ഇഷാൻ കിഷനും പുറമെ ഏഷ്യാകപ്പിൽ അരങ്ങേറ്റം കുറിച്ച തിലക് വർമ്മയ്ക്കും ടീമിൽ ആദ്യ അവസരം ലഭിച്ച സൂര്യകുമാറിനും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

ബംഗ്ലാദേശ് ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമയെ (0) നഷ്ടമായി. പിന്നാലെ അരങ്ങേറ്റക്കാരൻ തിലക് വർമയും (5) മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പിഴച്ചു.

മൂന്നാം വിക്കറ്റിൽ ശ്രദ്ധയോടെ കളിച്ച ശുഭ്മാൻ ഗിൽ - കെ.എൽ രാഹുൽ സഖ്യം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷ കൈവന്നു. എന്നാൽ 18-ാം ഓവറിൽ മഹെദി ഹസന്റെ പന്തിൽ രാഹുലിന് പിഴച്ചു. ഇൻഫീൽഡ് ക്ലിയർ ചെയ്യാനുള്ള താരത്തിന്റെ ശ്രമം ഷമിം ഹുസൈന്റെ കൈകളിൽ അവസാനിച്ചു. 39 പന്തിൽ നിന്ന് രണ്ട് ബൗണ്ടറിയടക്കം 19 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. പിന്നാലെ ഇഷാൻ കിഷനും (5) നിരാശപ്പെടുത്തിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ആറാമൻ സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് ഗിൽ സ്‌കോർബോർഡ് ചലിപ്പിച്ചു. 34 പന്തിൽ നിന്ന് 26 റൺസെടുത്ത സൂര്യയെ 33-ാം ഓവറിൽ ഷാക്കിബ് അൽ ഹസൻ പുറത്താക്കി. പിന്നാലെ കാര്യമായ സംഭാവനയില്ലാതെ രവീന്ദ്ര ജഡേജയും (7) മടങ്ങി. സ്‌കോർ 200 കടന്നതിനു പിന്നാലെ ഗില്ലിനെയും ഇന്ത്യയ്ക്ക് നഷ്ടമായി.

എട്ടാം വിക്കറ്റിൽ 40 റൺസ് ചേർത്ത അക്‌സർ - ശാർദുൽ താക്കൂർ സഖ്യം വീണ്ടും പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ 49-ാം ഓവറിൽ താക്കൂറിനെയും (11), അക്ഷരിനെയും പുറത്താക്കി മുസ്തഫിസുർ കളി ബംഗ്ലാദേശിന് അനുകൂലമാക്കുകയായിരുന്നു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മധ്യനിരയുടെയും വാലറ്റത്തിന്റെയും ബാറ്റിങ് മികവിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്തിരുന്നു. ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, തൗഹിദ് ഹൃദോയ്, നസും അഹമ്മദ് എന്നിവരുടെ ഇന്നിങ്‌സുകളാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

സ്‌കോർ ബോർഡിൽ 59 റൺസ് ചേർക്കുന്നതിനിടെ തൻസിദ് ഹസൻ (13), ലിറ്റൺ ദാസ് (0), അനാമുൾ ഹഖ് (4), മെഹിദി ഹസൻ മിറാസ് (13) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി തകർച്ചയുടെ വക്കിലായിരുന്നു ബംഗ്ലാദേശ്. എന്നാൽ അഞ്ചാം വിക്കറ്റിൽ 101 റൺസ് കൂട്ടിച്ചേർത്ത ഷാക്കിബ് - തൗഹിദ് ഹൃദോയ് സഖ്യമാണ് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റിയത്. ഒടുവിൽ സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന ഷാക്കിബിനെ 34-ാം ഓവറിൽ മടക്കി ശാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 85 പന്തിൽ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 80 റൺസെടുത്ത ഷാക്കിബാണ് ടീമിന്റെ ടോപ് സ്‌കോറർ. തൊട്ടടുത്ത ഓവറിൽ ഷമിം ഹുസൈനെ (1) മടക്കി ജഡേജ ബംഗ്ലാദേശിനെ പ്രതിരോധത്തിലാക്കി.

പക്ഷേ നസും അഹമ്മദിനെ കൂട്ടുപിടിച്ച് ഹൃദോയ് സ്‌കോർബോർഡ് ചലിപ്പിച്ചു. 81 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 54 റൺസെടുത്താണ് ആറാമനായി ക്രീസിലെത്തിയ ഹൃദോയ് പുറത്തായത്. എട്ടാമനായി ഇറങ്ങിയ നസും അഹമ്മദും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 45 പന്തിൽ നിന്ന് ഒരു സിക്‌സും ആറ് ഫോറുമടക്കം 44 റൺസെടുത്ത താരം ഒടുവിൽ 48-ാം ഓവറിലാണ് പുറത്തായത്. ഒമ്പതാമനായി ഇറങ്ങിയ മഹെദി ഹസനും (23 പന്തിൽ നിന്ന് 29 റൺസ്), പത്താമനായി ഇറങ്ങിയ തൻസിം ഹസൻ സാക്കിബും (8 പന്തിൽ 14) ബംഗ്ലാദേശ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നൽകി.

നേരത്തേ ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. വിരാട് കോലി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ സൂര്യകുമാർ യാദവ്, തിലക് വർമ, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ, ശാർദുൽ താക്കൂർ എന്നിവർ ടീമിലെത്തി. തിലക് വർമ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.