കൊളംബോ: ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നേരിടാനിറങ്ങുന്ന ഇന്ത്യക്ക് പരിക്കേറ്റ ഓൾറൗണ്ടർ അക്‌സർ പട്ടേലിന്റെ സേവനം നഷ്ടമാകും. ബംഗ്ലാദേശിനെതിരായ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ ബാറ്റിംഗിനിടെ പരിക്കേറ്റ അക്‌സർ പട്ടേലിനെ നാളെ ശ്രീലങ്കക്കെതിരായ ഫൈനലിൽ കളിപ്പിക്കില്ല. അക്‌സറിന് പകരം ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറെ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിനുള്ള ടീമിലുൾപ്പെടുത്തി.

ബെംഗലൂരുവിലായിരുന്ന സുന്ദർ ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. ഏഷ്യാ കപ്പ് ഫൈനലിന് ശേഷം ഏഷ്യൻ ഗെയിംസിനുള്ള ടീമിനൊപ്പം സുന്ദർ ചൈനയിലേക്ക് പോകും. അക്‌സറിന്റെ തുടയിലെ പേശികൾക്കേറ്റ പരിക്ക് സാരമുള്ളതല്ലെന്നും മുൻകരുതലെന്ന നിലയിലാണ് വിശ്രമം അനുവദിക്കുന്നതെന്നുമാണ് റിപ്പോർട്ട്. ഏകകദിന ലോകകപ്പിനുള്ള 15 അംഗ ടീമിലും അക്‌സർ ഇടം നേടിയിട്ടുണ്ട്.

ബംഗ്ലാദേശിനെതിരെ തുടക്കത്തിൽ തകർന്നടിഞ്ഞ ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകിയത് ശുഭ്മാൻ ഗില്ലിന്റെ സെഞ്ചുറിയും എട്ടാമനായി ക്രീസിലെത്തിയ അക്‌സറിന്റെ ബാറ്റിംഗുമായിരുന്നു. 34 പന്തിൽ 42 റൺസെടുത്ത അക്‌സർ 49-ാം ഓവറിൽ പുറത്തായതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമായത്. അക്‌സർ പുറത്താവുമ്പോൾ ഇന്ത്യക്ക് അവസാന ഓവറിൽ ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്നത്.

ശുഭ്മാൻ ഗില്ലിനൊപ്പം 40 റൺസിന്റെയും ഷാർദ്ദുൽ ഠാക്കൂറിനൊപ്പം 40 റൺസിന്റെയും കൂട്ടുകെട്ടുയർത്തിയാണ് അക്‌സർ ഇന്ത്യക്ക് ഇന്നലെ വിജയപ്രതീക്ഷ നൽകിയത്.

ഇടം കൈയൻ ബാറ്ററും വലം കൈയൻ സ്പിന്നറുമായ 23 കാരനായ സുന്ദർ ജനുവരിയിൽ ന്യൂസിലൻഡിനെതിരെ ആണ് ഇന്ത്യക്കായി അവസാനം കളിച്ചത്. ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിലും അക്‌സർ ഇടം നേടിയിരുന്നു. ഫൈനലിൽ അന്തിമ ഇലവനിലെത്തിയാൽ ലങ്കയുടെ ഇടം കൈയൻ ബാറ്റർമാരെ വെള്ളം കുടിപ്പിക്കാൻ സുന്ദറിന്റെ ഓഫ് സ്പിന്നിനാകുമെന്നാണ് കരുതുന്നത്.