പാക്കിസ്ഥാനെതിരായ മത്സരം ജയിച്ച ടീമിൽ ശ്രീലങ്കയും ഒരു മാറ്റം വരുത്തി. പരിക്കുമൂലം പുറത്തായ മഹീഷ തീക്ഷണക്ക് പകരം ടീമിലെത്തി. ഏഷ്യാ കപ്പിൽ എട്ടാം കിരീടം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ നിർണായക ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ അവസാന മത്സരം കളിച്ച ടീമിൽ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ ഇറങ്ങുന്നത്. മത്സരത്തിന് മഴ ഭീഷണി ഉയർത്തുന്നുണ്ട്.

ബംഗ്ലാദേശിനെതിരെ കളിച്ച ടീമിൽ നിന്ന് തിലക് വർമ, സൂര്യകുമാർ യാദവ്, ഷാർദ്ദുൽ താക്കൂർ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ എന്നിവർ പുറത്തായപ്പോൾ വിരാട് കോലി, ഹാർദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർക്കൊപ്പം വാഷിങ്ടൺ സുന്ദറും പ്ലേയിങ് ഇലവനിൽ എത്തി.

പാക്കിസ്ഥാനെതിരായ മത്സരം ജയിച്ച ടീമിൽ ശ്രീലങ്കയും ഒരു മാറ്റം വരുത്തി. പരിക്കുമൂലം പുറത്തായ മഹീഷ തീഷ്ണക്ക് പകരം ദുഷൻ ഹേമന്ത പ്ലേയിങ് ഇലവനിലെത്തി. ഏഷ്യാ കപ്പിൽ എട്ടാം കിരീടം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ഏഷ്യാ കപ്പിൽ ഏഴാം കിരീടം നേടി ഇന്ത്യക്കൊപ്പമെത്താനാണ് ശ്രീലങ്ക ഇറങ്ങുന്നത്.

മുമ്പ് എട്ടുതവണ മുഖാമുഖം വന്നപ്പോൾ അഞ്ചുതവണ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും മൂന്നുതവണ കപ്പുയർത്തിയതിന്റെ കരുത്തിൽ ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ ആവേശത്തിലാണ് ആരാധകർ.

അഞ്ച് വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിക്കുന്നത്. അന്ന് രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ഏഷ്യകപ്പിൽ മുത്തമിട്ടത്. ഇത്തവണയും മുന്നിൽ ഏഷ്യാകപ്പ് തന്നെ. സൂപ്പർഫോറിൽ ഇന്ത്യയും ശ്രീലങ്കയും രണ്ടുവീതം മത്സരങ്ങൾ ജയിച്ചാണ് ഫൈനൽപോരാട്ടത്തിന് അർഹത നേടിയത്.

ഇന്ത്യ പാക്കിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയപ്പോൾ നിലവിലെ ജേതാക്കളായ ശ്രീലങ്ക ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ചു. അവസാനകളിയിൽ പാക്കിസ്ഥാനെതിരേ ത്രില്ലർ ജയം നേടിയാണ് ആതിഥേയരായ ലങ്ക കിരീടപോരാട്ടത്തിന് ഒരുങ്ങിയത്. ഇന്ത്യയാകട്ടെ, ബംഗ്ലാദേശിനോട് കീഴടങ്ങി. എന്നാൽ അഞ്ച് പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളിച്ചത്.

ടീം ഇന്ത്യ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്
ടീം ശ്രീലങ്ക: പാത്തും നിസ്സങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, ദാസുൻ ശനക, ദുനിത് വെല്ലലെഗ, ദുഷാൻ ഹേമന്ത, പ്രമോദ് മധുഷൻ, മതീഷ പതിരണ