- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊളംബോയിൽ മഴയല്ല, വിക്കറ്റുമഴ! കൊടുങ്കാറ്റായി മുഹമ്മദ് സിറാജ്; ശ്രീലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; 12 റൺസിനിടെ നഷ്ടമായത് ആറ് വിക്കറ്റുകൾ; ഏഷ്യാകപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റുമായി സിറാജിന്റെ മിന്നലാക്രണം
കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 12 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി. പേസർ മുഹമ്മദ് സിറാജിനാണ് അഞ്ചു വിക്കറ്റും. സിറാജ് എറിഞ്ഞ ആദ്യ 15 പന്തുകളിൽ തന്നെ 5 വിക്കറ്റുകൾ വീണു. മത്സരം പത്ത് ഓവറുകൾ പിന്നിടുമ്പോൾ 6 വിക്കറ്റിന് 31 റൺസെന്ന നിലയിലാണ് ശ്രീലങ്ക.
പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസിൽവ (രണ്ടു പന്തിൽ നാല്), ക്യാപ്റ്റൻ ദസുൻ ശനക (പൂജ്യം) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്. കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.
മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനൽ ദിനം പേസർമാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകൾ മെയ്ഡനായിരുന്നു. ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്ന സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തി.
പരുക്കേറ്റ അക്ഷർ പട്ടേലിനു പകരം വാഷിങ്ടൻ സുന്ദർ ഇന്ത്യയ്ക്കായി കളിക്കുന്നു. പരുക്കേറ്റ മഹീഷ് തീക്ഷണ ലങ്കൻ നിരയിലില്ല. പകരം സ്പിന്നർ ദുഷൻ ഹേമന്ദ കളിക്കും.
എട്ടാം ഏഷ്യാ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. എന്നാൽ ഏഴാം കിരീടമാണ് ലങ്കയുടെ മോഹം. മുമ്പ് എട്ടുതവണ മുഖാമുഖം വന്നപ്പോൾ അഞ്ചുതവണ കിരീടം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയും മൂന്നുതവണ കപ്പുയർത്തിയതിന്റെ കരുത്തിൽ ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ ആവേശത്തിലാണ് ആരാധകർ.
അഞ്ച് വർഷത്തെ കിരീടവരൾച്ചക്ക് വിരാമമിടാനാണ് ഇന്ത്യ ഇറങ്ങുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിക്കുന്നത്. അന്ന് രോഹിത് ശർമയുടെ നേതൃത്വത്തിൽ ഏഷ്യകപ്പിലാണ് മുത്തമിട്ടത്. ഇത്തവണയും മുന്നിൽ ഏഷ്യാകപ്പ് തന്നെ. സൂപ്പർഫോറിൽ ഇന്ത്യയും ശ്രീലങ്കയും രണ്ടുവീതം മത്സരങ്ങൾ ജയിച്ചാണ് ഫൈനൽപോരാട്ടത്തിന് അർഹത നേടിയത്.
ഇന്ത്യ പാക്കിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയപ്പോൾ നിലവിലെ ജേതാക്കളായ ശ്രീലങ്ക ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും തോൽപ്പിച്ചു. അവസാനകളിയിൽ പാക്കിസ്ഥാനെതിരേ ത്രില്ലർ ജയം നേടിയാണ് ആതിഥേയരായ ലങ്ക കിരീടപോരാട്ടത്തിന് ഒരുങ്ങിയത്. ഇന്ത്യയാകട്ടെ, ബംഗ്ലാദേശിനോട് കീഴടങ്ങി. എന്നാൽ അഞ്ച് പ്രധാനതാരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളിച്ചത്.
സ്പോർട്സ് ഡെസ്ക്