- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതിർന്ന താരങ്ങളുടെ മോശം പ്രകടനത്തെ വിമർശിച്ച് ബാബർ അസം; നന്നായി കളിച്ചവരെ കുറ്റപ്പെടുത്തരുതെന്ന് ഷഹീൻ അഫ്രീദി; ശ്രീലങ്കയോട് തോറ്റ് പുറത്തായതിന് പിന്നാലെ പാക് ഡ്രസ്സിങ് റൂമിൽ വാക്പോര്; പരിക്കും തിരിച്ചടി
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ഇന്ത്യയോടും ശ്രീലങ്കയോടും പരാജയപ്പെട്ട് ഫൈനൽ കാണാതെ പുറത്തായതിന് പിന്നാലെ പാക്കിസ്ഥാൻ ടീമിൽ ഭിന്നത രൂക്ഷമാകുന്നു. നായകൻ ബാബർ അസമിന്റെ നിലപാടുകളിൽ പാക്കിസ്ഥാൻ താരങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ശ്രീലങ്കയോടു തോറ്റതിനു പിന്നാലെ പാക്കിസ്ഥാൻ ടീം ക്യാംപിൽ താരങ്ങൾ തമ്മിൽ തർക്കിച്ചതായി ഒരു പാക് മാധ്യമം റിപ്പോർട്ട് ചെയ്തു.
പാക് ക്യാപ്റ്റൻ ബാബർ അസമും യുവപേസർ ഷഹീൻ ഷാ അഫ്രീദിയും തമ്മിലാണു തർക്കമുണ്ടായത്. ശ്രീലങ്കയ്‌ക്കെതിരായ കളിക്കു ശേഷം നടന്ന ടീം മീറ്റിങ്ങിൽ മുതിർന്ന താരങ്ങളുടെ മോശം പ്രകടനത്തെ ബാബർ അസം രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ബാബർ സംസാരിക്കുമ്പോൾ ഇടപെട്ട ഷഹീൻ അഫ്രീദി പൊതുവായി വിമർശനം ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടു. നന്നായി കളിച്ച താരങ്ങളെ കുറ്റപ്പെടുത്തരുതെന്നും അഫ്രീദി ആവശ്യപ്പെട്ടു.
മോശം പ്രകടനത്തിന്റെ പേരിൽ കളിക്കാരെ കുറ്റപെടുത്തുന്നതിനിടെ നന്നായി ബാറ്റ് ചെയ്തവരെയും ബൗൾ ചെയ്തവരെയും പറ്റിയും പറയാൻ ഷഹീൻ ബാബറിനോട് ആവശ്യപെട്ടു. ആരൊക്കെ നന്നായി കളിച്ചുവെന്ന് തനിക്ക് അറിയാമെന്നായിരുന്നു ബാബറിന്റെ മറുപടി. വാക്കുതർക്കം കടുത്തപ്പോൾ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഇടപെട്ട് രംഗം ശാന്തമാക്കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.
എന്നാൽ ഇത് ഇഷ്ടപ്പെടാതിരുന്ന ബാബർ അസം ആരൊക്കെ കളിച്ചെന്നും കളിച്ചില്ലെന്നും തനിക്ക് അറിയാമെന്ന മറുപടിയാണു നൽകിയത്. തോൽവിക്കു ശേഷം വാർത്താ സമ്മേളനത്തിനു പോകുമ്പോഴും ഹോട്ടലിലേക്കു മടങ്ങുമ്പോഴും ബാബർ സഹതാരങ്ങളോട് ഒരു വാക്കുപോലും മിണ്ടിയില്ലെന്നാണു വിവരം.
മത്സരത്തിനു ശേഷം തന്നോടു സംസാരിക്കാൻ മകൻ ബുദ്ധിമുട്ടിയതായി ബാബറിന്റെ പിതാവ് അസം സിദ്ദിഖ് പ്രതികരിച്ചു. പാക്കിസ്ഥാനെ രണ്ടു വിക്കറ്റിനു തോൽപിച്ചാണ് ശ്രീലങ്ക ഏഷ്യാ കപ്പ് ഫൈനലിൽ കടന്നത്. സൂപ്പർ ഫോറിൽ ഇന്ത്യയോടു വൻ മാർജിനിൽ തോറ്റതും പാക്കിസ്ഥാനു തിരിച്ചടിയായി. സൂപ്പർ ഫോർ പോയിന്റ്‌സ് ടേബിളിൽ ബംഗ്ലാദേശിനും പിന്നിൽ നാലാം സ്ഥാനക്കാരാണ് പാക്കിസ്ഥാൻ.
ബാബർ അസമും ടീമിന്റെ ബൗളിങ് കുന്തമുനയായ ഷഹീൻ ഷാ അഫ്രീദിയും തമ്മിൽ വാക് പോരിലേർപ്പെട്ടുവെന്ന വിവാദത്തിൽ മുൻ പാക് പേസർ ഷൊയൈബ് അക്തർ പ്രതികരിച്ചിരുന്നു. എന്നാൽ ഇത്തരം തർക്കങ്ങളൊക്കെ ഡ്രസ്സിങ് റൂമിൽ കളിക്കാർക്കിടയിൽ സ്വാഭാവികമാണെന്ന് അക്തർ സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡ്രസ്സിങ് റൂമിൽ കളിക്കാർ തമ്മിൽ പല വാദ പ്രതിവാദങ്ങളും നടത്തും. അത് ഇന്ത്യൻ ടീമായാലും പാക്കിസ്ഥാൻ ടീമായാലും അങ്ങനെ തന്നൊണ്. ഛക് ദേ ഇന്ത്യ എന്ന സിനിമയിൽ പോലും അത് കാണിക്കുന്നുണ്ട്.
പക്ഷെ ഡ്രസ്സിങ് റൂമിൽ മാത്രം ഒതുങ്ങേണ്ട ഇത്തരം ചർച്ചകളുടെ ദൃശ്യങ്ങൾ പുറത്തേക്ക് വിടുന്നത് ടീമിലെ തന്നെ ചില കളിക്കാരാണെന്നും അതിന് അവരെ അനുവദിക്കുന്ന ചില മാനേജർമാരെയാണ് പറയേണ്ടതെന്നും അക്തർ പറഞ്ഞു. ആരാധകർക്കിടയിൽ ആശയക്കുഴപ്പവും ആശങ്കയും ഉണ്ടാക്കാനെ ഇത്തരം കാര്യങ്ങൾ പുറത്തുവിടുന്നത് വഴി കഴിയുവെന്നും അക്തർ പറഞ്ഞു.
ലോകകകപ്പിന് മുമ്പ് പാക്കിസ്ഥാൻ ടീമും ക്യാപ്റ്റൻ ബാബർ അസമും നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. പേസ് ബൗളർമാരുടെ പരിക്കാണ് അതിൽ പ്രധാനം.ലോകകപ്പിൽ 10 ഓവർ തികച്ചെറിയാൻ കഴിയുന്ന ബൗളർമാർ വേണം. നസീം ഷാക്ക് പരിക്കേറ്റു. ഹാരിസ് റൗഫിന്റെ കാര്യം എന്തായെന്ന് അറിയില്ല. അതുപോലെ ലോകകപ്പിന് മുമ്പ് പരിഹിക്കേണ്ടതായ നിരവധി പ്രശ്‌നങ്ങളുണ്ട് പാക്കിസ്ഥാന്റെ മുന്നിൽ. ലോകകപ്പിൽ പാക്കിസ്ഥാന് മികച്ച പ്രകടനം നടത്താനായില്ലെങ്കിൽ ബാബറിന് ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടിവരുമെന്നും അക്തർ മുന്നറിയിപ്പ് നൽകി.
ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോട് മാത്രമാണ് പാക്കിസ്ഥാന് ജയിക്കാനായത്. ഇന്ത്യ, ശ്രീലങ്ക എന്നിവരോട് ബാബർ അസമും സംഘവും പരാജയപ്പെടുകയായിരുന്നു. ലോകകപ്പിന് മുന്നോടിയായി പാക്കിസ്ഥാന് ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ടൂർണമെന്റായിരുന്നു ഏഷ്യാ കപ്പ്. എന്നാൽ ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. മാത്രമല്ല പ്രധാന പേസർമാരായ നസീം ഷാ, ഹാരിസ് റൗഫ് എന്നിവർക്ക് പരിക്കേറ്റത് തിരിച്ചടിയാവുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്