- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഴക്ക് പിന്നാലെ പേസ് കൊടുങ്കാറ്റായി ആഞ്ഞടിച്ച് സിറാജ്; 21 റൺസിന് ആറ് വിക്കറ്റ്; മൂന്ന് വിക്കറ്റുമായി ഹാർദ്ദിക്; ഇന്ത്യൻ പേസർമാർക്ക് മുന്നിൽ ചീട്ടുകൊട്ടാരമായി തകർന്നടിഞ്ഞ് ശ്രീലങ്ക; ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്ക് 51 റൺസ് വിജയലക്ഷ്യം
കൊളംബോ: പേസ് കൊടുങ്കാറ്റായി ആഞ്ഞടിച്ച മുഹമ്മദ് സിറാജിനു മുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിങ് നിര. ഏഷ്യാകപ്പ് ഫൈലനലിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 51 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറിൽ 50 റൺസുമായി കൂടാരം കയറി. 17 റൺസെടുത്ത കുശാൽ മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദുഷൻ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.
ഇന്ത്യയ്ക്കായി പേസർ മുഹമ്മദ് സിറാജ് വീഴ്‌ത്തിയത് ആറു വിക്കറ്റുകൾ. പതും നിസംഗ (നാല് പന്തിൽ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസിൽവ (രണ്ടു പന്തിൽ നാല്), ക്യാപ്റ്റൻ ദസുൻ ശനക (പൂജ്യം), കുശാൽ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജിന്റെ പന്തുകളിൽ പുറത്തായത്. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രിത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.
പവർ പ്ലേയിൽ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റൺനേടാൻ ലങ്കൻ താരങ്ങൾക്കു സാധിച്ചില്ല. ഈ അഞ്ച് ഓവറുകളിൽനിന്ന് താരം വീഴ്‌ത്തിയത് അഞ്ചു വിക്കറ്റുകൾ. വഴങ്ങിയത് ഒരു ബൗണ്ടറി മാത്രം. കുശാൽ പെരേരയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും നേടി.
മൂന്ന് മണിക്കു തുടങ്ങേണ്ട മത്സരം മഴ കാരണം 3.45 ഓടെയാണ് ആരംഭിക്കാൻ സാധിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ സ്പിന്നിനെ പിന്തുണച്ചിരുന്ന പിച്ച്, ഫൈനൽ ദിനം പേസർമാരുടെ ഭാഗത്തേക്കു കൂറുമാറി. സിറാജിന്റെയും ബുമ്രയുടേയും ഓരോ ഓവറുകൾ മെയ്ഡനായിരുന്നു.
ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ മൂന്നാം പന്തിൽ തന്നെ കുശാൽ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. രണ്ടാം ഓവർ എറിയാനെത്തിയ സിറാജ് റൺസൊന്നും വിട്ടുകൊടുത്തില്ല. മൂന്നാം ഓവറിൽ ഒരു റൺ മാത്രമാണ് വന്നത്.
പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവർ. ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ റൺസൊന്നുമില്ല. മൂന്നാം പന്തിൽ സദീര സമരവിക്രമ (0) വിക്കറ്റിന് മുന്നിൽ കുടുങ്ങി. തൊട്ടടുത്ത പന്തിൽ ചരിത് അസലങ്ക (0) ഇഷാൻ കിഷന് ക്യാച്ച് നൽകി. അടുത്ത പന്തിൽ ധനഞ്ജയ ഡിസിൽവ ബൗണ്ടറി നേടി. അവസാന പന്തിൽ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു.
അടുത്ത ഓവറിൽ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറിൽ ദസുൻ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. തന്റെ ആറാം ഓവറിൽ മെൻഡിസിനെ പുറത്താക്കി ആറാം വിക്കറ്റും നേടി. ദുനിത് വെല്ലാലഗെ (8), പ്രമോദ് മദുഷൻ (1), മതീഷ പതിനാന (0) എന്നിവരെ ഹാർദിക്കും മടക്കി.
ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്ന സീനിയർ താരങ്ങൾ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തി. പരുക്കേറ്റ അക്ഷർ പട്ടേലിനു പകരം വാഷിങ്ടൻ സുന്ദർ ഇന്ത്യയ്ക്കായി കളിക്കുന്നു. പരുക്കേറ്റ മഹീഷ് തീക്ഷണ ലങ്കൻ നിരയിലില്ല. പകരം സ്പിന്നർ ദുഷൻ ഹേമന്ദ കളിക്കും.
ഇന്ത്യ പ്ലേയിങ് ഇലവൻ രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ശ്രീലങ്ക പ്ലേയിങ് ഇലവൻ പതും നിസംഗ, കുശാൽ പെരേര, കുശാൽ മെൻഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡിസിൽവ, ദസുൻ ശനക (ക്യാപ്റ്റൻ), ദുനിത് വെല്ലാലഗെ, ദുഷൻ ഹേമന്ദ, പ്രമോദ് മദുഷൻ, മതീഷ പതിരാനെ.
സ്പോർട്സ് ഡെസ്ക്