- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിന് മുമ്പ് ലങ്കാദഹനം! ചരിത്രജയത്തോടെ ഏഷ്യാകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ; കൊളംബോയിൽ ലങ്കയെ തകർത്തത് പത്ത് വിക്കറ്റിന്; 51 റൺസ് വിജയലക്ഷ്യം മറികടന്നത് മുപ്പത്തിയേഴ് പന്തിൽ; ആറ് വിക്കറ്റ് നേട്ടത്തോടെ സിറാജ് വിജയശിൽപി
കൊളംബൊ: ശ്രീലങ്കയെ പത്ത് വിക്കറ്റിന് കീഴടക്കി ചരിത്രജയത്തോടെ ഏഷ്യയുടെ രാജാക്കന്മാരായി ടീം ഇന്ത്യ. ഏഷ്യാകപ്പ് ഫൈനലിൽ ലങ്ക ഉയർത്തിയ 51 റൺസ് വിജയലക്ഷ്യം ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ മുപ്പത്തിയേഴ് പന്തിൽ അനായാസം മറികടന്നു. ഓപ്പണർമാരായ ഇഷാൻ കിഷനും (23) ശുഭ്മാൻ ഗില്ലും (27) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടമാണിത്. അഞ്ചു വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂർണമെന്റിൽ വിജയിക്കുന്നത്.
ടോസ് നേടി ബാറ്റിംഗിനെത്തിയ ആതിഥേയരെ 15.2 ഓവറിൽ 50ന് ഇന്ത്യ പുറത്താക്കി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ 6.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യം മറികടന്നു. കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ഇന്ത്യക്ക് ഗംഭീര തുടക്കം ലഭിച്ചു. അധികം സമയം പാഴാക്കാതെ ഇന്ത്യ വിജയം പൂർത്തിയാക്കുകയായിരുന്നു. ഗിൽ ആറ് ഫോർ നേടി. കിഷന്റെ അക്കൗണ്ടിൽ മൂന്ന് ബൗണ്ടറികളുണ്ടായിരുന്നു.
നേരത്തെ, ടോസിന് ശേഷം മഴയെത്തിയതോടെ വൈകിയാണ് മത്സരം ആരംഭിച്ചത്. എന്നാൽ മൂന്നാം പന്തിൽ തന്നെ കുശാൽ പെരേരയെ (0) പുറത്താക്കി ബുമ്ര തുടങ്ങി. അവിടെയായിരുന്നു ലങ്കയുടെ തകർച്ചയുടെ തുടക്കവും. രണ്ടാം ഓവർ എറിയാനെത്തിയ സിറാജ് റൺസൊന്നും വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ വലിയൊരു സൂചനയും നൽകി. ബുമ്രയെറിഞ്ഞ മൂന്നാം ഓവറിൽ ഒരു റൺ മാത്രമാണ് വന്നത്.
പിന്നീടായിരുന്നു സിറാജിന്റെ അത്ഭുത ഓവർ. ആദ്യ പന്തിൽ തന്നെ പതും നിസ്സങ്കയെ (2) സിറാജ്, രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. അടുത്ത പന്തിൽ റൺസൊന്നുമില്ല. മൂന്നാം പന്തിൽ സദീര സമരവിക്രമ (0) എൽബിഡബ്ലൂായി. തൊട്ടടുത്ത പന്തിൽ ചരിത് അസലങ്ക (0) ഇഷാൻ കിഷന്റെ കയ്യിൽ വിശ്രമിച്ചു. അടുത്ത പന്തിൽ ധനഞ്ജയ ഡിസിൽവയുടെ ഫോർ. എന്നാൽ അവസാന പന്തിൽ താരത്തെ പുറത്താക്കി സിറാജ് പ്രായശ്ചിത്തം ചെയ്തു.
അടുത്ത ഓവറിൽ ബുമ്ര റണ്ണൊന്നും വിട്ടുകൊടുത്തില്ല. തൊട്ടടുത്ത ഓവറിൽ ദസുൻ ഷനകയെ (0) മടക്കി സിറാജ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. പിന്നാലെ കുശാൽ മെൻഡിനേയും സിറാജ് (17) മടക്കി. മെൻഡിസാണ് ലങ്കയുടെ ടോപ് സ്‌കോറർ. ദുഷൻ ഹേമന്തയാണ് (13) രണ്ടക്കം കണ്ട മറ്റൊരു താരം.
ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ നാണക്കേടിന്റെ കുഴിയിലേക്ക് തള്ളിവിട്ടാണ് ഇന്ത്യൻ പേസർമാർ 50 റൺസിന് എറിഞ്ഞിട്ടത്. മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ശ്രീലങ്ക 15.2 ഓവറിൽ 50ന് എല്ലാവരും പുറത്താവുകയായിരുന്നു. ഹാർദിക് പാണ്ഡ്യ മൂന്നും ജസ്പ്രിത് ബുംമ്ര ഒരു വിക്കറ്റ് നേടി. ഇതോടെ ഒരു മോശം റെക്കോർഡും ലങ്കയുടെ പേരിലായി. ഇന്ത്യക്കെതിരെ 50 റൺസിന് പുറത്തായതിന് പിന്നാലെ ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോർഡാണ് ലങ്കൻ ക്രിക്കറ്റിന്റെ അക്കൗണ്ടിലായത്.
ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഒമ്പത് വർഷക്കാലം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്നു മോശം റെക്കോർഡാണ് ലങ്കയുടെ പേരിലായത്. 2014ൽ ബംഗ്ലാദേശ് 58 റൺസിന് പുറത്തായിരുന്നു. 2005ൽ ഹരാരെയിൽ സിംബാബ്വെ 65ന് പുറത്തായത് മൂന്നാമതായി. ഈ വർഷം തുടക്കത്തിൽ തിരുവനന്തപുരം, ഗ്രീൻഫീൽഡ് സ്റ്റേഡിയകത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്ക 73 പുറത്തായത് നാലാം സ്ഥാനത്തായി. രണ്ട് തവണ ശ്രീലങ്ക പട്ടികയിൽ ഇടം പിടിച്ചുവെന്നതാണ് രസകരം.
ഏകദിനത്തിൽ ലങ്കയുടെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. ലങ്കൻ ഇന്നിങ്സിൽ അഞ്ച് പേർ പൂജ്യത്തിന് പുറത്തായി. ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ ഓവറുകൾക്കുള്ളിൽ ഓൾഔട്ടാകുന്ന രണ്ടാമത്തെ ടീമെന്ന നാണക്കേടും ലങ്കയ്ക്ക് സ്വന്തമായി. 15.2 ഓവറിലാണ് ലങ്ക ഓൾഔട്ടായത്. 2017-ൽ അഫ്ഗാനിസ്താനെതിരേ 13.5 ഓവറിൽ ഓൾഔട്ടായ സിംബാബ്വെയുടെ പേരിലാണ് ഈ നാണക്കേടിന്റെ റെക്കോഡ്.
സ്പോർട്സ് ഡെസ്ക്