കൊളംബൊ: ശ്രീലങ്കയെ അവരുടെ മണ്ണിൽ തകർത്തെറിഞ്ഞ് ഏഷ്യയുടെ രാജാക്കന്മാരായാണ് ടീം ഇന്ത്യ ഏകദിന ലോകകപ്പിന് തയ്യാറെടുക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറിൽ 50 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജാണ് ലങ്കയെ തകർത്തത്. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 6.1 ഓവറിൽ ലക്ഷ്യം മറികടന്നു. 

പ്രേമദാസ സ്റ്റേഡിയത്തിൽ ടോസ് ജയിച്ചപ്പോൾ ശ്രീലങ്ക കിരീടം നിലനിർത്താമെന്ന ആത്മവിശ്വാസത്തോടെയാണ് ബാറ്റിങ് തെരഞ്ഞെടുത്തത്. കൂറ്റൻ വിജയലക്ഷ്യം ഒരുക്കി ഇന്ത്യയെ സ്പിന്നിൽ കുരുക്കാമെന്നായിരുന്നു നായകൻ ദസുൻ ഷനകയുടെ മനസ്സിൽ. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അവിടെ മുൻതൂക്കമുണ്ട്. എന്നാൽ ബാറ്റിങ് തുടങ്ങിയ ലങ്ക നേരിട്ടതോ, കൂട്ടത്തകർച്ചയും. ലങ്കയുടെ ബാറ്റിങ്നിരയെ കടപുഴക്കാൻ മുഹമ്മദ് സിറാജിന് വേണ്ടിവന്നത് ഏതാനും പന്തുകൾ മാത്രമായിരുന്നു.

ഇന്നിങ്സിന്റെ മൂന്നാം പന്തിൽ കുശാൽ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവർ മുതൽ സിറാജ് ഏറ്റെടുത്തു. രണ്ടാം ഓവർ മെയ്ഡനാക്കിയ ശേഷമാണ് നാലാം ഓവർ എറിയാൻ സിറാജ് എത്തിയത്. ആദ്യ പന്തിൽ പതും നിസ്സങ്ക (2), മൂന്നാം പന്തിൽ സദീര സമരവിക്രമ (0), നാലാം പന്തിൽ ചരിത് അസലങ്ക (0), ആറാം പന്തിൽ ധനഞ്ജയ ഡിസിൽവ (4) എന്നിങ്ങനെ ഓരോരുത്തരെയായി സിറാജ് ഡഗ്ഔട്ടിലേക്ക് മടക്കി. ഇതോടെ ഏകദിനത്തിൽ ഒരു ഓവറിൽ നാല് വിക്കറ്റുകൾ വീഴ്‌ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടവും സിറാജ് സ്വന്തമാക്കി.

പിന്നാലെ ആറാം ഓവറിൽ മടങ്ങിയെത്തി ലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയുടെ (0) കുറ്റിയും തെറിപ്പിച്ച സിറാജ് അഞ്ച് വിക്കറ്റ് നേട്ടവും ആഘോഷമാക്കി. 16 പന്തുകൾക്കിടെ അഞ്ച് വിക്കറ്റ് തികച്ച സിറാജ് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിലും സംയുക്ത പങ്കാളിയായി. 2003-ൽ ബംഗ്ലാദേശിനെതിരേ മുൻ ലങ്കൻ ബൗളർ ചാമിന്ദ വാസും 16 പന്തുകൾക്കുള്ളിൽ അഞ്ച് വിക്കറ്റ് തികച്ചിരുന്നു. പിന്നാലെ 12-ാം ഓവറിൽ ലങ്കയുടെ അവസാന പ്രതീക്ഷയായിരുന്ന കുശാൽ മെൻഡിസിന്റെ (17) കുറ്റിയും തെറിപ്പിച്ച സിറാജ് ആറാം വിക്കറ്റും സ്വന്തം പേരിലാക്കി.

ഇതോടൊപ്പം ഏകദിനത്തിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ മത്സരങ്ങളിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളർ കൂടിയാണ് സിറാജ്. അതോടൊപ്പം ഏകദിനത്തിൽ ഏറ്റവും കുറഞ്ഞ പന്തുകൾക്കുള്ളിൽ 50 വിക്കറ്റുകൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. 847 പന്തുകളിൽ നിന്ന് 50 ഏകദിന വിക്കറ്റുകൾ തികച്ച മുൻ ലങ്കൻ താരം അജാന്ത മെൻഡിസിന്റെ പേരിലാണ് റെക്കോഡ്. 1002 പന്തുകളിൽ 50 വിക്കറ്റുകൾ തികച്ച സിറാജ് രണ്ടാം സ്ഥാനത്തും.

ക്രിക്കറ്റ് ചരിത്രത്തിൽ ഏകദിന ഫോർമാറ്റിൽ ഒരു ഫൈനലിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് ശ്രീലങ്ക നേടിയത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പകരം ചോദിക്കൽ കൂടിയാണിത്. കാരണം ഇത്രയും കാലം ഇന്ത്യയുടെ അക്കൗണ്ടിലായിരുന്നു ഈ മോശം റെക്കോർഡ്. അതും ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ തന്നെ. 2000 ചാംപ്യൻസ് ട്രോഫിയിൽ ഷാർജയിൽ നടന്ന ഫൈനലിൽ ഇന്ത്യ 54ന് പുറത്തായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 299 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 26.3 ഓവറിൽ 54ന് പുറത്താവുകയായിരുന്നു.

ഇക്കാര്യത്തിൽ നിലവിൽ മൂന്നാം സ്ഥാനത്തും ശ്രീലങ്കയാണ്. 2002ൽ ഷാർജാ കപ്പിൽ പാക്കിസ്ഥാനെതിരെ ശ്രീലങ്ക 78ന് പുറത്തായി. ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസാണ് പാക്കിസ്ഥാൻ നേടിയത്. മറുപടി ബാറ്റിംഗിൽ ശ്രീലങ്ക 78ന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ വഖാർ യൂനിസ്, ഷൊയ്ബ് അക്തർ, രണ്ട് വിക്കറ്റ് നേടിയ വസിം അക്രം എന്നിവരാണ് പാക്കിസ്ഥാനെ തകർത്തത്. മത്സരം 217 റൺസിന് പാക്കിസ്ഥാൻ ജയിച്ചു. നമീബിയക്കെതിരെ 81 റൺസിന് പുറത്തായ ഒമാനാണ് രണ്ടാമത്.

ഇന്ത്യക്കെതിരെ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഒമ്പത് വർഷക്കാലം ബംഗ്ലാദേശിന്റെ പേരിലുണ്ടായിരുന്ന മോശം റെക്കോർഡാണ് ലങ്കയുടെ പേരിലായത്. 2014ൽ ബംഗ്ലാദേശ് 58 റൺസിന് പുറത്തായിരുന്നു. 2005ൽ ഹരാരെയിൽ സിംബാബ്വെ 65ന് പുറത്തായത് മൂന്നാമതായി.