കൊളംബോ: ശ്രീലങ്കക്കെതിരായ ഏഷ്യാ കപ്പ് ഫൈനലിൽ ഒരോവറിൽ നാലു വിക്കറ്റ് അടക്കം ആറ് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജ് മിന്നും പ്രകടനത്തിലൂടെ ഇന്ത്യയുടെ വിജയശിൽപിയായി മാറുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്. കരിയറിന്റെ തുടക്കത്തിൽ തന്നെ പരിഹസിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു പന്തുകൊണ്ടുള്ള മിന്നും പ്രകടനം.

ആദ്യ ഓവർ മെയ്ഡിനാക്കിയശേഷം തന്റെ രണ്ടാം ഓവറിൽ നാലു വിക്കറ്റ് വീഴ്‌ത്തി സിറാജ് ലങ്കയുടെ തലയരിഞ്ഞു. സിറാജിന്റെ പ്രഹരത്തിൽ പകച്ചുപോയ ശ്രീലങ്കക്ക് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

തന്റെ രണ്ടാം ഓവറിൽ നാലു വിക്കറ്റ് വീഴ്‌ത്തിയ സിറാജ് ഹാട്രിക്കിന് അടുത്തെത്തിയിരുന്നു. ആദ്യ പന്തിൽ പാതും നിസങ്കയെ പോയന്റിൽ രവീന്ദ്ര ജഡേജയുടെ കൈകകളിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ ചരിത് അസലങ്കയെ ഷോർട്ട് കവറിൽ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ചാണ് സിറാജ് ഹാട്രിക്കിന് അടുത്തെത്തിയത്.

എന്നാൽ അഞ്ചാം പന്ത് ധനഞ്ജയ ഡിസിൽവ മിഡ് ഓണിലൂടെ ബൗണ്ടറി കടത്തി സിറാജിന് ഹാട്രിക്ക് നിഷേധിച്ചു.മിഡ് ഓണിൽ ഫീൽഡറില്ലാതിരുന്നതിനാൽ ഡിസിൽവ ഡ്രൈവ് ചെയ്ത പന്ത് പിടിക്കാനായി ബൗൾ ചെയ്ത് റണ്ണപ്പ് പൂർത്തിയാക്കിയശേഷം സിറാജ് തന്നെ പന്ത് ബൗണ്ടറി കടക്കുന്നത് തടയാനായി തിരിഞ്ഞോടി.

പതുക്കെ ഉരുണ്ടു നീങ്ങി പന്ത് ബൗണ്ടറി കടക്കുന്നതിന് മുമ്പ് പക്ഷെ സിറാജിന് തയാടാനില്ല. എങ്കിലും ബൗൾ ചെയ്തശേഷം ബൗണ്ടറി ലൈൻ വരെ തിരിഞ്ഞോടി പന്ത് ബൗണ്ടറി കടക്കുന്നത് തടയാൻ ശ്രമിച്ച സിറാജിന്റെ ആത്മാർത്ഥത കണ്ട് സ്ലിപ്പിൽ നിൽക്കുകയായിരുന്ന വിരാട് കോലിക്കും ശുഭ്മാൻ ഗില്ലിനും ചിരി അടക്കാനായില്ല. വിരാട് കോലി ഗില്ലിനോട് എന്തോ പറഞ്ഞ് വായ് പൊത്തി ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അഞ്ചാം പന്തിൽ ബൗണ്ടറി അടിച്ചെങ്കിലും ഓവറിലെ തന്റെ അവസാന പന്തിൽ പ്രതികാരം വീട്ടിയ സിറാജ് ധനഞ്ജയ ഡിസിൽവയെ വിക്കറ്റിന് പിന്നിൽ രാഹുലിന്റെ കൈകളിലെത്തിച്ചു.

ഒറ്റ സ്‌പെല്ലായി പത്ത് ഓവറുകൾ നൽകണമെന്ന് സിറാജ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ക്യാപ്റ്റൻ രോഹിത് ശർമയും വെളിപ്പെടുത്തി. ശ്രീലങ്കക്കെതിരായ ഫൈനലിൽ തുടർച്ചയായി ഏഴോവറുകൾ എറിഞ്ഞ സിറാജിനെ മാറ്റി കുൽദീപ് യാദവിനും ഹാർദ്ദിക് പാണ്ഡ്യയ്ക്കും രോഹിത് ബൗൾ ചെയ്യാൻ അവസരം നൽകിയിരുന്നു.

മൂന്നോവറിൽ മൂന്ന് വിക്കറ്റെടുത്ത ഹാർദ്ദിക് ലങ്കൻ വാലറ്റത്തെ എറിഞ്ഞിടുകയും ചെയ്തു. ഏഴോവർ തുടർച്ചയായി എറിഞ്ഞ് ആറ് വിക്കറ്റെടുത്ത സിറാജ് വീണ്ടും ബൗൾ ചെയ്യാൻ അവസരം നൽകണമെന്ന് എന്നോട് പറഞ്ഞു. എന്നാൽ ഇതിനിടയിൽ ട്രെയിനറുടെ സന്ദേശം എത്തി. സിറാജിനെക്കൊണ്ട് ഇനി ബൗൾ ചെയ്യിക്കരുതെന്ന്. അതുകൊണ്ടാണ് ഏഴോവറിനുശേഷം കുൽദീപ് യാദവിനെയും ഹാർദ്ദിക് പാണ്ഡ്യയെയും പന്തെറിയാൻ വിളിച്ചതെന്നും രോഹിത് മത്സരശേഷം പറഞ്ഞു.

സിറാജിനൊപ്പം ന്യൂ ബോൾ പങ്കിട്ട ജസ്പ്രീത് ബുമ്ര തുടർച്ചയായി അഞ്ചോവർ എറിഞ്ഞിരുന്നു. ആദ്യ ഓവറിലെ വിക്കറ്റ് വീഴ്‌ത്തി ബുമ്രയെ പതിനൊന്നാം ഓവറിൽ മാറ്റിയാണ് ഹാർദ്ദിക്കിനെ രോഹിത് ബൗൾ ചെയ്യാൻ വിളിച്ചത്. എന്നാല് മറുവശത്ത് സിറാജ് രണ്ടോവർ കൂടി പന്തെറിഞ്ഞു.

ശ്രീലങ്കൻ ഇന്നിങ്‌സിൽ തന്റെ ആദ്യ ഓവർ സിറാഡ് മെയ്ഡനാക്കിയിരുന്നു. പിന്നീട് തന്റെ രണ്ടാം ഓവറിലാണ് സിറാജ് നാലു വിക്കറ്റ് വീഴ്‌ത്തി ലങ്കയെ ഞെട്ടിച്ചത്. ആദ്യ പന്തിൽ പാതും നിസങ്കയെ പോയന്റിൽ രവീന്ദ്ര ജഡേജയുടെ കൈകകളിലെത്തിച്ചാണ് സിറാജ് വിക്കറ്റ് വേട്ട തുടങ്ങിയത്. മൂന്നാം പന്തിൽ സമരവിക്രമയെ വിക്കറ്റിന് മുന്നിൽ കുടുക്കി. നാലാം പന്തിൽ ചരിത് അസലങ്കയെ ഷോർട്ട് കവറിൽ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് സിറാജ് ഹാട്രിക്കിന് അടുത്തെത്തി.

എന്നാൽ അഞ്ചാം പന്ത് ധനഞ്ജയ ഡിസിൽവ ബൗണ്ടറി കടത്തി സിറാജിന് ഹാട്രിക്ക് നിഷേധിച്ചു. അവസാന പന്തിൽ പ്രതികാരം വീട്ടിയ സിറാജ് ധനഞ്ജയ ഡിസിൽവയെ വിക്കറ്റിന് പിന്നിൽ രാഹുലിന്റെ കൈകളിലെത്തിച്ചു. തന്റെ മൂന്നാം ഓവറിൽ ലങ്കൻ നായകൻ ദാസുൻ ഷനകെയെ ക്ലീൻ ബൗൾഡാക്കിയ സിറാജ് തന്റെ ആറാം ഓവറിൽ കുശാൽ മെൻഡിസിനെയും ബൗൾഡാക്കി ആറ് വിക്കറ്റ് തികച്ചു. ഇതിനുശേഷം ഒരോവർ കൂടി എറിഞ്ഞപ്പോഴാണ് രോഹിത് സിറാജിനെ മാറ്റി കുൽദീപിനെ പന്തേൽപ്പിച്ചത്.