കൊളംബൊ: ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യ ചരിത്രജയം നേടി കിരീടം തിരിച്ചുപിടിച്ചത് ആരാധകർക്ക് വലിയ ആഹ്ലാദമാണ് സമ്മാനിച്ചത്. ഏകദിന ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യക്ക് കിരീടം നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. മഴ മത്സരത്തിന്റെ ആവേശം കെടുത്തിയപ്പോൾ മൈതാനം മത്സരത്തിനായി ഒരുക്കാൻ കഠിന പരിശ്രമം നടത്തിയ ഗ്രൗണ്ട് സ്റ്റാഫുകളെയടക്കം ആദരിച്ചത് ആരാധകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചിടത്തോളം ഫൈനലിലെ പ്രകടനം നിരാശ സമ്മാനിച്ചെങ്കിലും ചില അപൂർവ നിമിഷങ്ങൾക്ക് സാക്ഷിയാകൻ അവർക്കായി. കലാശപ്പോരിൽ ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക വെറും 15.2 ഓവറിൽ 50 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് വിക്കറ്റ് നേടിയ ഹാർദിക് പാണ്ഡ്യ എന്നിവരാണ് ശ്രീലങ്കയെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 6.1 ഓവറിൽ വിക്കറ്റൊന്നും നഷ്ടമാക്കാതെ വിജയലക്ഷ്യം മറികടന്നു. ഇഷാൻ കിഷൻ (23), ശുഭ്മാൻ ഗിൽ (27) പുറത്താവാതെ നിന്നു.

എന്നാൽ വിജയത്തിന് ശേഷവും ട്രോഫി വിതരണവും തമ്മിലുള്ള ഇടവേളയിൽ ഇന്ത്യൻ താരങ്ങൾ ചില രസകരമായ നിമിഷങ്ങളൊരുക്കി. പ്രധാനമായും ഇഷാൻ കിഷനും വിരാട് കോലിയുമാണ് ആരാധകരെ രസിപ്പിച്ചത്. കോലിയുടെ നടത്തവും നോട്ടവുമെല്ലാം അനുകരിക്കുകയായിരുന്നു കിഷൻ. കോലിക്കൊപ്പം കൂടി നിൽക്കുന്ന സഹതാരങ്ങളെല്ലാം ചിരിക്കുന്നുമുണ്ട്. തുടർന്ന് കോലി, കിഷന്റെ നടത്തവും അനുകരിച്ച് കാണിച്ചു.

രസകരമായ മുഹൂർത്തങ്ങൾക്കാണ് പ്രേമദാസ സ്റ്റേഡിയത്തിലെത്തിയ കാണികൾ സാക്ഷികളായത്. ശ്രീലങ്കയെ പരാജയപ്പെടുത്തിയ ശേഷം പോസ്റ്റ് മാച്ച് പ്രസന്റേഷൻ സമയത്ത് ഡയസിന് അരികിൽ നിൽക്കുകയായിരുന്നു ഇന്ത്യൻ താരങ്ങൾ. ഇതിനിടെയായിരുന്നു ഇഷാൻ കിഷൻ വിരാട് കോലിക്ക് മുന്നിൽ വച്ച് തന്നെ അദ്ദേഹത്തെ അനുകരിച്ചത്.

മൈതാനത്ത് വിരാട് കോലി എങ്ങനെയാണ് നടക്കുന്നത് എന്നായിരുന്നു ഇഷാൻ കിഷൻ അനുകരിച്ചത്. നടത്തത്തിനിടെ താരത്തിന്റെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളും കാണിക്കാൻ ഇഷാൻ കിഷൻ ശ്രമിക്കുന്നുണ്ട്. കൂട്ടമായി നിന്നിരുന്ന താരങ്ങൾക്കിടയിൽ നിന്നും മുന്നിലേക്ക് നടന്നുകൊണ്ടായിരുന്നു 25കാരനായ താരത്തിന്റെ അനുകരണം.

അവിടംകൊണ്ട് അവസാനിക്കുന്നതായിരുന്നില്ല ആ 'ഫൺ മൊമന്റ്'. വിട്ടുകൊടുക്കാൻ തയ്യാറാകാതെ ആയിരുന്നു മറ്റ് താരങ്ങൾക്കൊപ്പമുണ്ടായിരുന്ന വിരാട് കോലിയും ഉണ്ടായിരുന്നത്. ഇഷാൻ കിഷൻ തിരികെ താരങ്ങൾക്കരികിലേക്ക് വന്നപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ നടത്തത്തെ കോലിയും അനുകരിച്ച് കാണിച്ചു

ഇതിന് മറുപടിയായി, തന്റെ ശൈലി അങ്ങനെയല്ലെന്നും പറഞ്ഞ് ഇഷാൻ കിഷൻ വീണ്ടും കാണികൾക്കിടയിൽ പൊട്ടിച്ചിരിയുണർത്തുന്നുണ്ട്. മത്സരം കാണാനെത്തിയ ആരാധകരിൽ ഒരാൾ പകർത്തിയ ഈ ദൃശ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്

ഇടയ്ക്കിടെ കഴുത്ത് ഞെരുക്കുന്നതുൾപ്പെടെ, നടക്കുമ്പോൾ കോഹ്ലി പൊതുവെ പ്രകടിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റരീതികളാണ് കിഷൻ രസകരമായി അനുകരിച്ചത്. കിഷൻ തിരിച്ച് ടീമംഗങ്ങളുടെ അടുത്തേക്ക് നടന്നപ്പോൾ താരത്തെ പരിഹസിച്ചുകൊണ്ട് കൈകൾ വിടർത്തി വിചിത്രമായ രീതിയിൽ കോഹ്‌ലി നടക്കുന്നതായും കാണാം. അത് കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് വലിയ പൊട്ടിച്ചിരിയാണുണ്ടായത്.

അവിസ്മരണീയ പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജായിരുന്നു പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയത്. കുൽദീപ് യാദവ് ടൂർണമെന്റിലെ താരമായി. ഏഷ്യാ കപ്പ് കിരീടം നേടിയെങ്കിലും ഇന്ത്യക്ക ഏകദിന റാങ്കിംഗിൽ ഒന്നാമതെത്താൻ കഴിഞ്ഞിരുന്നില്ല. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനോടേറ്റ തോൽവിയാണ് ഇന്ത്യക്ക് വിനയായത്. നിലവിൽ പാക്കിസ്ഥാന് പിന്നിൽ രണ്ടാമതാണ് ഇന്ത്യ. ഇന്ത്യക്കും പാക്കിസ്ഥാനും 115 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ അടിയറവ് പറഞ്ഞതോടെ ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് വീണു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ഏകദിനത്തിന് മുമ്പ് 115 പോയിന്റാണ് ഓസീസിന് ഉണ്ടായിരുന്നത്. എന്നാൽ ഓസീസ് തോറ്റതോടെ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 113 പോയിന്റാണിപ്പോൾ ഓസീസിന്. ഇന്ത്യ - ഓസ്ട്രേലിയ പരമ്പര ജയിക്കുന്ന ടീം ലോകകപ്പിന് മുമ്പ് ഒന്നാമതെത്തും. ഓസീസിനതെിരെ പരമ്പര നേട്ടത്തോടെ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം.

അഞ്ചാമതുള്ള ഇംഗ്ലണ്ടിന് 105 പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 106 പോയിന്റുണ്ട്. ന്യൂസിലൻഡ് (100), ബംഗ്ലാദേശ് (94), ശ്രീലങ്ക (92), അഫ്ഗാനിസ്ഥാൻ (80), വെസ്റ്റ് ഇൻഡീസ് (68) എന്നിവരാണ് യഥാക്രമം ആറ് മുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.