ദുബായ്: ഐസിസി ഏകദിന ബൗളിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയെ എറിഞ്ഞു വീഴ്‌ത്തിയ ആറ് വിക്കറ്റ് പ്രകടനമാണ് സിറാജിനെ വീണ്ടും റാങ്കിംഗിൽ തലപ്പത്തെത്തിച്ചത്. കരിയറിൽ ഇത് രണ്ടാം തവണയാണ് സിറാജ് ബൗളിങ് റാങ്കിംഗിൽ ഒന്നാമനാവുന്നത്. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു. ഏഷ്യാ കപ്പിന് മുമ്പ് ഒമ്പതാം റാങ്കിലായിരുന്ന താരം ഒറ്റയടിക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു.

ഫൈനലിൽ 21 റൺസിന് ആറ് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനത്തോടെ ഒറ്റയടിക്ക് 57 പോയന്റാണ് സിറാജ് സ്വന്തമാക്കിയത്. ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാലിപ്പോൾ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഓസീസ് താരം ജോഷ് ഹെയ്സൽവുഡിനെ 16 പോയന്റ് പിന്നിലാക്കിയാണ് സിറാജിന്റെ കുതിപ്പ്.

694 റേറ്റിങ് പോയന്റുമായി സിറാജ് ഒന്നാം സ്ഥാനത്തുള്ളപ്പോൾ ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡ് 678 പേയന്റുമായി രണ്ടാമതാണ്. ട്രെന്റ് ബോൾട്ട് ആണ് മൂന്നാമത്. ഇന്ത്യയുടെ കുൽദീപ് യാദവ് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാമതായി.

ഏകദിന ബാറ്റിങ് റാങ്കിംഗിൽ പാക്കിസ്ഥാൻ നായകൻ ബാബർ അസം ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയുടെ ശുഭ്മാൻ ഗിൽ ബാബറുമായുള്ള അകലം ഗണ്യമായി കുറച്ചു. ഇരുവരും തമ്മിൽ 43 റേറ്റിങ് പോയന്റിന്റെ അകലം മാത്രമാണുള്ളത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തിളങ്ങിയാൽ ലോകകപ്പിന് മുമ്പ് ബാബറിനെ പിന്തള്ളി ഗില്ലിന് ഒന്നാം സ്ഥാനത്തേക്ക് കയറാൻ അവസരമുണ്ട്.

ബാറ്റിങ് റാങ്കിംഗിൽ വിരാട് കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ പത്താം സ്ഥാനത്ത് തന്നെയാണ്. ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഹാർദ്ദിക് പാണ്ഡ്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. ടീം റാങ്കിംഗിൽ ടി20യിലും ടെസ്റ്റിലും ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഏകദിന റാങ്കിംഗിൽ പാക്കിസ്ഥാൻ തന്നെയാണ് ഒന്നാമത്. ഇന്ത്യക്കും പാക്കിസ്ഥാനും 115 പോയന്റ് വീതമുണ്ടെങ്കിലും റേറ്റിംഗിലെ ദശാംശ കണക്കിൽ പാക്കിസ്ഥാൻ ഒന്നാമതായി.