തിരുവനന്തപുരം: ഏഷ്യാ കപ്പ്, ലോകകപ്പ് ടീമുകളിലേക്ക് മലയാളി താരം സഞ്ജു സാംസണെ പരിഗണിക്കാത്തതിൽ പ്രതിഷേധം കടുക്കുന്നതിനിടെ സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിച്ച മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തിന് മറുപടിയുമായി തിരക്കഥാകൃത്ത് ഡോക്ടർ നെൽസൻ ജോസഫ്. സഞ്ജു സാംസണെക്കാൾ കൂടുതൽ സെഞ്ചുറികൾ ഐ.പി.എല്ലിൽ നേടിയിരിക്കുന്നത് ആറ് പേർ മാത്രമാണ്. ആ ആറ് കളിക്കാരുടെ പേരുകൾ കൂടി ഒന്ന് നോക്കുമ്പൊ സഞ്ജു സാംസണിന്റെ റേഞ്ച് മനസിലാവുമെന്ന് നെൽസൻ ജോസഫ് പറയുന്നു.

ഏകദിനത്തിൽ ഇത് വരെ സഞ്ജുവിന് അവസരം കിട്ടിയത് വെറും 13 മാച്ചുകൾ മാത്രമാണ്. 12 ഇന്നിങ്ങ്‌സുകളിൽ 9 എണ്ണത്തിലും ബാറ്റ് ചെയ്തത് 5,6 പൊസിഷനുകളിൽ മാത്രം. എന്നിട്ടാണ് 3 അർധസെഞ്ചുറി ഉൾപ്പടെ ആവറേജ് 55ൽ നിൽക്കുന്നത്. അവസരം കിട്ടിയില്ല എങ്കിൽ അവസരം കിട്ടിയില്ല എന്ന് തന്നെ പറയുമെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

ഏകദിന ലോകകപ്പിൽ സഞ്ജുവിന് അവസരം കിട്ടാത്തതിനെക്കുറിച്ച് പറയുമ്പൊൾ ഐ.പി.എൽ കഥ പറയുന്നത് തന്നെ അബദ്ധമാണെന്ന് അദ്ദേഹം ഐപിഎല്ലിൽ സെഞ്ചുറി നേടിയ രാജ്യാന്തര താരങ്ങളുടെ ഇന്നിങ്‌സുകളുടെ കണക്കുകൾ താരതമ്യം ചെയ്ത് പറയുന്നു. അപ്പൊഴാണ് ലോക ക്രിക്കറ്റിലെ തന്നെ ലെജൻഡ് പ്ലേയേഴ്‌സ് അടങ്ങിയ ആറ് പേർ മാത്രം മുന്നിലുള്ള ഒരു സ്റ്റാറ്റുമെടുത്തുകൊണ്ടുവന്ന് അതിനെ ന്യായീകരിക്കുന്നത്. മറ്റുള്ള കളിക്കാരുടെ സ്റ്റാറ്റ്‌സ് മാത്രമല്ല, സ്വന്തം കളിക്കാരന്റെ സ്റ്റാറ്റ്‌സ് കൂടി ഇടയ്‌ക്കൊക്കെ പറയണമെന്നും നെൽസൺ ജോസഫ് പറയുന്നു.

സ്വന്തം സംസ്ഥാനത്തിനു വേണ്ടി കളിക്കുമ്പൊ വലിയ സ്‌കോറുകൾ നേടണം എന്ന് പറഞ്ഞ് റിഷഭ് പന്തിന്റെ ട്രിപ്പിൾ സെഞ്ചുറിയെക്കുറിച്ച് പറയുന്നുണ്ട്. റിഷഭ് പന്ത് 2016ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 300 നേടിയത് ഓർമിക്കുമായിരിക്കും. സഞ്ജു സാംസണിന് ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഡബിൾ സെഞ്ചുറി ഉണ്ടെന്ന് എത്ര പേർക്ക് അറിയാം?

അസമിനെതിരെ 2013ൽ സഞ്ജു സാംസണിന്റെ ഡബിൾ സെഞ്ചുറിയുടെ മാത്രം ബലത്തിൽ കേരളം ഒന്നാം ഇന്നിങ്ങ്‌സിൽ ലീഡ് നേടിയത് ആരും ഓർക്കാൻ വഴിയില്ല. ടീമിലെ സെക്കൻഡ് ഹൈ സ്‌കോർ 46 ആയിരുന്നു. സ്വന്തം ടീമിലെ ഒരൊറ്റയാൾ പോലും അർധസെഞ്ചുറി തികയ്ക്കാത്ത കളിയിൽ 211. ലിസ്റ്റ് എ ക്രിക്കറ്റിൽ അൻപതോവർ മൽസരത്തിൽ ഗോവയ്‌ക്കെതിരെ 129 പന്തിൽ 212 നോട്ട് ഔട്ട് അടിച്ചതും ആർക്കും അറിയാൻ വഴിയില്ലെന്നും നെൽസൺ ജോസഫ് പറയുന്നു.


സഞ്ജുവിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാതിരുന്ന സിലക്ഷൻ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിക്കുന്നതായി ശ്രീശാന്ത് കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സഞ്ജു ബാറ്റിങിനോടുള്ള സമീപനം മാറ്റണമെന്നും മുൻ കളിക്കാരുടെ അഭിപ്രായങ്ങൾ മാനിക്കാൻ തയാറാകണമെന്നും ശ്രീശാന്ത് പറഞ്ഞു. പിച്ചിന്റെ സ്വഭാവമനുസരിച്ച് കളിക്കണമെന്ന് ആരെങ്കിലും പറഞ്ഞാലും സഞ്ജു അതു കേൾക്കാതെ ഒരേ രീതിയിലാണ് ബാറ്റു ചെയ്യാറെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് നെൽസൺ ജോസഫ് ഐപിഎല്ലിലെ സെഞ്ചുറികളുടെ കണക്കുകളടക്കം വിശദീകരിച്ച് തിരിച്ചടിച്ചത്.

നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പിന് താഴെ ശ്രീശാന്തിന് എതിരെ രൂക്ഷവിമർശനമാണ് കമന്റുകളായി വരുന്നത്.
കേരള ക്രിക്കറ്റ് എന്നു പറഞ്ഞാൽ ശ്രീശാന്ത് എന്നു പറഞ്ഞിരുന്ന ചെറിയൊരു കാലത്തു നിന്നും സഞ്ജു സാംസൺ എന്ന കാലത്തിലേക്കുള്ള മാറ്റം ആർക്കായാലും അസൂയ വരും.. കളിച്ചിരുന്ന കാലത്തു ശ്രീശാന്തിനു ഉണ്ടാരുന്നതിനേക്കാൾ 10 ഇരട്ടി ഫാൻസ് സപ്പോർട്ട് സഞ്ജുവിന് ഉണ്ട്.. അതിന്റെയൊക്കെ ആവാം ഈ syndrome എന്നിങ്ങനെ പോകുന്നു ആരാധകരുടെ പ്രതികരണങ്ങൾ.

നെൽസൺ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

' സഞ്ജു സാംസൺ കഴിഞ്ഞ പത്ത് വർഷമായി ഐ.പി.എൽ കളിക്കുന്നു. എന്നിട്ടും മൂന്ന് സെഞ്ചുറിയേ ഉള്ളൂ. സഞ്ജുവിന് അവസരം ലഭിക്കുന്നില്ല എന്ന് പറയാനാവില്ല '
- ശ്രീശാന്ത്.
കറക്റ്റാണ് സഞ്ജു സാംസൺ പത്ത് സീസൺ കളിച്ചിട്ടും സഞ്ജുവിന് മൂന്നേ മൂന്ന് സെഞ്ചുറികളേ അടിക്കാൻ പറ്റിയിട്ടുള്ളൂ. അവസരത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ, ആദ്യം ആ പറഞ്ഞ സംഗതിയിലേക്ക് വരാം
സഞ്ജു സാംസണെക്കാൾ കൂടുതൽ ഐ.പി.എൽ സെഞ്ചുറികൾ ഉള്ള കളിക്കാരുടെ ലിസ്റ്റ് എടുക്കാം.
4 സെഞ്ചുറികൾ - ഡേവിഡ് വാർണർ, ഷെയിൻ വാട്‌സൺ, കെ.എൽ. രാഹുൽ
5 സെഞ്ചുറികൾ - ജോസ് ബട്‌ലർ
6 സെഞ്ചുറികൾ - ക്രിസ് ഗെയിൽ
7 സെഞ്ചുറികൾ - വിരാട് കോഹ്ലി
സഞ്ജു സാംസണെക്കാൾ കൂടുതൽ സെഞ്ചുറികൾ ഐ.പി.എല്ലിൽ നേടിയിരിക്കുന്നത് ആറേ ആറ് പേർ മാത്രമാണ്. ആ ആറ് കളിക്കാരുടെ പേരുകൾ കൂടി ഒന്ന് നോക്കുമ്പൊ സഞ്ജു സാംസണിന്റെ റേഞ്ച് മനസിലാവും
ഏകദിന ലോകകപ്പ് ടീമിൽ എടുക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പൊഴാണ് ഉത്തരത്തിന്റെ കൂടെ ഇങ്ങനെ പറഞ്ഞതെന്നത് മറ്റൊരു രസം
ഏകദിനത്തിൽ ഇത് വരെ സഞ്ജുവിന് അവസരം കിട്ടിയത് വെറും 13 മാച്ചുകൾ മാത്രമാണ്.
12 ഇന്നിങ്ങ്‌സുകളിൽ 9 എണ്ണത്തിലും ബാറ്റ് ചെയ്തത് 5,6 പൊസിഷനുകളിൽ മാത്രം. എന്നിട്ടാണ് 3 അർധസെഞ്ചുറി ഉൾപ്പടെ ആവറേജ് 55ൽ നിൽക്കുന്നത്.
അവസരം കിട്ടിയില്ല എങ്കിൽ അവസരം കിട്ടിയില്ല എന്ന് തന്നെ പറയും.
ഏകദിന ലോകകപ്പിൽ അവസരം കിട്ടാത്തതിനെക്കുറിച്ച് പറയുമ്പൊ ഐ.പി.എൽ കഥ പറയുന്നത് തന്നെ അബദ്ധമാണ്.
അപ്പൊഴാണ് ലോക ക്രിക്കറ്റിലെ തന്നെ ലെജൻഡ് പ്ലേയേഴ്‌സ് അടങ്ങിയ ആറ് പേർ മാത്രം മുന്നിലുള്ള ഒരു സ്റ്റാറ്റുമെടുത്തുകൊണ്ടുവന്ന് അതിനെ ന്യായീകരിക്കുന്നത്.
സ്വന്തം സംസ്ഥാനത്തിനു വേണ്ടി കളിക്കുമ്പൊ വലിയ സ്‌കോറുകൾ നേടണം എന്ന് പറഞ്ഞ് റിഷഭ് പന്തിന്റെ ട്രിപ്പിൾ സെഞ്ചുറിയെക്കുറിച്ച് പറയുന്നുണ്ട്.
റിഷഭ് പന്ത് 2016ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 300 നേടിയത് ഓർമിക്കുമായിരിക്കും. സഞ്ജു സാംസണിന് ലിസ്റ്റ് എ ക്രിക്കറ്റിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഡബിൾ സെഞ്ചുറി ഉണ്ടെന്ന് എത്ര പേർക്ക് അറിയാം?
അസമിനെതിരെ 2013ൽ സഞ്ജു സാംസണിന്റെ ഡബിൾ സെഞ്ചുറിയുടെ മാത്രം ബലത്തിൽ കേരളം ഒന്നാം ഇന്നിങ്ങ്‌സിൽ ലീഡ് നേടിയത് ആരും ഓർക്കാൻ വഴിയില്ല. ടീമിലെ സെക്കൻഡ് ഹൈ സ്‌കോർ 46 ആയിരുന്നു.
സ്വന്തം ടീമിലെ ഒരൊറ്റയാൾ പോലും അർധസെഞ്ചുറി തികയ്ക്കാത്ത കളിയിൽ 211.
ലിസ്റ്റ് എ ക്രിക്കറ്റിൽ അൻപതോവർ മൽസരത്തിൽ ഗോവയ്‌ക്കെതിരെ 129 പന്തിൽ 212 നോട്ട് ഔട്ട് അടിച്ചതും ആർക്കും അറിയാൻ വഴിയില്ല.
മറ്റുള്ള കളിക്കാരുടെ സ്റ്റാറ്റ്‌സ് മാത്രമല്ല, സ്വന്തം കളിക്കാരന്റെ സ്റ്റാറ്റ്‌സ് കൂടി പറയണം ഇടയ്‌ക്കൊക്കെ
കഷ്ടം