ലഖ്നൗ: ഉത്തർപ്രദേശിലെ വാരാണസിയിൽ പുതിയ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു. സ്വന്തം മണ്ഡലമായ വാരാണസിയിൽ ഒരുങ്ങുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. സംസ്ഥാനത്ത് മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വരാൻ പോകുന്നത്. കാൺപുർ, ലഖ്നൗ എന്നിവിടങ്ങളിൽ നേരത്തെ സ്റ്റേഡിയങ്ങളുണ്ട്.

451 കോടി രൂപ ചെലവ് വരുന്ന സ്റ്റേഡിയമാണ് വാരാണസിയിൽ നിർമ്മിക്കുന്നത്. 30,000 കാണികൾക്ക് ഒരേ സമയം മത്സരങ്ങൾ കാണാനുള്ള സൗകര്യം സ്റ്റേഡിയത്തിൽ ഉണ്ടാകും. 30 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിക്കുന്നത്. മൂന്ന് കൊല്ലം കൊണ്ട് നിർമ്മാണം പൂർത്തിയാകും. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേൻ ഭാരവാഹികളും ബിസിസിഐ അധികൃതരും തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ മുൻ ഇന്ത്യൻ നായകന്മാരും ലോകകപ്പ് ജേതാക്കളുമായ സുനിൽ ഗാവസ്‌കർ, കപിൽ ദേവ്, രവി ശാസ്ത്രി, സച്ചിൻ ടെണ്ടുൽക്കർ എന്നിവരും പങ്കെടുത്തു. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങിലുണ്ടായിരുന്നു. മോദിക്ക് സച്ചിൻ നമോ എന്നെഴുതിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ജേഴ്‌സിയും സമ്മാനിച്ചു.

വാരാണസിയുടെ സാംസ്‌കാരിക പൈതൃകവും ശിവ ഭഗവാനുമായി ബന്ധപ്പെട്ട ഘടകങ്ങളും ഉൾച്ചേർന്നാണ് സ്റ്റേഡിയത്തിന്റെ രൂപകൽപ്പന. ചന്ദ്രക്കലയുടെ ആകൃതിയിലുള്ള താഴികക്കുടങ്ങളും ത്രിശൂലത്തിന്റെ ആകൃതിയിൽ ഫ്ളെഡ്ലിറ്റുകളും വാരാണസിയിലെ ഘാട്ടുകളുടെ പടികളോടു സാമ്യമുള്ള ഗാലറിയുമായിരിക്കും സ്റ്റേഡിയത്തിനുണ്ട്.

30,000 പേരെ ഉൾക്കൊള്ളുന്നതായിരിക്കും സ്റ്റേഡിയം. ഏഴ് പിച്ചുകളും പ്രാക്ടീസ് നെറ്റ്സുകളും ഉണ്ട്. ഒപ്പം കമന്റേറ്റേഴ്സ് ബോക്സ്, മീഡിയ സെന്റർ, താരങ്ങൾക്കായി വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റലും ഇതിനോടനുബന്ധമായി ഉണ്ടാകും. 451 കോടിയാണ് നിർമ്മാണ ചെലവ്. 121 കോടി രൂപ യുപി സർക്കാർ നൽകും. ബിസിസിഐ 330 കോടിയും ചെലവഴിക്കും.

പൂർവാഞ്ചൽ മേഖലയിൽ നിന്നു വളർന്നു വരുന്ന യുവ താരങ്ങൾക്ക് അനുഗ്രഹമാണ് പുതിയ സ്റ്റേഡിയമെന്നു മോദി പറഞ്ഞു. ക്രിക്കറ്റിലേക്ക് പുതിയ രാജ്യങ്ങൾ വന്നു കൊണ്ടിരിക്കുന്ന കാലമാണ്. ലോകത്തെ മുഴുവൻ ഇന്ത്യക്ക് ക്രിക്കറ്റിലൂടെ ബന്ധിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിർദിഷ്ട രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മുൻഭാഗം കാശിയേയും പരമശിവനേയും അനുസ്മരിപ്പിക്കും. മേൽക്കൂര ശിവനെ കിരീടമണിയിക്കുന്ന ചന്ദ്രക്കലയോട് സാമ്യമുള്ളതായിരിക്കും. ഫ്ളഡ്ലൈറ്റുകളുടെ കാലുകൾക്ക് ത്രിശൂലത്തിന്റെ മാതൃക നൽകും. ഗ്യാലറി കാശിയുടെ ഘാട്ടുകളുടെ മാതൃകയിൽ ഒരുക്കും.

പവലിയനും വിഐപി ലോഞ്ചും ശിവന്റെ കയ്യിലുള്ള വാദ്യോപകരണമായി ഡമരു രൂപത്തിലാണ് ഒരുക്കുക. മെറ്റാലിക് ഫ്രെയിമുകളിൽ ബിൽവ പത്രയുടെ കൂറ്റൻ രൂപങ്ങൾ സ്ഥാപിക്കും -ഡിവിഷണൽ കമ്മീഷണർ കൗശൽ രാജ് ശർമ പറഞ്ഞു.

എൽ ആൻഡ് ടിക്കാണ് നിർമ്മാണ ചുമതല. മോദിയുടെ പാർലമെന്റ് മണ്ഡലത്തിലാണ് സ്റ്റേഡിയമെന്ന സവിശേഷതയുമുണ്ട്. സ്റ്റേഡിയം നിർമ്മാണം പൂർത്തിയായലുടനെ തന്നെ നിർദ്ദിഷ്ട സ്റ്റേഡിയത്തിന് സമീപമുള്ള പ്രദേശത്തിന്റെ വികസനത്തിന് അന്തിമരൂപം നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.