ദുബായ്: ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗിലും ഒന്നാമതെത്തിയിരിക്കുകയാണ്. മൊഹാലിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. പ്രധാന താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ജയം നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 50 ഓവറിൽ 276ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയാണ് ഓസീസിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 48.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശുഭ്മാൻ ഗിൽ (74), റുതുരാജ് ഗെയ്കവാദ് (71), കെ എൽ രാഹുൽ (58), സൂര്യകുമാർ യാദവ് (50) എന്നിവരാണ് തിളങ്ങിയത്.

ഇതോടെ മൂന്ന് ഫോർമാറ്റിലും ഒന്നാം റാങ്കിലെത്തുന്ന അപൂർവം ടീമിലൊന്നായി ഇന്ത്യ. 2012ൽ ദക്ഷിണാഫ്രിക്ക ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. അതിന് ശേഷം ഇന്ത്യയാണ് ഒന്നാം റാങ്കിലെത്തുന്ന ടീം. ഇന്ത്യൻ പരിശീകൻ രാഹുൽ ദ്രാവിഡിനും ഇക്കാര്യത്തിൽ അഭിമാനിക്കാം. കാരണം, അദ്ദേഹം പരിശീലിപ്പിക്കുന്ന ടീമാണ് ഇപ്പോൽ അപൂർവനേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. അടുത്തിടെ കടുത്ത വിമർശനങ്ങൾക്കിടയായ ദ്രാവിഡിനെ പുകഴ്‌ത്തുകയാണിപ്പോൾ സോഷ്യൽ മീഡിയ.

1996ന് ശേഷം ഓസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ജയിക്കാനും ഇന്ത്യക്കായി. 1996ൽ ടൈറ്റൻസ് കപ്പിൽ സച്ചിന് കീഴിലുള്ള ഇന്ത്യയാണ് അവസാനമാണ് മൊഹാലിയിൽ ജയിച്ചത്. ഓസ്ട്രേലിയക്കെതിരെ അഞ്ച് റൺസിന്റെ ജയമായിരുന്നു ഇന്ത്യക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 289 റൺസാണ് നേടിയത്. മുഹമ്മദ് അസറുദ്ദീൻ (94), സച്ചിൻ ടെൻഡുൽക്കർ (62), രാഹുൽ ദ്രാവിഡ് (56) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗിൽ ഓസീസ് 49.1 ഓവറിൽ 284ന് എല്ലാവരും പുറത്താവുകയായിരുന്നു.

ലോകകപ്പിനു മുന്നോടിയായി ഇന്ത്യയും ഓസ്ട്രേലിയയും ഏകദിന പരമ്പരയിൽ നേർക്കുനേർ വരുമ്പോൾ ആദ്യ രണ്ട് മത്സരങ്ങളിലും ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും കളിക്കുന്നില്ല. ഇരുവർക്കും വിശ്രമം അനുവദിക്കുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ആദ്യ രണ്ട് പോരിനും ടീമിനെ കെഎൽ രാഹുലാണ് നയിക്കുന്നത്.

'ലോകകപ്പിൽ വിരാടും രോഹിതും ഇന്ത്യയുടെ ഏറ്റവും നിർണായക താരങ്ങളാണ്. ഇത്രയും നിർണായക പോരിനായി ഇരുവരും ശാരീരികവും മാനസികവുമായ ഒരുങ്ങേണ്ടതുണ്ട്. അവരുടെ ഉള്ളിലെ പ്രതിഭയെ അവർ വിചാരിക്കുന്ന സ്ഥലത്ത് നിർത്തേണ്ടത് പരമ പ്രധാനമാണ്. അവർ ഫ്രഷായി ലോകകപ്പ് കളിക്കട്ടെ.'

'എങ്ങനെ തയ്യാറെടുക്കണമെന്ന് തീർച്ചയായും അവർക്കറിയാം. ഇരുവർക്കും മാത്രമല്ല ടീമിലെ മറ്റെല്ലാ താരങ്ങൾക്കും സ്വയം ആ ബോധ്യമുണ്ട്. ശരിയായ മാനസിക അവസ്ഥയിൽ നിർണായക പോരിനു ഇറങ്ങേണ്ടത് എന്നു താരങ്ങൾക്ക് കൃത്യമായി തന്നെ അറിയാം. അതിനുള്ള അവസരം ഒരുക്കുക മാത്രമാണ് ചെയ്യേണ്ടത്.'

'സൂര്യകുമാറും ശ്രേയസും ഫോമിലേക്ക് മടങ്ങിയെത്താൻ അതിയായി ആഗ്രഹിക്കുന്നുണ്ട്. അവർക്ക് ആത്മവിശ്വാസം നൽകേണ്ട കാര്യമേയുള്ളു. പരിക്കേറ്റ് ഏറെ നാൾ വിട്ടു നിന്ന ശേഷം ഫോമിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കമാണ് ശ്രേയസ് നടത്തുന്നത്. ഏകദിനത്തിലെ മോശം ഫോം ആരാധകരെ രോഷാകുലരാക്കിയതാണ് സൂര്യകുമാർ യാദവിനെ സംബന്ധിച്ച് സമ്മർദ്ദമുണ്ടാക്കുന്നത്'- ദ്രാവിഡ് പറഞ്ഞു.

സൂര്യകുമാർ ആശങ്കപ്പെടേണ്ടതുണ്ടോ എന്ന ചോദ്യത്തിനു രാഹുലിന്റെ മറുപടി ഇങ്ങനെയായിരുന്നു. 'ഫോം സംബന്ധിച്ച്, മികവിലേക്ക് തിരിച്ചെത്തുന്നതിനുള്ള അവരുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ചു സൂര്യ അടക്കമുള്ളവരുമായി ഞങ്ങൾ നിരന്തരം ചർച്ച നടത്തുന്നുണ്ട്. വരുന്ന രണ്ട് മത്സരങ്ങൾ അവരെ സംബന്ധിച്ച് തയ്യാറെടുക്കാനുള്ള നിർണായക അവസരമാണ്. വരുന്ന മാസങ്ങൾ ടീമിനെ സംബന്ധിച്ചു വലിയ വെല്ലുവിളികളാണ് അഭിമുഖീകരിക്കേണ്ടത്'- ദ്രാവിഡ് വ്യക്തമാക്കി.