- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഞങ്ങൾ ഒരുമിച്ച് വർഷങ്ങളോളം കളിച്ചു; ആ പാർട്ണർഷിപ്പ് ഞാൻ ഏറെ ആസ്വദിച്ചിരുന്നു; ഇന്ത്യയുടെ ഓപ്പണിങ് ജോഡിയായി ഞങ്ങൾ സ്ഥാപിച്ച റെക്കോർഡുകളുമേറെയാണ്'; ഇഷ്ടപ്പെട്ട ബാറ്റിങ് പങ്കാളിയുടെ പേര് വെളിപ്പെടുത്തി രോഹിത് ശർമ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഓപ്പണർമാരിൽ ഒരാളാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമ്മ. ഏകദിനത്തിൽ ശിഖർ ധവാനൊപ്പവും വിരാട് കോലിക്കൊപ്പവും ശുഭ്മാൻ ഗില്ലിനൊപ്പവും മികച്ച കൂട്ടുകെട്ടുകൾ രോഹിത് സൃഷ്ടിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ബാറ്റിങ് പാർട്ണർ ആരാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കുക കൂടി ചെയ്യാതെ ഹിറ്റ്മാൻ ഉത്തരം നൽകും. എന്നാലത് റൺമെഷീൻ വിരാട് കോലിയുടെ പേരല്ല.
ഏറെക്കാലം ഓപ്പണറായി ഒന്നിച്ച് മൈതാനത്തെത്തിയിരുന്ന ഇടംകൈയൻ ബാറ്റർ ശിഖർ ധവാനാണ് തന്റെ പ്രിയപ്പെട്ട ബാറ്റിങ് പാർട്ണർ എന്ന് രോഹിത് ശർമ്മ പറയുന്നു. 'ശിഖർ ധവാനും ഞാനും തമ്മിൽ മൈതാനത്തും പുറത്തും ശക്തമായ സൗഹൃദമാണുള്ളത്. ടീം ഇന്ത്യക്കായി ഒരുമിച്ച് ഏറെ വർഷക്കാലം കളിച്ചു. ധവാനൊപ്പമുള്ള കൂട്ടുകെട്ട് ഞാനെക്കാലവും ആസ്വദിച്ചു. ഏറെ ഊർജവും തമാശകളുമുള്ളയാളാണ് ധവാൻ. ടീം ഇന്ത്യക്കായി ഓപ്പണിംഗിൽ മികച്ച റെക്കോർഡ് ഞങ്ങൾക്ക് സൃഷ്ടിക്കാനായി' എന്നും രോഹിത് ശർമ്മ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു.
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ജോഡികളിൽ ഒന്നാണ് ഇവർ. 117 തവണ ഒരുമിച്ച് ബാറ്റ് ചെയ്ത ഇരുവരും 5193 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയും രോഹിതും ഏകദിനത്തിൽ 86 തവണ ഒരുമിച്ച് ബാറ്റ് ചെയ്യുകയും 5008 സ്‌കോർ ചെയ്യുകയും ചെയ്തിട്ടുണ്ട്. എങ്കിലും, ഇന്ത്യൻ ഓപ്പണിങ് ബാറ്റർ, ഫീൽഡിലും പുറത്തും തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ധവാനെയാണ് തെരഞ്ഞെടുത്തത്.
2013 ചാമ്പ്യൻസ് ട്രോഫിയിലാണ് ഇരുവരും ആദ്യമായി ഓപ്പണിങ് പങ്കാളികളായത്. നീണ്ട പത്ത് വർഷത്തിലേറെ ഇരുവരും ഏകദിന ഫോർമാറ്റിൽ ഇന്ത്യയുടെ വിശ്വസ്ത ഓപ്പണർമാരായി കളിച്ചു. ഇടംകൈ- വലംകൈ കോംപിനേഷനായതിനാൽ ബൗളർമാരെ വട്ടംകറക്കിയിരുന്നു രോഹിത്തും ധവാനും.
അതേസമയം, ശിഖർ ധവാന് നിലവിൽ ഏകദിന സ്‌ക്വാഡിൽ ഇടമില്ല. ശുഭ്മാൻ ഗിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുത്തുകഴിഞ്ഞു. ഇതിനകം 25-ൽ താഴെ ഏകദിന ഇന്നിങ്സുകളിൽ ഒന്നിച്ച് ബാറ്റ് ചെയ്ത രോഹിതും ഗില്ലും അഞ്ഞൂറ് റൺസ് കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്