ധാക്ക: ഏകദിന ലോകകപ്പ് പോരാട്ടം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിൽ കടുത്ത പ്രതിസന്ധി. പരിക്ക് ഭേദമാകാത്ത മുൻ നായകൻ തമിം ഇഖ്ബാലിനെ ടീമിൽ ഉൾപ്പെടുത്താൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് നടത്തുന്ന ശ്രമങ്ങളെ ചെറുത്ത് നായകൻ ഷക്കീബ് അൽ ഹസൻ രംഗത്ത് എത്തിയതാണ് നിലവിലെ പ്രതിസന്ധി. ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്നും ലോകകപ്പിൽ കളിക്കില്ലെന്നും ഷക്കീബ് അൽ ഹസൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് (ബി.സി.ബി) മുന്നറിയിപ്പ് നൽകിയതായാണ് വിവരം.

പരിക്കിൽനിന്ന് പൂർണമായി മോചിതനാകാത്ത തമീം ഇഖ്ബാലിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താനുള്ള മാനേജ്‌മെന്റ് നീക്കമാണ് ഷക്കീബിനെ ചൊടിപ്പിച്ചത്. ലോകകപ്പിൽ അഞ്ചിൽ കൂടുതൽ മത്സരങ്ങൾ കളിക്കാനാകില്ലെന്ന് തമീം തന്നെ ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു. എന്നിട്ടും താരത്തെ ടീമിൽ ഉൾപ്പെടുത്താനാണ് ബോർഡിന്റെ നീക്കം. പാതി ഫിറ്റായ ഒരു താരത്തെ ലോകകപ്പ് കളിക്കാൻ വേണ്ടെന്നാണ് ഷക്കീബ് പറയുന്നത്.

ഷക്കീബം പരിശീലകൻ ചണ്ഡിക ഹതുരുസിംഗയും തിങ്കളാഴ്ച രാത്രി ബി.സി.ബി അധ്യക്ഷൻ നസ്മുൽ ഹസ്സന്റെ വസതിയിലെത്തി നേരിട്ട് വിഷയം ധരിപ്പിച്ചതായാണ് വിവരം. പുറംവേദനയെ തുടർന്ന് ചികിത്സയിലായിരുന്നു തമീം ഏറെ നാളായി ടീമിനു പുറത്തായിരുന്നു. ന്യൂസിലൻഡിനെതിരെ ഇപ്പോൾ നടക്കുന്ന ഏകദിന പരമ്പരയിലാണ് താരം മടങ്ങിയെത്തിയത്. കിവീസിനെതിരെ രണ്ടാം ഏകദിനത്തിൽ ബാറ്റിങ്ങിനുശേഷം ശേഷം കാര്യമായ അസ്വസ്ഥത അനുഭവപ്പെട്ടതായി മുൻ നായകൻ കൂടിയായ തമീം തുറന്നുപറഞ്ഞിരുന്നു.

കായികക്ഷമത പൂർണമായി വീണ്ടെടുക്കാനായിട്ടില്ലെന്ന് പറയുന്ന ഒരു താരത്തെ ലോകകപ്പ് ടീമിൽ കളിപ്പിക്കാനാകില്ലെന്ന ഉറച്ചനിലപാടിലാണ് ഷക്കീബ്. ടീമിൽ ഉൾപ്പെടുത്തുകയാണെങ്കിൽ താൻ നായക സ്ഥാനം ഒഴിയുമെന്നു മാത്രമല്ല, ലോകകപ്പിൽ കളിക്കാനുണ്ടാകില്ലെന്നും കൂടി പറഞ്ഞതായാണ് വിവരം. ലോകകപ്പിൽ കളിക്കുന്ന പത്തു ടീമുകളിൽ ബംഗ്ലാദേശിന് പതിനഞ്ചംഗ ടീമിനെ ഇതുവരെ തീരുമാനിക്കാനാവാത്തത് പ്രതിസന്ധിയിലാക്കുന്നത്.