രാജ്കോട്ട്: ഏകദിന ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിനപരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 353 റൺസ് വിജയലക്ഷ്യം. ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണ് ഓസ്ട്രേലിയയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മുന്നിൽ റൺമല ഉയർത്താൻ ഓസ്‌ട്രേലിയയ്ക്കായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസെടുത്തു. 84 പന്തിൽ 96 റൺസെടുത്ത ഓപ്പണർ മിച്ചൽ മാർഷാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്‌ത്തി. പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയതിനാൽ മത്സരഫലം അപ്രസക്തമാണ്.

ആദ്യ രണ്ട് ഏകദിനങ്ങളിലെ ബാറ്റിംഗിന്റെ കേടു തീർക്കുന്ന പ്രകടനമാണ് ഓസീസ് ബാറ്റർമാർ രാജകോട്ടിൽ പുറത്തെടുത്തത്. ടോസ് നേടി ക്രീസിലിറങ്ങിയ ഓസീസിനായി വാർണർ-മാർഷ് സഖ്യം ടി20 മോദിൽ തകർത്തടിച്ച് എട്ടോവറിൽ 78 റൺസടിച്ചു. ഇന്ത്യയുടെ ബൗളിങ് കുന്തമുനയായ ജസ്പ്രീത് ബുമ്രയാണ് വാർണർ-മാർഷ് സഖ്യത്തിന്റെ ചൂടറിഞ്ഞത്. ബൗളിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായ മുഹമ്മദ് സിറാജിനെയും ഓസീസ് വെറുതെ വിട്ടില്ല. 34 പന്തിൽ 56 റൺസടിച്ച വാർണറെ മടക്കിയ പ്രസിദ്ധ് കൃഷ്ണയാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. 34 പന്തിൽ നിന്ന് 56 റൺസെടുത്താണ് വാർണർ മടങ്ങിയത്.

എന്നാൽ വാർണർ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തും മോശമാക്കിയില്ല. സ്റ്റീവൻ സിമിത്തുമൊത്ത് മാർഷ് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. ഇന്ത്യൻ ബൗളർമാരെ പ്രഹരിച്ച ഇരുവരും സ്‌കോർ 200-കടത്തി. 96 റൺസെടുത്ത മിച്ചൽ മാർഷും 74 റൺസെടുത്ത സ്മിത്തും പുറത്തായതോടെ ഓസ്ട്രേലിയയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. അലക്സ് കാരി(11),മാക്സവെൽ(5), കാമറൂൺ ഗ്രീൻ(9) എന്നിവർ നിരാശപ്പെടുത്തി.

അർധസെഞ്ചുറിയുമായി മാർനസ് ലബുഷെയ്നാണ് പിന്നെ ക്രീസിൽ നിലയുറപ്പിച്ചത്. ടീം സ്‌കോർ മൂന്നൂറ് കടത്തിയ താരത്തെ ബുംറയാണ് മടക്കിയത്. 58 പന്തിൽ നിന്ന് 72 റൺസെടുത്താണ് ലബുഷെയ്ൻ പുറത്തായത്. ഒടുവിൽ നിശ്ചിത 50-ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 352 റൺസിന് ഓസീസ് ഇന്നിങ്സ് അവസാനിച്ചു. 19 റൺസെടുത്ത പാറ്റ് കമ്മിൻസ് പുറത്താവാതെ നിന്നു. ഇന്ത്യൻ നിരയിൽ മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറ തിളങ്ങി.

ഏകദിനപരമ്പര തൂത്തുവാരലാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ആശ്വാസജയം തേടിയാണ് ഓസീസ് മൂന്നാം ഏകദിനത്തിനിറങ്ങുന്നത്. നേരത്തേ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ നിരയിൽ രോഹിത് ശർമ, വിരാട് കോലി എന്നിവർ തിരിച്ചെത്തിയപ്പോൾ രണ്ടാം മത്സരത്തിനില്ലാതിരുന്ന പാറ്റ് കമ്മിൻസ് ഓസീസ് ടീമിലും തിരിച്ചെത്തി.