തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങൾക്കായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി. നാല് കളികളാണ് കാര്യവട്ടത്ത് അനുവദിച്ചത്. കാര്യവട്ടത്ത് ലോകകപ്പ് മത്സരങ്ങൾ ഇല്ലാത്തതിന്റെ നിരാശയുണ്ടായുണ്ടെങ്കിലും സന്നാഹമത്സരങ്ങൾക്ക് വേദിയായതിന്റെ ആവേശമുണ്ട് ആരാധകർക്ക്. ലോകകപ്പ് സന്നാഹ മത്സരത്തിന് കേരളം വേദിയാകുന്നത് ഇതാദ്യമാണ്.

നാല് ബാറ്റിങ്ങ് പിച്ചുകളാണ് മത്സരങ്ങൾക്കൊയി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളൽ ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്നു. ഇരുവരും തമ്മിലാണ് ആദ്യ സന്നാഹ മത്സരവും. വെള്ളിയാഴ്‌ച്ചയ 1.30ന് ടോസ് വീഴും.

ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യുസിലൻഡ് അഫ്ഗാനിസ്ഥാൻ നെതർലാന്റ്സ് ടീമുകൾ കാര്യവട്ടത്ത് കളിക്കാനിറങ്ങുന്നത്. വെള്ളിയാഴ്‌ച്ച നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണഫ്രിക്ക, അഫ്ഗാനിസ്ഥാനെതിരെ കളിക്കും. ഇന്ത്യ ഇറങ്ങുന്നത് ഒക്ടോബർ മൂന്നിന്. എതിരാളി നെതർലന്റ്സ്. ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കയേയും നെതർലൻഡ്സ്, ഓസ്ട്രേലിയേയും കാര്യവട്ടത്ത് നേരിടും.

സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായി. ജനുവരിയിൽ നടന്ന ഇന്ത്യ - ശ്രീലങ്ക മത്സരത്തിന് വേണ്ടി സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ നിർദ്ദേശ പ്രകാരമുള്ള പിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. 45000 സീറ്റുകളുള്ള സ്റ്റേഡിയത്തിൽ ഐസിസിയുടെ നിബന്ധന പ്രകാരം സന്നാഹ മത്സരങ്ങൾക്ക് 30000 സീറ്റുകൾ മാത്രമെ അനുവദിക്കു.

ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കിയതായി മന്ത്രി എം.ബി രാജേഷ്. ടിക്കറ്റ് നിരക്കിന്റെ 24 മുതൽ 48 ശതമാനം വരെ വാങ്ങാനാകുന്ന വിനോദ നികുതിയാണ് പൂർണമായി ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കാര്യവട്ടത്ത് നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങൾക്ക് 12 ശതമാനവും അഞ്ച് ശതമാനവും ആയിരുന്നു വിനോദ നികുതി ചുമത്തിയിരുന്നത്.

കായികപ്രേമികളുടെ അഭ്യർത്ഥന മാനിച്ചാണ് പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾക്കിടയിലും സർക്കാർ നികുതി പൂർണമായി ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കേരളാ ക്രിക്കറ്റ് അസോസിയേഷനും നിരക്ക് ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. കൂടുതൽ പേർക്ക് കളി ആസ്വദിക്കാനും, കാര്യവട്ടത്തേക്ക് കൂടുതൽ മത്സരങ്ങളെത്താനും തീരുമാനം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.സന്നാഹ മത്സരങ്ങൾ സൗജന്യമായി കാണാമെന്ന് നേരത്തെ പറയപ്പെട്ടിരുന്നു.

ഓസ്ട്രേലിയക്കെതിരെ ഏകദിന സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക, അഫ്ഗാനെതിരെ കളിക്കുന്നത്. അഫ്ഗാനിസ്ഥാന് നിർഭാഗ്യം കൊണ്ട് മാത്രമാണ് ഏഷ്യാ കപ്പ് സൂപ്പർ ഫോർ സ്ഥാനം നഷ്ടമായത്.