- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തിരിച്ചുവരവിൽ അർധ സെഞ്ചുറിയുമായി രോഹിതും കോലിയും; മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാതെ മധ്യനിര; മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കനത്ത തോൽവി; ഓസിസിന്റെ ആശ്വാസജയം 66 റൺസിന്
രാജ്‌കോട്ട്: മിന്നുന്ന അർധ സെഞ്ചുറികളുമായി നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോലിയും മികച്ച തുടക്കം നൽകിയിട്ടും ഓസ്‌ട്രേലിയയ്ക്ക് എതിരായ മൂന്നാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.4 ഓവറിൽ 286 റൺസിന് എല്ലാവരും പുറത്തായി. ആദ്യ രണ്ട് ഏകദിനങ്ങളും തോറ്റ് പരമ്പര കൈവിട്ട ഓസ്‌ട്രേലിയ, മൂന്നാം മത്സരത്തിൽ 66 റൺസിന്റെ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയ്ക്കായി 10 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലാണ് കളിയിലെ താരം. പരമ്പരയിലെ രണ്ട് മത്സരങ്ങളിൽ നിന്നും സെഞ്ചുറിയടക്കം 178 റൺസ് നേടിയ ശുഭ്മാൻ ഗിൽ പരമ്പരയിലെ താരമായി.
ഇൻഡോർ ഹോൽക്കർ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിലെ കൂറ്റൻ തോൽവിക്ക്, രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഓസിസ് പകരംവീട്ടി. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാനാകാതെ മധ്യനിര കളികൈവിട്ടു. കഴിഞ്ഞ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ച സൂര്യകുമാർ യാദവും കെ എൽ രാഹുലും നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യ 49.4 ഓവറിൽ 286 റൺസുമായി കൂടാരം കയറി. അവസാന മത്സരം പരാജയപ്പെട്ടെങ്കിലും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2 - 1ന് സ്വന്തമാക്കി.
തിരിച്ചുവരവിൽ രോഹിതും കോലിയും അർധസെഞ്ചറി നേടിയെങ്കിലും വിജയം നേടാനായില്ല. 57 പന്തിൽ അഞ്ച് ഫോറും ആറു സിക്‌സും സഹിതം തകർത്തടിച്ച രോഹിത് 81 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. കോലി 61 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 56 റൺസെടുത്തും പുറത്തായി. 10 ഓവറിൽ 40 റൺസ് മാത്രം വഴങ്ങി ഇവരുടേത് ഉൾപ്പെടെ നാലു മുൻനിര വിക്കറ്റുകൾ വീഴ്‌ത്തിയ ഗ്ലെൻ മാക്‌സ്‌വെലാണ് ഇന്ത്യയെ തകർത്തത്.
ഓസ്‌ട്രേലിയ ഉയർത്തിയ 353 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി പരീക്ഷിച്ചത് ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദറിനെ. പതർച്ചയോടെയാണെങ്കിലും ഓപ്പണിങ് വിക്കറ്റിൽ രോഹിത്തിനൊപ്പം അർധസെഞ്ചറി കൂട്ടുകെട്ട് തീർത്താണ് സുന്ദർ തിരികെ കയറിയത്. 65 പന്തിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 74 റൺസ്. സുന്ദർ 30 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 18 റൺസാണ് നേടിയത്. മാക്‌സ്‌വെലിന്റെ പന്തിൽ ലബുഷെയ്‌നു ക്യാച്ച് സമ്മാനിച്ചായിരുന്നു മടക്കം.
രണ്ടാം വിക്കറ്റിൽ വീണ്ടും അർധസെഞ്ചറി കൂട്ടുകെട്ട്. ഇത്തവണ രോഹിത് കോലി സഖ്യം 61 പന്തിൽ അടിച്ചെടുത്തത് 70 റൺസ്. തകർത്തടിച്ചു മുന്നേറിയ രോഹിത്തിനെ പുറത്താക്കി മാക്‌സ്വെലാണ് കൂട്ടുകെട്ട് പൊളിച്ചത്. സ്വന്തം ബോളിങ്ങിൽ അവിശ്വസനീയമായ ക്യാച്ചിലൂടെയാണ് മാക്‌സ്‌വെൽ രോഹിത്തിനെ മടക്കിയത്. 61 പന്തിൽ 56 റൺസെടുത്ത കോലിയെയും മാക്‌സ്‌വെൽ പുറത്താക്കി. ക്യാച്ചെടുത്തത് സ്റ്റീവ് സ്മിത്ത്.
പിന്നീട് നാലാം വിക്കറ്റിൽ ശ്രേയസ് അയ്യർ കെ.എൽ.രാഹുൽ സഖ്യവും അർധസെഞ്ചറി കൂട്ടുകെട്ടു തീർത്തെങ്കിലും, ഇവരും പിരിഞ്ഞതോടെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത് 54 പന്തിൽ 52 റൺസ്. രാഹുലിനെ പുറത്താക്കി സ്റ്റാർക്കാണ് കൂട്ടുകെട്ട് പൊളിച്ചത്. രാഹുൽ 30 പന്തിൽ രണ്ടു ഫോറുകൾസഹിതം 26 റൺസെടുത്തു. 43 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 48 റൺസെടുത്ത അയ്യരെയും മാക്‌സ്‌വെൽ തന്നെ പുറത്താക്കിയതോടെ ഓസീസ് വിജയവഴിയിലെത്തി.
ഏഴു പന്തിൽ എട്ടു റൺസുമായി സൂര്യകുമാറും മടങ്ങിയതോടെ അവർ വിജയമുറപ്പിച്ചു. ഹെയ്‌സ്ൽവുഡിന്റെ പന്തിൽ മാക്‌സ്‌വെൽ ക്യാച്ചെടുത്തായിരുന്നു സൂര്യയുടെ മടക്കം. പിന്നീടു വന്നവരിൽ രവീന്ദ്ര ജഡേജ 36 പന്തിൽ 35 റൺസെടുത്ത് പരാജയഭാരം കുറച്ചു. കുൽദീപ് യാദവ് (12 പന്തിൽ രണ്ട്), ജസ്പ്രീത് ബുമ്ര (11 പന്തിൽ അഞ്ച്), മുഹമ്മദ് സിറാജ് (എട്ടു പന്തിൽ ഒന്ന്) എന്നിവർ പോരാട്ടം കൂടാതെ കീഴടങ്ങി. ഓസ്‌ട്രേലിയയ്ക്കായി 10 ഓവറിൽ 40 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്ത മാക്‌സ്‌വെൽ തിളങ്ങി. ഹെയ്‌സൽവുഡ് എട്ട് ഓവറിൽ 42 റൺസ് വഴങ്ങി രണ്ടും മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, അരങ്ങേറ്റ മത്സരം കളിച്ച തൻവീർ സംഗ, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 352 റൺസെടുത്തത്. മുൻനിര ബാറ്റർമാരുടെ മികവിലായിരുന്നു ഓസീസ് ബാറ്റിങ് നിരയുടെ മുന്നേറ്റം. 84 പന്തിൽ 96 റൺസെടുത്ത മിച്ചൽ മാർഷാണ് അവരുടെ ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് (61 പന്തിൽ 74), ഡേവിഡ് വാർണർ (34 പന്തിൽ 56), മാർനസ് ലബുഷെയ്ൻ (58 പന്തിൽ 72) എന്നിവരും അർധ സെഞ്ചറി നേടി.
ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി 78 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് വാർണറും മാർഷും ചേർന്നു പടുത്തുയർത്തിയത്. അർധ സെഞ്ചറിക്കു പിന്നാലെ വാർണറെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കയ്യിൽ പ്രസിദ്ധ് കൃഷ്ണ എത്തിച്ചു. മിച്ചൽ മാർഷ് നിലയുറപ്പിച്ചതോടെ ഓസീസ് സ്‌കോർ 200 ഉം കടന്നു മുന്നേറി. താരം സെഞ്ചറിയിലെത്തുമെന്നു തോന്നിച്ചെങ്കിലും സ്പിന്നർ കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായി. പ്രസിദ്ധ് കൃഷ്ണയുടെ ക്യാച്ചിലാണ് മാർഷിന്റെ മടക്കം.
പിന്നാലെയെത്തിയ സ്റ്റീവ് സ്മിത്തും അർധ സെഞ്ചറി തികച്ചു. സ്‌കോർ 242 ൽ നിൽക്കെ മുഹമ്മദ് സിറാജിന്റെ പന്തിൽ എൽബിഡബ്ല്യു ആയി സ്മിത്ത് മടങ്ങി. ലബുഷെയ്ൻ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും അലക്‌സ് ക്യാരി (19 പന്തിൽ 11), ഗ്ലെൻ മാക്സ്‌വെൽ (ഏഴു പന്തിൽ അഞ്ച്), കാമറൂൺ ഗ്രീൻ (13 പന്തിൽ ഒൻപത്) എന്നിവർ നിരാശപ്പെടുത്തി. 49-ാം ഓവറിലാണ് ലബുഷെയ്‌ന്റെ വിക്കറ്റു വീണത്. ജസ്പ്രീത് ബുമ്രയുടെ പന്തിൽ ശ്രേയസ് അയ്യർ ക്യാച്ചെടുത്ത് താരത്തെ മടക്കി. വാലറ്റത്ത് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് (22 പന്തിൽ 19), മിച്ചൽ സ്റ്റാർക്ക് (രണ്ട് പന്തിൽ ഒന്ന്) എന്നിവർ പുറത്താകാതെനിന്നു.
സ്പോർട്സ് ഡെസ്ക്