- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാര്യവട്ടത്ത് കളിമുടക്കി കനത്ത മഴ; അഫ്ഗാൻ - ദക്ഷിണാഫ്രിക്ക സന്നാഹമത്സരം ഉപേക്ഷിച്ചു; നാളെ ഓസിസ് നെതർലൻഡ്സ് പോരാട്ടം; സന്നാഹ മത്സരത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും ഭേദപ്പെട്ട നിലയിൽ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കനത്ത മഴയെ തുടർന്ന് ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാൻ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്സ്, ഓസ്ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്സിനേയും നേരിടും.
ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. മഴ തോരാത്തതിനാൽ ടോസ് പോലും ഇടാൻ സാധിച്ചില്ല. ഉച്ചയ്ക്ക് 2നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മൂന്നു മണിക്കും മൂന്നരയ്ക്കും അംപയർമാർ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഓസ്‌ട്രേലിയയും നെതർലൻഡ്സും തമ്മിലാണ് കര്യവട്ടത്തെ അടുത്ത സന്നാഹ മത്സരം. ഒക്ടോബർ 2, 3 തീയതികളിലും മത്സരമുണ്ട്. 3ന് ഇന്ത്യയും നെതർലൻഡ്‌സും തമ്മിലാണ് മത്സരം. മഴ മത്സരങ്ങൾക്ക് ഭീഷണി ഉയർത്തുന്നുണ്ട്. ന്യൂസീലൻഡിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുത്ത സന്നാഹ മത്സരം. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവൂമ കുടുംബകാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതിനാൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ എയ്ഡൻ മാർക്രം ആണ് ടീമിനെ നയിക്കുന്നത്. സന്നാഹ മത്സരങ്ങൾക്കു ശേഷമേ ബവൂമ മടങ്ങിയെത്തുകയുള്ളൂ.
മറ്റു രണ്ടു സന്നാഹ മത്സരങ്ങളിൽ, ന്യൂസീലൻഡിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിലവിൽ 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് എന്ന നിലയിലാണ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ഗുവാഹത്തിയിൽ, ബംഗ്ലാദേശിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഒടുവിൽ വിവരം ലഭിക്കുമ്പോൾ 42 ഓവറിൽ അഞ്ച് വിക്കറ്റിന് 214 റൺസ് എന്ന നിലയിലാണ്.
സ്പോർട്സ് ഡെസ്ക്