ഹൈദരാബാദ്: ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും തോൽവി. ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റിനാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ 346 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗിൽ ന്യൂസിലൻഡ് 43.4 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകർത്താണ് ബംഗ്ലാദേശ് ലോകകപ്പിനുള്ള മുന്നൊരുക്കം ആവേശകരമാക്കിയത്.

ഹൈദരാബാദിൽ നടന്ന മത്സരത്തിൽ പാക്കിസ്ഥാൻ റൺമല ഉയർത്തിയെങ്കിലും കിവീസ് 38 പന്തുകൾ ശേഷിക്കെ അനായാസം മറികടന്നു. 103 റൺസെടുത്ത മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. 97 റൺസ് നേടിയ രജിൻ രവീന്ദ്രയാണ് ന്യൂസിലൻഡിന്റെ ടോപ് സ്‌കോറർ. ആറ് മാസത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ കെയ്ൻ വില്യംസൺ (54) അർധ സെഞ്ചുറി നേടിയാണ് തിരിച്ചുവരവ് ആഘോഷിച്ചത്. മാർക് ചാപ്മാൻ (65), ഡാരിൽ മിച്ചൽ (59) എന്നിവരുടെ ഇന്നിങ്സും കിവീസിന്റെ വിജയത്തിൽ നിർണായമായി.

മോശം തുടക്കമായിരുന്നു ന്യൂസിലൻഡിന്. രണ്ടാം ഓവറിൽ തന്നെ ഡെവോൺ കോൺവെയെ (0) കിവീസിന് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയത് വില്യംസൺ. പരിക്കിൽ നിന്ന് മോചിതനായി എത്തുകയാണെന്ന ചിന്തയൊന്നും അദ്ദേഹത്തിനില്ലായിരുന്നു. സ്വതസിദ്ധമായ ശൈലിയിൽ അദ്ദേഹം ബാറ്റ് വീശി. 50 പന്തുകൾ നേരിട്ട വില്യംസൺ എട്ട് ബൗണ്ടറികൾ നേടിയിരുന്നു. അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ അദ്ദേഹം റിട്ടയേർഡ് ഹർട്ടായി.

24ാം ഓവറിൽ രവീന്ദ്രയും മടങ്ങി. 72 പന്തിൽ ഒരു സിക്സും 16 ഫോറും രവീന്ദ്ര നേടി. 59 റൺസെടുത്ത മിച്ചൽ മാർഷ് ഫോമിലാണെന്ന് തെളിയിച്ച ശേഷം റിട്ടയേർഡ് ഹർട്ടായി. ടോം ലാതം (18), ഗ്ലെൻ ഫിലിപ്സ് (3) എന്നിവർ പെട്ടന്ന് മടങ്ങിയെങ്കിലും ചാപ്മാൻ - ജെയിംസ് നീഷം (33) സഖ്യം നേടിയ 110 റൺസ് കിവീസിന്റെ വിജയത്തിൽ നിർണായകമായി. നീഷം വീണെങ്കിലും മിച്ചൽ സാന്റ്നറെ (1) കൂട്ടുപിടിച്ച് ചാപ്മാൻ കിവീസിനെ വിജയത്തിലെത്തിച്ചു.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 345 റൺസാണ് നേടിയത്. മുഹമ്മദ് റിസ്വാൻ പുറമെ ബാബർ അസം (80), സൗദ് ഷക്കീൽ (75) എന്നിവരാണ് പാക്കിസ്ഥാൻ നിരയിൽ തിളങ്ങിയത്. മിച്ചൽ സാന്റ്നർ രണ്ട് വിക്കറ്റെടുത്തു.

ഗുവാഹത്തി ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മറ്റൊരു സന്നാഹ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ കൂറ്റൻ ജയമാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ശ്രീലങ്ക 49.1 ഓവറിൽ 263ന് എല്ലാവരും പുറത്തായി. 68 റൺസ് നേടിയ പതും നിസ്സങ്കയാണ് അവരുടെ ടോപ് സ്‌കോറർ. മെഹദി ഹസൻ മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 42 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. തൻസിദ് ഹസൻ (84), മെഹിദി ഹസൻ മിറാസ് (67), ലിറ്റൺ ദാസ് (61) എന്നിവർ തിളങ്ങി.

ഗംഭീര തുടക്കമാണ് ദാസ് - തൻസിദ് സഖ്യം ബംഗ്ലാദേശിന് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 131 റൺസ് കൂട്ടിചേർത്തു. 21-ാം ഓവറിൽ ദാസിനെ മടക്കി ദുഷൻ ഹേമന്ത ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി ക്രീസിലെത്തിയ മെഹിദി തൻസിദിന് പിന്തുണ നൽകി. ഇരുവരും 52 റൺസ് കൂട്ടിചേർത്തു. തൻസിദിനെ പുറത്താക്കി ലാഹിരു കുമാര പവലിയനിൽ തിരിച്ചെത്തിച്ചു. നാലാമനായി ക്രീസിലെത്തിയ തൗഹിദ് ഹൃദോയ് (0) ആദ്യ പന്തിൽ തന്നെ മടങ്ങി. മെഹിദി - മുഷ്ഫിഖുർ റഹീം (35) സഖ്യം ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു.

ടോസ് നേടിയ മികച്ച തുടക്കമാണ് ശ്രീലങ്കയ്ക്ക് ലഭിച്ചത്. ഓപ്പണിങ് വിക്കറ്റിൽ നിസ്സങ്ക - കുശാൽ പെരേര (34) സഖ്യം 104 റൺസ് കൂട്ടിചേർത്തു. പിന്നീട് ശ്രീലങ്ക തകരുകയായിരുന്നു. ഇതിനിടെ ആശ്വാസമായത് ധനഞ്ജയ ഡിസിൽവ നേടിയ 55 റൺസാണ്. കുശാൽ മെൻഡിസ് (22), സധീര സമരവിക്രമ (2), ചരിത് അസലങ്ക (18), ദസുൻ ഷനക (3), ദിമുത് കരുണാരത്നെ (18), ദുനിത് വെല്ലാലഗെ എന്നിവരാണ് പുറത്തായ മറ്റു പ്രമുഖർ. കുശാൽ പെരേര (34) റിട്ടയേർഡ് ഹർട്ടായി.

കാര്യവട്ടം, ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാൻ മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. മത്സരത്തിന് ടോസിടാൻ പോലും സാധിച്ചില്ല. ഇനി മൂന്ന് മത്സരങ്ങൾ കൂടി സ്റ്റേഡിയത്തിൽ അവശേഷിക്കുന്നുണ്ട്. നാളെ നെതർലൻഡ്സ്, ഓസ്ട്രേലിയക്കെതിരെ കളിക്കും. ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീൻഫീൽഡിലാണ്. തൊട്ടടുത്ത ദിവസം ഇന്ത്യ, നെതർലൻഡ്സിനേയും നേരിടും.