ഗുവാഹത്തി: കടുത്ത മഴയെ തുടർന്ന് ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന ലോകകപ്പ് സന്നാഹമത്സരം ഉപേക്ഷിച്ചു. ഗുവാഹത്തിയിൽ നടക്കേണ്ട മത്സരം ടോസ് വീണ ശേഷം മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ട ഓസ്ട്രേലിയ - നെതർലൻഡ്സ് മത്സരം ഏഴ് മണിക്ക് ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

കാര്യവട്ടത്തെ ഇന്നലെ നടക്കേണ്ടിയിരുന്നു അഫ്ഗാനിസ്ഥാൻ - ദക്ഷിണാഫ്രിക്ക മത്സരവും മഴയെടുത്തിരുന്നു. ഇനി രണ്ട് മത്സരം കൂടി കാര്യവട്ടത്ത് അവശേഷിക്കുന്നുണ്ട്. തിങ്കളാഴ്‌ച്ച ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്കയെ നേരിടും. ചൊവ്വാഴ്‌ച്ച ഇന്ത്യ - ന്യൂസിലൻഡ് മത്സരവുമുണ്ട്.

ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരുന്നു. പിന്നാലെ അതിശക്തമായ മഴയെത്തുകയായിരുന്നു. തുടർന്ന് ഒരോവർ പോലും എറിയാൻ സാധിച്ചില്ല. കന്നത്ത ചൂടിൽ ബൗളർമാർ എറിഞ്ഞു തളരാതിരിക്കാനാണ് ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ വ്യക്തമാക്കിയിരുന്നു. ഒക്ടോബർ എട്ടിന് ഓസ്ട്രേലിയയെ നേരിടുന്നതിന് മുമ്പ് ഇന്ത്യ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെത്തും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, ആർ അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, കുൽദീപ് യാദവ്.

ഏഷ്യാ കപ്പിന് പുറമെ ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പരയും നേടിയ ഇന്ത്യൻ ടീം ആത്മവിശ്വാസത്തിലാണ്. ടീമിലെ പ്രധാന താരങ്ങൾക്കാർക്കും പരിക്കില്ലെന്നുള്ളതാണ് ഇന്ത്യയെ ആശ്വസിപ്പിക്കുന്ന പ്രധാന കാര്യം. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നിവരെല്ലാം ഫോം വീണ്ടെടുക്കുകയും ചെയ്തു.