ബറോഡ: ലോകകപ്പിൽ ആതിഥേയരായ ഇന്ത്യക്കെതിരെ ആദ്യ മത്സരത്തിന് തയ്യാറെടുക്കുന്ന ഓസ്‌ട്രേലിയയെ ആശങ്കപ്പെടുത്തുന്നത് ചെന്നൈയിലെ സ്പിൻ കെണിയാണ്. ഇന്ത്യൻ സ്പിന്നർ ആർ അശ്വിന്റെ ബൗളിംഗിനെ എങ്ങനെ ചെറുക്കുമെന്ന ചർച്ചയാണ് ഓസിസ് ക്യാമ്പിൽ സജീവമായ വിഷയം. അതിനിടെ അശ്വിന്റെ ബൗളിങ് ആക്ഷനോട് ഏറെ സാമ്യമുള്ള സ്പിന്നർ മഹേഷ് പിതിയയെ ലോകകപ്പിന് തൊട്ടു മുമ്പ് നെറ്റ്‌സിൽ പന്തെറിയാൻ ഓസ്‌ട്രേലിയൻ ടീം ക്ഷണിച്ച വിവരവും പുറത്തുവന്നിരിക്കുകയാണ്.

ലോകകപ്പ് ടീമിൽ പരിക്കേറ്റ അക്‌സർ പട്ടേലിന്റെ പകരക്കാരനായി ഇന്ത്യ ആർ അശ്വിനെ ടീമിലെടുത്ത് മണിക്കൂറുകൾക്ക് അകമാണ് മഹേഷ് പിതിയക്ക് ഓസ്‌ട്രേലിയൻ ടീമിന് പരിശീലനത്തിൽ പന്തെറിയാനുള്ള ക്ഷണമെത്തിയത്. ഓസ്‌ട്രേലിയൻ ടീമിനൊപ്പമുള്ള ത്രോ ഡൗൺ സ്‌പെഷലിസ്റ്റായ പ്രതീഷ് ജോഷി വഴിയാണ് ഓസീസ് ടീം ബന്ധപ്പെട്ടതെന്ന് മഹേഷ് പിതിയ പറഞ്ഞു. നേരത്തെ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ മഹേഷ് ഓസീസ് ടീമിന് നെറ്റ്‌സിൽ പന്തെറിഞ്ഞിട്ടുണ്ട്.

ബറോഡയ്ക്കു വേണ്ടി കളിക്കുന്ന ഓഫ് സ്പിന്നറായ മഹേഷ് പിതിയ, അശ്വിന്റെ അതേ സ്‌റ്റൈലിലാണു പന്തെറിയുന്നത്. ബോർഡർ ഗാവസ്‌കർ ട്രോഫിയുടെ സമയത്ത് ഓസ്‌ട്രേലിയൻ ടീം പിതിയയെ ഉപയോഗിച്ചിരുന്നു. പിതിയയുടെ പന്തുകൾ നെറ്റ്‌സിൽ നേരിട്ടാണ് അശ്വിന്റെ തന്ത്രങ്ങളെ മറികടക്കാൻ ഓസ്‌ട്രേലിയ ശ്രമിച്ചത്.

ഈ പരിചയം വച്ചാണ് മഹേഷിന് ഓസീസ് ടീം ലോകകപ്പ് പരീശലസംഘത്തിലേക്ക് ക്ഷണിച്ചത്. ലോകകപ്പിൽ ഒക്ടോബർ എട്ടിന് ഇന്ത്യക്കെതിരെ ചെന്നൈയിലാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. എന്നാൽ ബറോഡ ടീം അംഗമായ തനിക്ക് ടീമിനൊപ്പം മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ കോച്ചുമായി ആലോചിച്ചശേഷം ഓസീസ് ടീമിന്റെ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് മഹേഷ് സ്പോർട്സ് സ്റ്റാറിനോട് പറഞ്ഞു.

ബറോഡ ബോളിങ് പരിശീലകൻ എസ്. അരവിന്ദുമായി ചർച്ച ചെയ്ത ശേഷമാണ് മഹേഷ് പിതിയ ഓസ്‌ട്രേലിയൻ ക്യാംപിൽ ചേരേണ്ടതില്ലെന്നു തീരുമാനിച്ചത്. ''ഓസ്‌ട്രേലിയയുടേത് നല്ല ഓഫറാണ്. പക്ഷേ അടുത്ത മാസം തുടങ്ങുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിൽ ഞാൻ ബറോഡ ടീമിന്റെ ഭാഗമാണ്. പരിശീലകരുമായി ആലോചിച്ച ശേഷമാണ് ഓസ്‌ട്രേലിയൻ ടീമിനെ നിലപാട് അറിയിച്ചത്.'' പിതിയ പറഞ്ഞു.

മഹേഷിനെ പരിശീലന സെഷനിൽ ഉൾപ്പെടുത്തുന്ന കാര്യം ഓസ്‌ട്രേലിയ ആദ്യം പരഗണിച്ചിരുന്നില്ല. എന്നാൽ അശ്വിൻ ലോകകപ്പ് ടീമിലുണ്ടാവുമെന്ന് ഉറപ്പായതോടെയാണ് ഓസീസ് മഹേഷിനെ ബന്ധപ്പെട്ടത്. ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരക്കിടെ നെറ്റ്‌സിൽ ഓസീസിനെതിരെ പന്തെറിഞ്ഞ മഹേഷ് സ്റ്റീവ് സ്മിത്തിനെ നിരവധി തവണ പുറത്താക്കിയതോടെയാണ് ഓസീസിന്റെ നോട്ടപ്പുള്ളിയായത്. അശ്വിന്റെ അതേ ബൗളിങ് ശൈലിയാണ് മഹേഷും പിന്തുടരുന്നത്. ഓസ്‌ട്രേലിയക്കെതിരായ നാഗ്പൂർ ടെസ്റ്റിനിടെ നെറ്റ്‌സിൽ അശ്വിനെ നേരിൽക്കണ്ട മഹേഷ് അദ്ദേഹത്തിൽ നിന്ന് അനുഗ്രഹം വാങ്ങിയെന്നും നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ജുനഗഢിൽ നിന്നുള്ള ഓഫ് സ്പിന്നറായ മഹേഷ് പിതിയ ക്രിക്കറ്റിനോടുള്ള ആഭിമുഖ്യം കാരണം ബറോഡയിലേക്ക് ചേക്കേറുകയായിരുന്നു. 2013ൽ വെസ്റ്റ് ഇൻഡിസിനെതിരായ അശ്വിന്റെ ബൗളിങ് കണ്ട് ആകൃഷ്ടനായ താരം അശ്വിനെ അനുകരിച്ച് പന്തെറിയാൻ തുടങ്ങുകയായിരുന്നു. ഐപിഎൽ ലേലത്തിൽ പങ്കെടുത്തെങ്കിലും മഹേഷിനെ ആരും സ്വന്തമാക്കിയില്ല. ബറോഡ രഞ്ജി ടീമിൽ സ്ഥിരം സാന്നിധ്യമാകുകയാണ് തന്റെ ആദ്യ ലക്ഷ്യമെന്ന് മഹേഷ് നേരത്തെ പറഞ്ഞിരുന്നു.