മുംബൈ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്ത് നേരത്തെ വിമർശനം ഉന്നയിച്ച മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ അശ്വിന് ആശംസകൾ നേർന്ന് വീണ്ടും രംഗത്ത്. ലോകകപ്പിൽ എല്ലാവിധ ആശംസകളും അശ്വിൻ, രാജ്യത്തിന്റെ അഭിമാനമാകു എന്നായിരുന്നു ശിവരാമകൃഷ്ണന്റെ എക്‌സിലെ പോസ്റ്റ്. ശിവരാമകൃഷ്ണന്റെ വിമർശനങ്ങൾക്കെതിരെ അശ്വിൻ ആരാധകർ കടുത്ത വിമർശനം ഉന്നയിക്കുന്നതിനിടെയാണ് എക്‌സിലൂടെ പ്രതികരണം.

എക്‌സിൽ മോശം പരാമർശങ്ങൾ നടത്തിയതിന് പിന്നാലെ അശ്വിൻ തന്നെ ഫോണിൽ ബന്ധപ്പെട്ടുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ലക്ഷ്മൺ ശിവരാമകൃഷ്ണൻ രംഗത്ത് വരുകയായിരുന്നു. ഐസിസി ലോകകപ്പിനുള്ള കമന്ററി പാനലിൽ ഒറ്റ ഓഫ് സ്പിന്നർ പോലുമില്ലാതിരുന്നതിനെ വിമർശിക്കുമ്പോഴാണ് എക്‌സിൽ ശിവരാമകൃഷ്ണൻ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെ അശ്വിനെതിരെ മോശം പരാമർശങ്ങൾ നടത്തിയത്.

ഇന്ത്യൻ പിച്ചുകൾ അശ്വിന് വിക്കറ്റെടുക്കാൻ വേണ്ടി രൂപമാറ്റം വരുത്തിയവയാണെന്നും അത് താൻ തന്നെ പലതവണ നേരിൽ കണ്ടിട്ടുണ്ടെന്നും ഇന്ത്യൻ ടീമിൽ ഏറ്റവും ശാരീരികക്ഷമതയില്ലാത്ത താരമാണ് അശ്വിനെന്നും ശിവരാമകൃഷ്ണൻ എക്‌സിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ വച്ച് 378 വിക്കറ്റ് നേടിയിട്ടുള്ള അശ്വിൻ ഇപ്പോഴും കളിക്കുന്നത് മറ്റ് സ്പിന്നർമാരില്ലാത്തതുകൊണ്ടാണെന്നും സെന(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലെ അശ്വിന്റെ റെക്കോർഡ് നോക്കൂവെന്നും ഇന്ത്യയിലെ സ്പിൻ പിച്ചിൽ ഏത് വിഡ്ഢിക്കും വിക്കറ്റെടുക്കാനാവുമെന്നും ശിവരാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇന്നലെ അശ്വിന്റെ ബൗളിങ് ആക്ഷനിലെ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയും ശിവരാമകൃഷ്ണൻ പോസ്റ്റിട്ടിരുന്നു.



ഇതിനെല്ലാം പിന്നാലെയാണ് അശ്വിൻ തന്നെ ഫോണിൽ ബന്ധപ്പെട്ടതെന്ന് ശിവരാമകൃഷ്ണൻ എക്‌സിൽ കുറിച്ചു. കുറച്ച് സമയം മുമ്പ് അശ്വിൻ എന്നെ ഫോണിൽ വിളിച്ചിരുന്നു. തന്റെ ബൗളിങ് ആക്ഷനെക്കുറിച്ച് പറഞ്ഞ പോരായ്മയെക്കുറിച്ച് ചോദിച്ചിരുന്നു. നല്ലരീതിയിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ അരാധകർ എനിക്കെതിരെ വിഷം ചീറ്റുന്നത് കണ്ട് അദ്ദേഹം ഞെട്ടിപ്പോയെന്ന് എന്നോട് പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ എനിക്കെതിരെ പ്രതികരിക്കുന്നവരാരും അശ്വിനുമായി നേരിട്ട് യാതൊരു ബന്ധമില്ലാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ലോകകപ്പിൽ എല്ലാ വിധ ആശംസകളും അശ്വിൻ, രാജ്യത്തിന്റെ അഭിമാനമാകു എന്നായിരുന്നു ശിവരാമകൃഷ്ണന്റെ എക്‌സിലെ പോസ്റ്റ്.



ഇന്ത്യയിലെ പിച്ചുകൾ അശ്വിനായി മാറ്റം വരുത്തി, താരത്തിന് ഫിറ്റ്‌നസ് തീരെയില്ല തുടങ്ങിയ ആരോപണങ്ങളാണ് ലക്ഷ്മൺ ശിവരാമകൃഷ്ണൻ നേരത്തെ ഉന്നയിച്ചത്. ഏകദിന ലോകകപ്പിനുള്ള രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കമന്ററി പാനലിൽ സ്പിന്നർമാർ ആരും ഇല്ലെന്നതായിരുന്നു ലക്ഷ്മൺ ശിവരാമകൃഷ്ണനെ ആദ്യം പ്രകോപിപ്പിച്ചത്. ഇക്കാര്യം മുൻ ഇന്ത്യൻ താരം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിക്കുകയും ചെയ്തു. ''ഇന്ത്യയിൽ ലോകകപ്പ് നടക്കുമ്പോഴും കമന്റേറ്ററായി ഒരു സ്പിന്നറില്ല. സ്പിൻ ബോളിങ്ങിനെക്കുറിച്ച് പിന്നെയെങ്ങനെ ആളുകൾ ബോധവാന്മാരാകും. ബാറ്റർമാർക്കേ ക്രിക്കറ്റിനെക്കുറിച്ച് അറിയുകയുള്ളൂ എന്നുണ്ടോ? ലോകകപ്പിന്റേത് മോശം കമന്ററി പാനലാണ്.'' ലക്ഷ്മൺ ശിവരാമകൃഷ്ണൻ പ്രതികരിച്ചു.

പിന്നാലെ അശ്വിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ''പിച്ച് മാറ്റാൻ അശ്വിൻ ഗ്രൗണ്ട് സ്റ്റാഫിനോട് ആവശ്യപ്പെടുന്നതു ഞാൻ പലവട്ടം കണ്ടിട്ടുണ്ട്. അശ്വിന് കളിക്കാൻ പാകത്തിൽ തയാറാക്കിയതിനാലാണ് ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യൻ ബാറ്റർമാരും സ്പിന്നിനെതിരെ ബുദ്ധിമുട്ടുന്നത്. ഏറ്റവും ഫിറ്റ്‌നസ് കുറവുള്ള ക്രിക്കറ്റ് താരമാണ് അശ്വിൻ.'' ലക്ഷ്മൺ ശിവരാമകൃഷ്ണൻ ആരോപിച്ചു. ഇന്ത്യയിലെ മാറ്റം വരുത്തിയ പിച്ചുകളിൽ ഏതു വിഡ്ഢിക്കും വിക്കറ്റുകൾ കിട്ടുമെന്നും ഒരു ആരാധകന് മറുപടിയായാണ് ലക്ഷ്മൺ പ്രതികരിച്ചത്.

എന്നാൽ മുൻ ഇന്ത്യൻ താരത്തിന്റെ വിമർശനങ്ങൾ രസിക്കാതിരുന്ന ആരാധകർ രൂക്ഷഭാഷയിലാണു പ്രതികരിച്ചത്. അക്ഷർ പട്ടേലിനെയാണ് ആദ്യം ലോകകകപ്പ് ടീമിലേക്ക് ഇന്ത്യ പരിഗണിച്ചിരുന്നത്. എന്നാൽ താരത്തിനു പരുക്കേറ്റതോടെ അശ്വിനെ ടീമിലെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മൺ ശിവരാമകൃഷ്ണനെ ഞെട്ടിച്ച് അശ്വിന്റെ ഫോൺ കോൾ എത്തിയത്.