തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതർലൻഡ്‌സ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ടോസ് പോലും സാധ്യമാകാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇന്നലെ രാത്രിയോടെ തുടങ്ങിയ മഴ രാവിലെ മുതൽ ശക്തമായതോടെ മത്സരം നടക്കാനുള്ള സാധ്യകൾ മങ്ങിയിരുന്നു. എന്നാല് ഉച്ചക്ക് ശേഷം കുറച്ചു നേരം മഴ മാറി നിന്നപ്പോൾ ഗ്രൗണ്ടിലെ കവറുകൾ നീക്കുകയും മത്സരം നടക്കുമെന്ന പ്രതീക്ഷ ആരാധകർക്കു നൽകുകയും ചെയ്‌തെങ്കിലും വൈകാതെ വീണ്ടും മഴ എത്തി. ഇതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു.

ഇതോടെ ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരം പോലും കളിക്കാത്ത ടീമായി ഇന്ത്യ. ഗുവാഹത്തിയിൽ നടക്കേണ്ട ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരവും കനത്ത മഴമൂലം ടോസിന് ശേഷം ഉപേക്ഷിച്ചിരുന്നു. ലോകകപ്പിൽ ആദ്യ മത്സരം ഈ മാസം എട്ടിന് ചെന്നൈയിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ. സന്നാഹമത്സരം ഉപേക്ഷിച്ചതോടെ ഇന്ത്യൻ ടീം തിരുവനന്തപുരത്തു നിന്ന് ചെന്നൈയിലേക്ക് പോകുമെന്നാണ് കരുതുന്നത്.

കാര്യവട്ടത്ത് നടന്ന നാലു ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ മൂന്നെണ്ണവും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത് ആരാധകർക്ക് നിരാശയായി. ലോകകപ്പ് മത്സരങ്ങൾക്ക് വേദി അനുവദിച്ച് കിട്ടാത്തതിലെ നിരാശ സന്നാഹമത്സരങ്ങളെങ്കിലും കണ്ട് തീർക്കാമെന്ന ആരാധകരുടെ പ്രതീക്ഷയാണ് മഴയിൽ ഒലിച്ചു പോയത്. കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ സന്നാഹ മത്സരവും ഓസ്‌ട്രേലിയ-നെതർലൻഡ്‌സ് സന്നാഹ മത്സരവും മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു.

ഓസ്‌ട്രേലിയ-നെതർലൻഡസ് മത്സരം 23 ഓവറാക്കി ചുരുക്കി നടത്തിയെങ്കിലും ഓസീസ് ഇന്നിങ്‌സിനുശേഷം നെതർലൻഡ്‌സ് ബാറ്റിംഗിനിടെ വീണ്ടും മഴ എത്തിയതോടെ ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ നടന്ന ന്യൂസിലൻഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിൽ ന്യൂസിലൻഡ് ഇന്നിങ്‌സ് പൂർത്തിയായെങ്കിലം ദക്ഷിണാഫ്രിക്കൻ ഇന്നിങ്‌സ് 37 ഓവറായപ്പോൾ മഴ എത്തിയതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ന്യൂസിലൻഡിനെ വിജയികളായി പ്രഖ്യാപിപ്പിച്ചിരുന്നു.

അതേസമയം, ഹൈദരാബാദിൽ ഇന്ന് നടക്കുന്ന ആസ്‌ട്രേലിയ-പാക്കിസ്ഥാൻ സന്നാഹ മത്സരവും ഗുവാഹത്തിയിൽ നടക്കുന്ന ശ്രീലങ്ക-അഫ്ഗാനിസ്താൻ മത്സരവും പുരോഗമിക്കുകയാണ്. ഹൈദരാബാദിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആസ്‌ട്രേലിയ 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 256 റൺസെന്ന നിലയിലാണ്. ഗുവാഹത്തിയിൽ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 36 ഓവറിൽ മൂന്ന് വിക്കറ്റിന് 261 റൺസെന്ന ശക്തമായ നിലയിലാണ്.