- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്യാപ്റ്റൻസ് ഡേയിൽ സൗഹൃദം പുതുക്കി നായകന്മാർ; നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് രോഹിത്; സ്വന്തം നാട്ടിലെത്തിയ പ്രതീതിയെന്ന് ബാബർ അസം; വേദിയിൽ ഉറക്കം തൂങ്ങി ബാവുമ
അഹമ്മദാബാദ്: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ക്യാപ്റ്റൻസ് ഡേയിൽ സൗഹൃദം പുതുക്കി വിവിധ ടീമുകളുടെ നായകന്മാർ. ലോകകപ്പിൽ പങ്കെടുക്കുന്ന പത്ത് ടീമുകളുടെയും ക്യാപ്റ്റന്മാരാണ് ലോകകപ്പിന് മുന്നോടിയായുള്ള ഫോട്ടോ ഷൂട്ടിനായി ഒത്തു ചേർന്നത്.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടും ന്യൂസീലൻഡും ഏറ്റുമുട്ടും. ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് വീണ്ടുമെത്തിയ ഏകദിന ലോകകപ്പ് ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകർ.
ആതിഥേയരായ ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ശ്രീലങ്ക, നെതർലൻഡ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിന്റെ ഭാഗമാവുന്നത്. ശ്രീലങ്കയും നെതർലൻഡ്സും യോഗ്യത മത്സരങ്ങൾ കളിച്ചെത്തുമ്പോൾ മറ്റ് ടീമുകൾ ലോകകപ്പിനായി നേരിട്ട് യോഗ്യത ഉറപ്പിച്ചിരുന്നു.
ഫോട്ടോ ഷൂട്ടിന് മുന്നോടിയായി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനും ക്യാപ്റ്റന്മാർ തയാറായി. 2019ലെ ലോകകപ്പ് ഫൈനലിലെ തോൽവി ഹൃദയം തകർക്കുന്നതായിരുന്നുവെന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പറഞ്ഞു. ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാവുമെന്നും വില്യംസൺ പ്രതീക്ഷ പങ്കുവെച്ചു.
നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും ടൈ ആയ ലോകകപ്പ് ഫൈനിൽ നേടി ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരായത്. ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ലോക ചാമ്പ്യന്മാരെ തെരഞ്ഞെടുക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കുന്നത് തന്റെ ജോലിയല്ലെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രതികരണം.
സന്നാഹ മത്സരങ്ങൾ മഴ കൊണ്ടുപോയെങ്കിലും കഴിഞ്ഞ മാസം ഏഷ്യാ കപ്പിലും ഓസ്‌ട്രേലിയക്കെതിരെയും കളിച്ചതിനാൽ ടീമിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും രോഹിത് പറഞ്ഞു. നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും മികച്ച പ്രകടനം പുറത്തെടുക്കാനും കളി ആസ്വദിച്ച് കളിക്കാനുമാണ് ശ്രമിക്കുകയെന്നും രോഹിത് വ്യക്തമാക്കി.
ഹൈദരാബാദിൽ ലഭിച്ച സ്വീകരണത്തിൽ അമ്പരന്നുവെന്നും ഇന്ത്യയിലാണെന്ന് പോലും തോന്നിയില്ലെന്നും സ്വന്തം നാട്ടിലെത്തിയ പ്രതീതിയായിരുന്നുവെന്നും പാക്കിസ്ഥാൻ നായകൻ ബാബർ അസം പറഞ്ഞു.
ഹൈദരാബാദി ബിരിയാണി എങ്ങനെയുണ്ടായിരുന്നു എന്ന് രവി ശാസ്ത്രി പാക് നായകൻ ബാബർ അസമിനോട് ചോദിച്ചപ്പോൽ നല്ല ടേസ്റ്റുണ്ടായിരുന്നുവെന്നും കുറച്ച് സ്‌പൈസി ആണെന്നും ബാബർ മറുപടി നൽകി. ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിനായുള്ള കാത്തിരിപ്പിലാണെന്നും ബാബർ പറഞ്ഞു. ലോകകപ്പിൽ ബൗളിംഗാണ് പാക്കിസ്ഥാൻ യഥാർത്ഥ കരുത്തെന്നും ബാബർ പറഞ്ഞു.
ഇന്ത്യയിൽ കളിച്ചു പരിചയമുള്ളവരാണ് ലോകകപ്പ് ടീമിൽ ഉള്ളതെന്ന് ബാവുമ പരിപാടിയിൽ പറഞ്ഞു. ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഐപിഎൽ കളിച്ചുനേടിയ മുൻപരിചയം ടീമിന് പ്ലസ് പോയിന്റാണെന്നാണ് ബാവുമയുടെ നിലപാട്. എന്നാൽ ലോകകപ്പിലുള്ള എല്ലാ ടീമുകളിലും ഐപിഎൽ കളിച്ചിട്ടുള്ളവർ ഉള്ളതിനാൽ അതു ദക്ഷിണാഫ്രിക്കയ്ക്കു മാത്രം നേട്ടമാകില്ലെന്നും ബാവുമ വ്യക്തമാക്കി. ഒക്ടോബർ ഏഴിന് ഡൽഹിയിലാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ് എതിരാളികൾ.
വേദിയിലിരുന്ന് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റൻ ടെംബ ബാവുമ ഉറക്കം തൂങ്ങിയതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. ദിവസങ്ങൾക്കു മുൻപ് കുടുംബത്തെ കാണാനായി ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങിയ ബാവുമ, കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കു മടങ്ങിയെത്തിയത്. ദക്ഷിണാഫ്രിക്കൻ ടീം ഡൽഹിയിലാണു പരിശീലനം നടത്തുന്നത്. ക്യാപ്റ്റൻസ് ഡേ പരിപാടിക്കായി ബാവുമ വീണ്ടും വിമാനം കയറി അഹമ്മദാബാദിലെത്തുകയായിരുന്നു.
പത്ത് ടീമുകളും പരസ്പരം ഓരോ മത്സരങ്ങളിൽ വീതം ഏറ്റുമുട്ടുന്ന റൗണ്ട് റോബിൻ ഫോർമാറ്റിലാണ് ആദ്യ ഘട്ടം നടക്കുക. 45 മത്സരങ്ങളാണ് ആകെ ഈ ഘട്ടത്തിലുള്ളത്. ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് സെമിയിലേക്ക് എത്താം.
നവംബർ 15-ന് മുംബൈയിൽ ആദ്യ സെമിയും 16-ന് കൊൽക്കത്തയിൽ രണ്ടാം സെമിയും നടക്കും. നവംബർ 19-ന് അഹമ്മദാബാദിലാണ് ഫൈനൽ. അഹമ്മദാബാദിനെ കൂടാതെ ധർമ്മശാല, ഡൽഹി, ലഖ്നൗ, പൂണെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ പത്ത് വേദികളിലായാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്
സ്പോർട്സ് ഡെസ്ക്