ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമിയിൽ മിന്നുന്ന അർധ സെഞ്ച്വറിയുമായി ഇന്ത്യക്ക് തകർപ്പൻ ജയത്തിനൊപ്പം ഫൈനൽ ബർത്ത് സമ്മാനിച്ചത് ആഘോഷമാക്കി തിലക് വർമ. 26 പന്തുകളിൽ 55 റൺസായിരുന്നു താരം നേടിയത്. ആറ് സിക്‌സും രണ്ട് ബൗണ്ടറികളുമാണ് താരം പറത്തിയത്. ക്രിക്കറ്റിൽ കന്നി ഏഷ്യൻ ഗെയിംസ് സ്വർണം ലക്ഷ്യമിടുന്ന ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച വെടിക്കെട്ട് പ്രകടനത്തിലൂടെ ഒരുപിടി റെക്കോർഡുകളും തിലക് വർമക്ക് സ്വന്തം പേരിലാക്കി.

എന്നാൽ തിലകിന്റെ അർധ സെഞ്ചുറി ആഘോഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അർധ സെഞ്ചുറി പൂർത്തിയാക്കിയ ഉടൻ തിലക് വർമ പ്രത്യേക രീതിയിലാണ് ആഘോഷം നടത്തിയത്. അതിന്റെ കാരണം താരം മത്സരശേഷം വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് അത്തരമൊരു ആഘോഷം നടത്തിയതെന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് സമൈറയേയും അതിൽ ഉൾപ്പെടുത്തിയെന്നും തിലക് മത്സരശേഷം വ്യക്തമാക്കി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ മകളാണ് സമൈറ.

ഇന്ത്യൻ നായകൻ രോഹിത് ശർമയടക്കമുള്ളവരുടെ റെക്കോർഡുകളാണ് തിലക് വർമ പഴങ്കഥയാക്കിയത്. അന്താരാഷ്ട്ര ടി20യിൽ 20-ആം വയസ്സിൽ ഏറ്റവും കൂടുതൽ ഫിഫ്റ്റികളടിച്ച ഇന്ത്യൻ താരമെന്ന രോഹിതിന്റെ റെക്കോർഡാണ് ഇന്ന് തകർന്നത്. രോഹിതിന് ഒരു ഫിഫ്റ്റിയായിരുന്നു ഉണ്ടായിരുന്നത്. തിലകിന്റേത് രണ്ടാമത്തെ ഫിഫ്റ്റിയായിരുന്നു. ഏഷ്യാ കപ്പിന് മുന്നോടിയായി നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ തിലക് ഫിഫ്റ്റിയടിച്ചിരുന്നു.

അതുപോലെ ടി20യിൽ ഒരു നോക്കൗട്ട് റൗണ്ട് മൽസരത്തിൽ ഫിഫ്റ്റിയടിച്ച ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ താരമായും തിലക് മാറി. മറ്റൊരു യുവതാരമായ യശസ്വി ജെയ്‌സ്വാളിന്റെ റെക്കോർഡാണ് അതിലൂടെ തിലക് മറികടന്നത്. അതേസമയം, ഈ ലിസ്റ്റിൽ മൂന്നും നാലും സ്ഥാനങ്ങളിൽ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലിയാണ്.

ടി20യിൽ ഒരു നോക്കൗട്ട് മൽസരത്തിൽ ഫിഫ്റ്റിയും ഒരു വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായും ഇന്ന് തിലക് മാറി. വിരാട് കോഹ്ലിയാണ് ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. 2016-ൽ വീൻഡീസിനെതിരായ മത്സരത്തിലായിരുന്നു കോഹ്‌ലി അർധ സെഞ്ച്വറിയും വിക്കറ്റും നേടിയത്.

സെമിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 96 റൺസാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോർ ഇന്ത്യൻ ബൗളൽമാരിൽ തിളങ്ങി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 9.2 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നിരുന്നു. തിലക് വർമ (55), റുതുരാജ് ഗെയ്കവാദ് (40) എന്നിവർ ഇന്ത്യൻ നിരയിൽ തിളങ്ങി.

ഇന്ത്യക്ക് യഷസ്വി ജെയ്സ്വാളിന്റെ (0) വിക്കറ്റ് മാത്രമാണ് നഷ്ടമായിരുന്നത്. നാല് പന്തുകൾ മാത്രം നേരിട്ട ജെയ്സ്വാളിന് റൺസൊന്നുമെടുക്കാൻ സാധിച്ചില്ല. റിപ്പൺ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാൽ മറ്റൊരു വിക്കറ്റ് നഷ്ടമാവാൻ സമ്മതിക്കാതെ റുതുരാജ് ഗെയ്കവാദ് (40) തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഗെയ്കവാദിന്റെ ഇന്നിങ്സിൽ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകർത്തത്. വാഷിങ്ടൺ സുന്ദർ രണ്ട് വിക്കറ്റെടുത്തു. 24 റൺസ് നേടിയ ജേകർ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറർ.