- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഫ്ഗാനിസ്ഥാനെ കറക്കിവീഴ്ത്തി; അനായാസ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ബംഗ്ലാ കടുവകൾ; മൂന്ന് വിക്കറ്റും 57 റൺസുമായി മെഹിദി ഹസൻ മിറാസ്; മിന്നും പ്രകടനവുമായി ഷാന്റോയും ഷാക്കിബും
ധരംശാല: ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കി ബംഗ്ലാദേശ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാൻ 37.2 ഓവറിൽ 156ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 34.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
മൂന്ന് വിക്കറ്റ് വീതം നേടിയ ഷാക്കിബ് അൽ ഹസനും മെഹിദി ഹസൻ മിറാസുമാണ് അഫ്ഗാനെ തകർത്തത്. മറുപടി ബാറ്റിംഗിൽ 59 റൺസെടുത്ത് പുറത്താവാതെ നിന്ന നജ്മുൾ ഹുസൈൻ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോർ. ബൗളിംഗിൽ മൂന്ന് വിക്കറ്റെടുത്ത മിറാസ് 57 റൺസുമായി ബാറ്റിംഗിലും തിളങ്ങി.
കുഞ്ഞൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. 27 റൺസ് ചേർക്കുന്നതിനിടെ തൻസിദ് ഹസൻ (5), ലിറ്റൺ ദാസ് (3) എന്നിവരുടെ വിക്കറ്റുകൾ ബംഗ്ലാദേശിന് നഷ്ടമായി. തൻസിദ് റണ്ണൗട്ടായപ്പോൾ ദാസിനെ ഫസൽഹഖ് ഫാറൂഖി ബൗൾഡാക്കി. നാലാം വിക്കറ്റിൽ ഒത്തുചേർന്ന മിറാസ് - ഷാന്റോ സഖ്യമാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നട്ടെല്ലായ കൂട്ടുകെട്ടുണ്ടാക്കിയത്. ഇരുവരും 97 റൺസ് കൂട്ടിചേർത്തു.
എന്നാൽ മിറാസിനെ പുറത്താക്കി നവീൻ ഉൾ ഹഖ് അഫ്ഗാന് ബ്രേക്ക് ത്രൂ നൽകി. 73 പന്ത് നേരിട്ട മിറാസ് അഞ്ച് ബൗണ്ടറികൾ നേടിയിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന് (14) തിളങ്ങാനായില്ല. എന്നാൽ മുഷ്ഫിഖുർ റഹീമിനെ (2) കൂട്ടുപിടിച്ച് ഷാന്റെ ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ 57 റൺസെടുത്ത റഹ്‌മാനുള്ള ഗുർബാസ് മാത്രമാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയിരുന്നത്. അസ്മതുള്ള ഒമർസായ് (22), ഇബ്രാഹിം സദ്രാൻ (22) എന്നിവരാണ് അൽപമെങ്കിലും പിടിച്ചുനിന്ന മറ്റുതാരങ്ങൾ.
കൃത്യമായ ഇടവേളകളിൽ അഫ്ഗാന് വിക്കറ്റുകൾ നഷ്ടമായികൊണ്ടിരുന്നു. റഹ്‌മത്ത് ഷാ (18) ഹഷ്മതുള്ള ഷഹീദി (18) എന്നിവർക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാൻ (5), നബി (5), റാഷിദ് ഖാൻ (9) എന്നിവരും നിരാശപ്പെടുത്തി. മുജീബ് ഉർ റഹ്‌മാൻ (1), നവീൻ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
സ്പോർട്സ് ഡെസ്ക്