- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ട്രിപ്പിൾ സെഞ്ചുറി'! ശ്രീലങ്കയെ തല്ലിപ്പറത്തി റൺമല തീർത്ത് ദക്ഷിണാഫ്രിക്ക; അതിവേഗ സെഞ്ചുറിയുമായി ലോകകപ്പിൽ ചരിത്രം കുറിച്ച് മാർക്രം; മൂന്നക്കം കടന്ന് ഡി കോക്കും ഡസ്സനും; ലങ്കയ്ക്ക് 429 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയെ തല്ലിപ്പറത്തി എണ്ണം പറഞ്ഞ മൂന്ന് സെഞ്ചുറികളുടെ കരുത്തിൽ റൺമല ഉയർത്തി ദക്ഷിണാഫ്രിക്ക. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത അമ്പത് ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 428 റൺസ്. ലോകകപ്പിലെ അതിവേഗ സെഞ്ചുറി പേരിൽകുറിച്ച എയ്ഡൻ മാർക്രം, ഓപ്പണർ ക്വിന്റൺ ഡി കോക്ക്, റാസി വാൻ ഡർ ഡസ്സൻ എന്നിവരുടെ ബാറ്റിങ് മികവിലാണ് ശ്രീലങ്കയ്ക്ക് മുന്നിൽ പടുകൂറ്റൻ വിജയ ലക്ഷ്യം ഒരുക്കിയത്.
ക്വിന്റൺ ഡി കോക്ക് (100), റാസി വാൻ ഡർ ഡസ്സൻ (108), എയ്ഡൻ മാർക്രം (106) എന്നിവരുടെ ബാറ്റിങ് കരുത്തിൽ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഏറ്റവും വലിയ സ്‌കോറാണ് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉയർത്തിയത്. ശ്രീലങ്കയ്ക്ക് വേണ്ടി പന്തെടുത്ത എല്ലാവരും അടിമേടിച്ചു. ദിൽഷൻ മധുഷങ്ക രണ്ട് വിക്കറ്റെടുത്തു.
ക്രിക്കറ്റ് ലോകകപ്പിൽ പുതിയ റെക്കോഡ് സ്ഥാപിച്ചാണ് സൂപ്പർ താരം എയ്ഡൻ മാർക്രം ക്രീസ് വിട്ടത്. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡാണ് മാർക്രം സ്വന്തം പേരിൽ കുറിച്ചത്. 2023 ക്രിക്കറ്റ് ലോകകപ്പിലെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലൂടെയാണ് മാർക്രം റെക്കോഡ് സ്ഥാപിച്ചത്.
മത്സരത്തിൽ വെറും 49 പന്തുകളിൽ നിന്നാണ് മാർക്രം സെഞ്ചുറി നേടിയത്. ഇതോടെ മാർക്രം അയർലൻഡ് ക്രിക്കറ്റ് താരമായ കെവിൻ ഒബ്രെയ്ൻ സ്ഥാപിച്ച റെക്കോഡ് മറികടന്നു. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണ് കെവിൻ റെക്കോഡ് സ്ഥാപിച്ചത്. ഒരു പന്തിന്റെ വ്യത്യാസത്തിൽ മാർക്രം ഈ റെക്കോഡ് മറികടന്നു.
മത്സരത്തിൽ 54 പന്തുകളിൽ നിന്ന് 106 റൺസെടുത്താണ് മാർക്രം ക്രീസ് വിട്ടത്. 14 ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 2015 ലോകകപ്പിൽ 51 പന്തുകളിൽ നിന്ന് സെഞ്ചുറി നേടിയ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെല്ലാണ് പട്ടികയിൽ മൂന്നാമത്. എ.ബി. ഡിവില്ലിയേഴ്സ്, ഒയിൻ മോർഗൻ എന്നിവരാണ് നാല് അഞ്ച് സ്ഥാനങ്ങളിൽ.
തുടക്കത്തിൽ തന്നെ തെംബ ബവൂമയുടെ (10) വിക്കറ്റ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഡി കോക്ക് - വാൻ ഡർ ഡസ്സൻ സഖ്യം മത്സരത്തിന്റെ ഗതി മാറ്റി. ഡസ്സൻ വിക്കറ്റ് പോവാതെ കാത്തപ്പോൾ ഡി കോക്ക് അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും മൂന്നാം വിക്കറ്റിൽ 204 റൺസ് കൂട്ടിചേർത്തു. ഡി കോക്കാണ് ആദ്യം മടങ്ങുന്നത് 84 പന്തുകൾ നേരിട്ട ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ 12 ഫോറും മൂന്ന് സിക്സും നേടി. വൈകാതെ ഡസ്സനും സെഞ്ചുറി പൂർത്തിയാക്കി. 110 പന്തിൽ രണ്ട് സിക്സും 13 ഫോറും ഉൾപ്പെടുന്നതായിരുന്നു ഡസ്സന്റെ ഇന്നിങ്സ്.
മാർക്രത്തോടൊപ്പം 50 റൺസ് കൂട്ടിചേർത്താണ് ഡസ്സൻ മടങ്ങുന്നത്. തുടർന്ന് ശ്രീലങ്കൻ ബൗളർമാർ മാർക്രമിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിനിടെ ഹെന്റിച്ച് ക്ലാസനും (20 പന്തിൽ 32) നിർണായക പ്രകടനം നടത്തി. മാർക്രത്തോടൊപ്പം 78 റൺസ് ചേർത്ത ശേഷമാണ് ക്ലാസൻ മടങ്ങുന്നത്. വൈകാതെ മാർക്രം സെഞ്ചുറിയും പൂർത്തിയാക്കി. 54 പന്തിൽ മൂന്ന് സിക്സും 14 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
മധുഷങ്കയ്ക്ക് വിക്കറ്റ് നൽകിയാണ് താരം മടങ്ങുന്നത്. പിന്നീട് ഡേവിഡ് മില്ലർ (39) മാർകോ ജാൻസൻ (12) സഖ്യം സ്‌കോർ 400 കടത്തി. കശുൻ രജിത, മതീഷ പതിരാന, ദുനിത് വെല്ലാലഗെ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.
സ്പോർട്സ് ഡെസ്ക്