ന്യൂഡൽഹി: ലോകകപ്പിലെ ഒട്ടേറെ റെക്കോർഡുകൾ തിരുത്തിക്കുറിക്കപ്പെട്ട ആവേശപ്പോരാട്ടത്തിൽ ശ്രീലങ്കയെ 102 റൺസിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 429 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കൻ ടീം 44.5 ഓവറിൽ 326 റൺസിന് എല്ലാവരും പുറത്തായി. മൂന്ന് സെഞ്ചുറികളും മൂന്ന് അർധ സെഞ്ചുറികളും കണ്ട മത്സരത്തിൽ രണ്ട് ഇന്നിങ്‌സിലുമായി പിറന്നത് 754 റൺസ്! ഒരു ലോകകപ്പ് മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയ ഏറ്റവും വലിയ സ്‌കോർ കൂടിയാണിത്.

വെടിക്കെട്ട് ബാറ്റിങ്, ഏകദിന ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം സ്‌കോർ, മൂന്ന് സെഞ്ചുറികൾ അതിലൊന്നിന് ലോകകപ്പ് റെക്കോഡ്... സംഭവബഹുലമായിരുന്നു ശ്രീലങ്കയ്ക്കെതിരായ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ്. എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡ്യൂസൻ, ക്വിന്റൺ ഡി കോക്ക് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക റെക്കോഡ് ബുക്കിലിടം നേടിയത്. 2015 ലോകകപ്പിൽ ഓസ്ട്രേലിയ അഫ്ഗാനിസ്താനെതിരേ നേടിയ 417 റൺസിന്റെ റെക്കോഡ് ദക്ഷിണാഫ്രിക്ക തകർത്തു.

65 പന്തിൽ 79 റൺസ് നേടിയ ചരിത് അസലങ്കയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. കുശാൽ മെൻഡിസ്, നായകൻ ദസുൻ ശനക എന്നിവർ അർധ സെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജെരാൾഡ് കോയെറ്റ്‌സ്‌കി മൂന്നും, മാർക്കോ ജാൻസൻ, കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവർ 2 വിക്കറ്റുവീതവും നേടി.

മറുപടി ഇന്നിങ്‌സിൽ വലിയ കൂട്ടുകെട്ട് സൃഷ്ടിക്കാൻ ലങ്കയ്ക്ക് കഴിഞ്ഞില്ല. ടീം സ്‌കോർ ഒന്നിൽ നിൽക്കേ പാതും നിസ്സങ്ക (0) മാർകോ ജാൻസന്റെ പന്തിൽ ക്ലീൻ ബോൾഡായി. പിന്നാലെ ഇറങ്ങിയ കുശാൽ മെൻഡിസ് (42 പന്തിൽ 76) കുശാൽ പെരേരയ്‌ക്കൊപ്പം 66 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു. എന്നാൽ വ്യക്തിഗത സ്‌കോർ 7ൽ നിൽക്കേ കുശാൽ പെരേരയും പുറത്തായി. ഇത്തവണയും ജാൻസനാണ് വിക്കറ്റ് ഇളക്കിയത്. ടീം സ്‌കോർ 100 കടന്നതിനു പിന്നാലെ കുശാൽ മെൻഡിസും പുറത്തായി. സമരവിക്രമ (19 പന്തിൽ 23), ധനഞ്ജയ ഡിസിൽവ (14 പന്തിൽ 11) എന്നിവർ വേഗത്തിൽ മടങ്ങി.

ആറാംവിക്കറ്റിൽ അസലങ്കയും ക്യാപ്റ്റൻ ദസുൻ ശനകയും ചേർന്ന് 82 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചു. മത്സരത്തിലേക്ക് ലങ്ക തിരിച്ചുവരുമെന്ന് തോന്നിച്ചെങ്കിലും 32ാമത്തെ ഓവറിൽ ലുംഗി എൻഗിഡിക്ക് വിക്കറ്റ് സമ്മാനിച്ച് അസലങ്ക മടങ്ങി. നേരിട്ട ആദ്യ പന്തിൽത്തന്നെ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നൽകി വെല്ലാലഗെ കൂടാരം കയറി. 62 പന്തിൽ 68 റൺസ് നേടിയ ശനക 40ാം ഓവറിൽ കേശവ് മഹാരാജിന്റെ പന്തിൽ ക്ലീൻ ബോൾഡായി. കസുൻ രജിത 31 പന്തിൽ 33 റൺസും മതീഷ പതിരണ 5 റൺസും നേടി പുറത്തായി. ദിൽഷൻ മധുഷങ്ക 4 റൺസുമായി പുറത്താകാതെനിന്നു.

മൂന്ന് മുൻനിര ബാറ്റർമാർ സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ ശ്രീലങ്കയ്ക്ക് മുന്നിൽ 429 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക കുറിച്ചിട്ടത്. 2023 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തകർപ്പകൻ പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്ക റെക്കോർഡ് പുസ്തകത്തിലും പുതിയ കണക്കുകൾ ചേർത്തു. ക്വിന്റൻ ഡികോക്ക് (84 പന്തിൽ 100), റസ്സീ വാൻദർ ദസ്സൻ (110 പന്തിൽ 108), എയ്ഡൻ മാർക്രം (54 പന്തിൽ 106) എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ സെഞ്ചറി കണ്ടെത്തിയത്.

ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്. 50 ഓവറിൽ 5 വിക്കറ്റു നഷ്ടത്തിൽ 428 റൺസാണ് അവർ അടിച്ചുകൂട്ടിയത്. 2015ൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ നേടിയ 417 റൺസെന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി. 49 പന്തിൽ സെഞ്ചറി പൂർത്തിയാക്കിയ എയ്ഡൻ മാർക്രം, ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. അയർലൻഡിന്റെ കെവിൻ ഒബ്രിയൻ 2011ൽ ഇംഗ്ലണ്ടിനെതിരെ (50 പന്തിൽ) നേടിയ റെക്കോർഡാണ് തകർന്നത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നായകൻ ടെംബ ബവുമയെ (5 പന്തിൽ 8) രണ്ടാം ഓവറിൽ നഷ്ടമായി. സ്‌കോർ 10ൽ നിൽക്കേ ദിൽഷൻ മദുഷങ്കയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഡികോക്കിനൊപ്പം രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ച വാൻദർ ദസ്സൻ ശ്രദ്ധയോടെയാണ് കളി മുന്നോട്ടു കൊണ്ടുപോയത്. ഇരുവരും ചേർന്ന് 204 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 31ാം ഓവറിൽ ഡികോക്കിന്റെ വിക്കറ്റുവീഴ്‌ത്തി മതീഷ പതിരനയാണ് ഈ സഖ്യം തകർത്തത്. പിന്നാലെ ക്രീസിലെത്തിയ മാർക്രം ആക്രമിച്ച് കളിച്ചതോടെ സ്‌കോർ 350 കടന്നു.

ഇതിനിടെ, ഹെന്റിച്ച് ക്ലാസൻ 20 പന്തിൽ 32 റൺസെടുത്ത് പുറത്തായി. ഡേവിഡ് മില്ലർ (21 പന്തിൽ 39*), മാർക്കോ ജാൻസൻ (7 പന്തിൽ 12*) എന്നിവർ അവസാന ഓവറുകളിൽ തകർത്തടിച്ചതോടെ സ്‌കോർ 400 കടന്നു. ലങ്കൻ നിരയിൽ പന്തെറിഞ്ഞവരെല്ലാം ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ പ്രഹരമേറ്റുവാങ്ങി. 14 സിക്‌സും 45 ഫോറുമാണ് പ്രോട്ടീസ് ഇന്നിങ്‌സിൽ പിറന്നത്. ദിൽഷൻ മദുഷങ്ക 10 ഓവറിൽ 86 റൺസ് വഴങ്ങി 2 വിക്കറ്റു വീഴ്‌ത്തി. കസുൻ രജിത, മതീഷ പതിരന, ദുനിത് വെല്ലാലാഗെ എന്നിവർ ഓരോ വിക്കറ്റു വീതവും നേടി.