ന്യൂഡൽഹി: ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങുന്ന ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു. ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ ആദ്യ മത്സരം കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. സ്പിന്നർ ആർ അശ്വിന് പകരം പേസർ ഷാർദ്ദുൽ താക്കൂർ ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി. മുഹമ്മദ് ഷമിക്ക് ഇന്നും പ്ലേയിങ് ഇലവനിൽ ഇടമില്ല.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ പിഴവുകളൊന്നുമില്ലാതെ വിജയം സ്വന്തമാക്കുകയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ താളം തെറ്റിയ ഓപ്പണർമാർക്കു ഫോം തിരിച്ചുപിടിക്കാനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം.

ഗില്ലിനു കൂടുതൽ മത്സരങ്ങൾ നഷ്ടപ്പെട്ടേക്കുമെന്നതിനാൽ മികവു കാട്ടേണ്ട ഉത്തരവാദിത്തം കൂടിയുണ്ട് ഇഷാൻ കിഷന്. വിരാട് കോലിയും കെ.എൽ.രാഹുലും മികച്ച ഫോമിലാണ്. പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ വിജയത്തിനൊപ്പം മികച്ച റൺറേറ്റും ഇന്ത്യയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്.

2019ലെ ലോകകപ്പിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ അവസാന ഓവറിലെ മുഹമ്മദ് ഷമിയുടെ ഹാട്രിക്കായിരുന്നു അഫ്ഗാന്റെ അട്ടിമറി ജയം തടഞ്ഞത്. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോട് കനത്ത തോൽവി വഴങ്ങിയാണ് അഫ്ഗാൻ വരുന്നത്.

എന്നാൽ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ തുടക്കത്തിൽ തകർന്നടിഞ്ഞിട്ടും വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും അർധസെഞ്ചുറികളുടെ മികവിൽ പൊരുതി ജയിച്ചാണ് ഇന്ത്യ വരുന്നത്. ബംഗ്ലാദേശിനോട് തോറ്റ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നത്.

ഇതിന് മുമ്പ് ഇതേ ഗ്രൗണ്ടിൽ നടന്ന ദക്ഷിണാഫ്രിക്ക-ശ്രീലങ്ക പോരാട്ടത്തിൽ കൂറ്റൻ സ്‌കോർ പിറന്നിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 428 റൺസടിച്ചപ്പോൾ ശ്രീലങ്ക മറുപടിയായി 326 റൺസടിച്ചിരുന്നു. അതിനാൽ ഇന്നും റൺമഴയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.