ന്യൂഡൽഹി: ഏകദിന ലോകകപ്പിൽ ഏഴാം സെഞ്ചുറിയുമായി ചരിത്രം കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏറ്റവും കൂടുതൽ ലോകകപ്പ് സെഞ്ചുറികളെന്ന റെക്കോർഡാണ് അഫ്ഗാനിസ്ഥാനെതിരായ സെഞ്ചുറിയോടെ ഹിറ്റ്മാൻ പേരിൽ കുറിച്ചത്. ആറ് ലോകകപ്പുകളിൽ നിന്നും ആറ് സെഞ്ചുറികൾ കുറിച്ച ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ നായകനുമായ സച്ചിൻ ടെൻഡുൽക്കറിന്റെ റെക്കോർഡാണ് ഹിറ്റ്മാൻ മറികടന്നത്.

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരെ ബാറ്റിങ് വെടിക്കെട്ടുമായി മുന്നേറിയ രോഹിത് 63 പന്തിൽ നിന്നും മൂന്നക്കം പിന്നിട്ടു. 45 മത്സരങ്ങളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ചുറികൾ നേടിയത്. എന്നാൽ രോഹിത്തിന് ഏഴിലേക്കെത്താൻ വേണ്ടിവന്നത് വെറും 19 ലോകകപ്പ് ഇന്നിങ്സുകൾ മാത്രം.

ഇതോടൊപ്പം ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവ് 40 വർഷം കൈവശം വെച്ചിരുന്ന റെക്കോഡും രോഹിത് തകർത്തു. 63 പന്തിലായിരുന്നു അഫ്ഗാനെതിരേ രോഹിത്തിന്റെ സെഞ്ചുറി. 1983 ജൂൺ 18-ന് ടേൺബ്രിഡ്ജ് വെൽസിലെ നെവിൽ ഗ്രൗണ്ടിൽ സിംബാബ്വെയ്‌ക്കെതിരായ ഐതിഹാസിക ഇന്നിങ്സിൽ 72 പന്തിൽ നിന്നായിരുന്നു കപിൽ ദേവിന്റെ സെഞ്ചുറി.

ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരമെന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ റെക്കോഡിനൊപ്പവും രോഹിത് എത്തി. ഇരുവരും 19 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. അഫ്ഗാനെതിരേ 22 റൺസ് പിന്നിട്ടതോടെയാണ് ലോകകപ്പിലെ രോഹിത്തിന്റെ റൺനേട്ടം 1000-ൽ എത്തിയത്. 20 ഇന്നിങ്സിൽ നിന്ന് ഈ നേട്ടത്തിലെത്തിയ സച്ചിനെ ഇവിടെയും രോഹിത് മറികടന്നു. 2019 ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടി രോഹിത് റെക്കോഡിട്ടിരുന്നു.

ഏകദിന ലോകകപ്പിൽ ആദ്യത്തെ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി. 2003-ൽ സച്ചിൻ തെണ്ടുൽക്കർ പാക്കിസ്ഥാനെതിരേ 10 ഓവറിനുള്ളിൽ അർധ സെഞ്ചുറി നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോൾ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ നേട്ടം കൈവരിക്കുന്നത്.

ഇഷാൻ കിഷനൊപ്പം 156 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയർത്തിയ രോഹിത് ഇന്ത്യക്ക് മിന്നുന്ന തുടക്കമാണ് സമ്മാനിച്ചത്. അഫ്ഗാനെതിരെ 273 റൺസ് പിന്തുടരുന്ന ഇന്ത്യ നിലവിൽ 21 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എന്ന നിലയിലാണ്. 47 പന്തിൽ 47 റൺസ് എടുത്ത ഇഷാൻ കിഷന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

74 പന്തുകളിൽ നിന്നും നാല് സിക്‌സും 14 ഫോറുമടക്കം 114 റൺസുമായി രോഹിത് ക്രീസിലുണ്ട്. 63 പന്തിലാണ് രോഹിത് സെഞ്ചുറി നേടിയത്. നേരത്തെ നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്രയാണ് അഫ്ഗാനനെ തകർത്തത്. ഹഷ്മതുള്ള ഷാഹിദി (80), അസ്മതുള്ള ഒമർസായ് (62) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ഗംഭീര തുടക്കം നൽകുകയായിരുന്നു ഓപ്പണർമാർ. 38 റൺസുമായി ഇഷാൻ കിഷൻ രോഹിത്തിന് കൂട്ടുണ്ട്.

നേരത്തെ, മോശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റൺസെടുക്കുന്നതിനെ അവരുടെ മൂന്ന് വിക്കറ്റുകകൾ പോയിരുന്നു. മുൻനിര താരങ്ങളായ ഇബ്രാഹിം സദ്രാൻ (22), റഹ്‌മാനുള്ള ഗുർബാസ് (21), റഹ്‌മത്ത് ഷാ (16) എന്നിവർക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറിൽ ഗുർബാസിനെ ഹാർദിക് പാണ്ഡ്യയും മടക്കി. റഹ്‌മത്ത് ആവട്ടെ ഷാർദുൽ താക്കൂറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. പിന്നീട് ഷാഹിദി - ഓമർസായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്ത ഇരുവരും 121 റൺസ് കൂട്ടിചേർത്തു. കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഷാഹിദി കുൽദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടങ്ങി. എട്ട് ഫോറും ഒരു സിക്‌സും ഉൾപ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിങ്‌സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റൺസ് കൂട്ടിർത്ത് ഒമർസായ് മടങ്ങി. നബിയെ, ബുമ്ര വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നീടെത്തിയ ആർക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാൻ (2), റാഷിദ് ഖാൻ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മുജീബ് ഉർ റഹ്‌മാൻ (10), നവീൻ ഉൾ ഹഖ് (9) പുറത്താവാതെ നിന്നു. ഷാർദുൽ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറിൽ 76 റൺസ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്‌ത്താൻ സാധിച്ചില്ല.