അഹമ്മദാബാദ്: ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ സൂപ്പർ പോരാട്ടത്തിന് മുമ്പ് ടീം ഇന്ത്യക്കും ആരാധകർക്കും സന്തോഷവാർത്ത. ഡെങ്കിപ്പനി ബാധിച്ചത് മൂലം ലോകപ്പിൽ ഓസ്‌ട്രേലിയക്കും അഫ്ഗാനിസ്ഥാനുമെതിരായ മത്സരങ്ങൾ നഷ്ടമായ ഓപ്പണർ ശുഭ്മാൻ ഗിൽ നെറ്റ്‌സിൽ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ഇന്നലെ അഹമ്മദാബാദിലെത്തിയ ഗിൽ ഇന്നാണ് അഹമ്മദാബാദിലെ നെറ്റ്‌സിൽ പരിശീലനത്തിന് ഇറങ്ങിയത്.

ഇന്ന് ഉച്ചക്ക് ശേഷം അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീ അംഗങ്ങൾക്കൊപ്പം വൈകാതെ ഗിൽ ചേരുമെന്നാണ് കരുതുന്നത്. നേരത്തെ ഗിൽ പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന റിപ്പോർട്ടുകളായിരുന്നു പുറത്തുവന്നിരുന്നത്. എന്നാൽ ബാറ്റിങ് പരിശീലനത്തിന് ഇറങ്ങിയതോടെ പാക്കിസ്ഥാനെതിരെ രോഹിത് ശർമ-ശുഭ്മാൻ ഗിൽ സഖ്യം ഓപ്പൺ ചെയ്യാനുള്ള സാധ്യതയേറി. ഒക്ടോബർ പതിനാല് ശനിയാഴ്ചയാണ് ഇന്ത്യ-പാക് ഗ്ലാമർ പോരാട്ടം നടക്കുക.

ഗിൽ പൂർണ കായികക്ഷമത വീണ്ടെടുത്തോ എന്നകാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ല. അഫ്ഗാനെതിരെ വെടിക്കെട്ട് സെഞ്ചുറി നേടി മിന്നും ഫോമിലുള്ള രോഹിത്തിനൊപ്പം ഗിൽ കൂടി ഓപ്പണറായി എത്തുന്നതോടെ ഇന്ത്യക്ക് ഇരട്ടിശക്തിയാകുമെന്നാണ് ആരാധകർ കരുതുന്നത്. ഗിൽ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ലോകകപ്പ് സന്നാഹ മത്സരത്തിനായി തിരുവനന്തപുരത്ത് എത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യൻ ടീമിനൊപ്പം ചെന്നൈയിലെ ആദ്യ മത്സരത്തിനായി പോയ ശുഭ്മാൻ ഗില്ലിന് ആദ്യ മത്സരത്തിന് മുമ്പ് ആരോഗ്യം വീണ്ടെടുക്കാനായില്ല. രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് ഗില്ലിനെ ചെന്നൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ത്യൻ ടീമിനൊപ്പം അഫ്ഗാനിസ്ഥാനെതിരായ രണ്ടാം മത്സരത്തിനായി ഡൽഹിയിലേക്ക് പോകാതിരുന്ന ഗിൽ കഴിഞ്ഞ ദിവസമാണ് അഹമ്മദാബാദിലെത്തിയത്.

ഗില്ലിന്റെ അഭാവത്തിൽ ഇഷാൻ കിഷനാണ് ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്കായി ഓപ്പൺ ചെയ്തത്. ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇന്ത്യ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ അഫ്ഗാനെതിരെ ആധികാരിക ജയം നേടിയിരുന്നു. ആദ്യ മത്സരത്തിൽ ഗോൾഡൻ ഡക്കായ ഇഷാൻ കിഷൻ ഇന്നലെ അഫ്ഗാനെതിരെ 47 റൺസടിച്ചു.

ഈ വർഷം ഏകദിനത്തിൽ മികച്ച പ്രകടനമാണ് ഗിൽ കാഴ്ചവെച്ചത്. 72.35 എന്ന മികച്ച ശരാശരിയോടെ മൊത്തം 1230 റൺസാണ് താരം നേടിയത്, 105.03 എന്ന സ്ട്രൈക്ക് റേറ്റും ഈ നേട്ടത്തിന് മികവേകുന്നു. ഇന്ത്യ കിരീടമുയർത്തിയ ഏഷ്യാ കപ്പിലെ ടോപ് സ്‌കോററായിരുന്നു ഗിൽ. 302 റൺസാണ് താരം ടൂർണമെന്റിൽ നേടിയത്.

'ഗിൽ സുഖമായിരിക്കുന്നു, ഇന്ന് ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകാൻ ഒരുങ്ങുകയാണ്. വ്യാഴാഴ്ച മൊട്ടേരയിൽ ഗിൽ പരിശീലന സെഷനിൽ പങ്കെടുക്കുകുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. അദ്ദേഹം സുഖം പ്രാപിച്ചു, എങ്കിലും പാക്കിസ്ഥാനെതിരെ കളിക്കാൻ കഴിയുമോയെന്ന് ഉറപ്പില്ല' ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മികച്ച സ്‌കോർ പടുത്തുയർത്തി തങ്ങളുടെ പോരാട്ടവീര്യം കാണിച്ചുതന്നു. ഹഷ്മത്തുള്ള ഷാഹിദിയും (80), ഒമർസായും (62) ചേർന്നാണ് അഫ്ഗാൻ ഇന്നിങ്സിന് കരുത്തുപകർന്നത്. ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര നാല് വിക്കറ്റുകളുമായി മികച്ച പ്രകടനം പുറത്തെടുത്തത് വരും മത്സരങ്ങളിലും ഇന്ത്യയ്ക്ക് പ്രതീക്ഷയാകും.

അഫ്ഗാൻ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പതിനഞ്ച് ഓവറുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശർമ്മയും ഗില്ലിന്റെ അഭാവത്തിൽ യുവതാരം ഇഷാൻ കിഷനും ഓപ്പൺ ചെയ്ത മത്സരത്തിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. തുടക്കം തന്നെ അക്രമണകാരിയായ രോഹിത് തന്റെ നിലപാടറിയിച്ചു. വെറും 84 പന്തുകളിൽ നിന്ന് അഞ്ച് സിക്സറും 16 ഫോറിന്റെയും അകമ്പടിയോടെ 131 റൺസുമായി ഹിറ്റ്മാൻ മടങ്ങുമ്പോൾ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു.

ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിരവധി റെക്കോർഡുകളാണ് രോഹിത് ശർമ്മ കടപുഴക്കിയത്. ലോകകപ്പിൽ ഏറ്റവുമധികം സെഞ്ചുറിയെന്ന സച്ചിന്റെ റെക്കോർഡ് താരം മറികടന്നു. ഇതിന് പുറമെ ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ വേഗമേറിയ സെഞ്ചുറിയെന്ന കപിൽ ദേവിന്റെ നാൽപ്പത് വർഷം പഴക്കമുള്ള റെക്കോർഡും രോഹിതിന് മുന്നിൽ വീണു.

1983 ലോകകപ്പിൽ സിംബാബ്വെയ്ക്ക് എതിരെ കപിൽ 72 പന്തിൽ സെഞ്ചുറി നേടിയതായിരുന്നു ഇതുവരെ റെക്കോർഡ്. ഇതാണ് രോഹിത് ശർമ്മ മറികടന്നത്. ഇന്നത്തെ ജയത്തോടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്താനും ഇന്ത്യയ്ക്കായി. ചിരവൈരികളായ പാക്കിസ്ഥാന് എതിരെ ഒക്ടോബർ 14നാണ് ഇന്ത്യയുടെ അടുത്ത മത്സരം.