അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ഭേദപ്പെട്ട തുടക്കം. 25 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനുമാണ് ക്രീസിൽ.

73 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ രണ്ടുപേരെയും ഇന്ത്യ പുറത്താക്കിയിരുന്നു. 24 പന്തിൽ 20 റൺസെടുത്ത അബ്ദുള്ള ഷഫീഖിനെ മുഹമ്മദ് സിറാജ് വിക്കറ്റിന് മുന്നിൽ കുരുക്കിയതിനു പിന്നാലെ ഇമാം ഉൾ ഹഖിനെ ഹാർദിക് പാണ്ഡ്യ പുറത്താക്കി.

നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെങ്കിപ്പനി കാരണം ആദ്യ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് കളിക്കുന്നുണ്ട്. ഇഷാൻ കിഷന് പകരമായിട്ടാണ് ഗിൽ കളിക്കുന്നത്.

ഷഫീഖ് 8ാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങുകയായിരുന്നു. 24 പന്തിൽനിന്ന് 20 റൺസാണ് ഷഫീഖ് നേടിയത്. 13ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ കെ.എൽ.രാഹുൽ പിടിച്ചാണ് ഇമാം ഉൽ ഹഖ് പുറത്തായത്. 38 പന്തിൽ 36 റൺസാണ് സമ്പാദ്യം.

ഇടയ്ക്ക് മുഹമ്മദ് റിസ്വാനെതിരെ എൽബിഡബ്ല്യു അപ്പീൽ നൽകിയ ഇന്ത്യയ്ക്ക് അനുകൂലമായി അംപയർ തീരുമാനമെടുത്തെങ്കിലും, ഡിആർഎസ് റിസ്വാനെ രക്ഷിച്ചു.