അഹമ്മദാബാദ്: ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ അഭിമാനപ്പോരാട്ടത്തിൽ മിന്നും ജയം നേടിയ ഇന്ത്യ തുടർച്ചയായ മൂന്നാം ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയിരുന്നു. ഇന്ത്യ വിജയക്കുതിപ്പ് തുടർന്നപ്പോൾ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു. 63 പന്തിൽ 86 റൺസടിച്ച രോഹിത് പാക് പേസറായ ഹാരിസ് റൗഫിനെതിരെ മത്സരത്തിൽ മൂന്ന് സിക്‌സുകൾ നേടിയിരുന്നു.

ഹാരിസ് റൗഫിന്റെ ആദ്യ ഓവറിൽ തന്നെ രണ്ട് സിക്‌സ് പറത്തിയ രോഹിത് റൗഫിന്റെ നാലാം ഓവറിൽ പറത്തിയ സിക്‌സർ കണ്ട് അമ്പയർ മറൈസ് ഇറാസ്മസ് പോലും അതിശയിച്ചുപോയി. 141 കിലോ മീറ്റർ വേഗത്തിലെത്തിയ റൗഫിന്റെ ഷോർട്ട് ബോളിനെ അതിനെക്കാൾ വേഗത്തിലായിരുന്നു രോഹിത് തൂക്കി ഗ്യാലറിയിലിട്ടത്. ആ ഷോട്ട് കളിച്ചശേഷം അമ്പയർ രോഹിത്തിന് അടുത്തെത്തി എന്തോ ചോദിക്കുന്നതും രോഹിത് ചിരിച്ചുകൊണ്ട് തന്റെ കൈയിലെ മസിൽ കാണിച്ചുകൊടുക്കുന്നതും കാണാമായിരുന്നു.

ബാറ്റിന്റെ ശക്തി കൊണ്ടല്ല കൈക്കരുത്തുകൊണ്ടാണ് സിക്‌സ് അടിച്ചതെന്നാണ് രോഹിത് അമ്പയറോട് പറയുന്നത് എന്നാണ് ആരാധകർ പറയുന്നത്. പിന്നീട് മത്സരശേഷം ബൗണ്ടറിക്ക് പുറത്ത് നിന്ന് ഹാർദ്ദിക് പാണ്ഡ്യയോട് സംസാരിക്കുമ്പോഴും പാണ്ഡ്യയുടെ ചോദ്യത്തിന് രോഹിത് തന്റെ കൈയിലെ മസിൽ കാണിച്ചു കൊടുത്തിരുന്നു.

അതേ സമയം പാക് പേസർ ഹാരിസ് റൗഫ് മുമ്പ് രോഹിത്തിനെതിരെ പറഞ്ഞ വാക്കുകളും വീണ്ടും വൈറലായി. 2022 ടി20 ലോകകപ്പ് സമയത്ത് ഹാരിസ് റൗഫ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇന്നലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടത്തിനുശേഷം വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലായത്.

അന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു, രോഹിത്തിന്റെ വിക്കറ്റെടുക്കണം, കാരണം അയാളുടെ ബോഡി ലാംഗ്വേജ് എനിക്കത്ര പിടിച്ചില്ല എന്നായിരുന്നു അഭിമുഖത്തിൽ ഹാരിസ് റൗഫ് പറഞ്ഞത്. ഇന്നലെ പാക്കിസ്ഥാനെതിരാ മത്സരത്തിൽ രോഹിത് ഹാരിസ് റൗഫിനെ മൂന്ന് തവണ സിക്‌സിന് പറത്തിയിരുന്നു. ഇതിൽ ഹാരിസിന്റെ 141 കിലോ മീറ്റർ വേഗത്തിലെത്തിയ ഷോർട്ട് ബോളിനെ അതിനെക്കാൾ വേഗത്തിൽ സിക്‌സിന് പറത്തിയ രോഹിത്തിന്റെ ഷോട്ട് ആരാധകരെ പോലും അമ്പരപ്പിക്കുകയും ചെയ്തു.

ഹാരിസ് റൗഫിന്റെ ആദ്യ ഓവറില രണ്ടാം പന്ത് തന്നെ രോഹിത് ലോംഗ് ഓണിലേക്ക് സിക്‌സിന് പറത്തിയാണ് വരവേറ്റത്. റൗഫിന്റെ നാലാം പന്ത് വീണ്ടും കവറിന് മുകളിലൂടെ രോഹിത് സിക്‌സിന് തൂക്കി. ഇതോടെ ആദ്യ ഓവറിൽ റൗഫ് വഴങ്ങിയത് 14 റൺസായിരുന്നു.

നാലാം ഓവറിലായിരുന്നു ഷോർട്ട് ബോൾ എറിഞ്ഞ് പേടിപ്പിക്കാൻ നോക്കിയ റൗഫിനെ രോഹിത് ഗ്യാലറിയിലെത്തിച്ചത്. ആ ഓവറിലും ഹാരിസ് റൗഫ് റൺസ് വഴങ്ങിയതോടെ ബാബറിന് തന്റെ വജ്രായുധത്തെ പിൻവലിക്കേണ്ടിവന്നു.

ലോകകപ്പിൽ പാക്കിസ്ഥാന്റെ ഏറ്റവും വലിയ ബൗളിങ് പ്രതീക്ഷയായിരുന്ന റൗഫ് ഇന്നലെ ആറോവറിൽ 43 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വിഴ്‌ത്താനായിരുന്നില്ല. ലോകകപ്പിൽ ഇതുവരെ പാക്കിസ്ഥാന് മുന്നിൽ തോറ്റിട്ടില്ലെന്ന റെക്കോർഡ് അഹമ്മദാബാദിലും തകരാതെ കാത്ത ഇന്ത്യ ഏഴ് വിക്കറ്റിന്റെ ഉജ്വല ജയമാണ് ഇന്നലെ കുറിച്ചത്.

ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 42.5 ഓവറിൽ 191 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ ബാബർ അസമായിരുന്നു പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ.മറുപടി ബാറ്റിംഗിൽ ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമയും(63 പന്തിൽ 86), ശ്രേയസ് അയ്യരും(62 പന്തിൽ 53) ചേർന്ന് ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കെ എൽ രാഹുൽ(29 പന്തിൽ 19) ശ്രേയസിനൊപ്പം പുറത്താകാതെ നിന്നു.