ന്യൂഡൽഹി: ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് 285 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ റഹ്‌മാനുള്ള ഗുർബാസിന്റെയും ഇക്രാം അലിഖിലിന്റെയും അർധസെഞ്ചുറികളുടെയും വാലറ്റത്ത് മുജീബ് റഹ്‌മാന്റെ മിന്നലടികളുടെയും കരുത്തിൽ 49.5 ഓവറിൽ 284 റൺസെടുത്ത് ഓൾ ഔട്ടായി. ലോകകപ്പിൽ അഫ്ഗാന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോറാണിത്. 2019 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരേ നേടിയ 288 റൺസാണ് ഒന്നാമത്.

57 പന്തിൽ 80 റൺസെടുത്ത ഗുർബാസാണ് അഫ്ഗാന്റെ ടോപ് സ്‌കോറർ. ഇക്രാം അലിഖിൽ (66 പന്തിൽ 58 റൺസടിച്ചപ്പോൾ മുജീബ് 16 പന്തിൽ 28 റൺസുമായി തിളങ്ങി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 42 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

തകർപ്പൻ തുടക്കമായിരുന്നു അഫ്ഗാന്റേത്. ഓപ്പണിങ് വിക്കറ്റിൽ ഗുർബാസ് തകർത്തടിക്കുകയും ഇബ്രാഹിം സദ്രാൻ മികച്ച പിന്തുണ നൽകുകയും ചെയ്തതോടെ 114 റൺസാണ് അഫ്ഗാൻ സ്‌കോറിലെത്തിയത്. പിന്നാലെ 48 പന്തിൽ 28 റൺസെടുത്ത സദ്രാനെ മടക്കി ആദിൽ റഷീദ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിറകെ റഹ്‌മത്ത് ഷായും (3) റഷീദിന് മുന്നിൽ വീണു.

റഹ്‌മത്ത് ഷാവന്നപോലെ മടങ്ങിയെങ്കിലും ഗുർബാസിന്റെ ബാറ്റിങ് വെടിക്കെട്ടിൽ 18 ഓവറിൽ അഫ്ഗാൻ 150 കടന്നു. എന്നാൽ സെഞ്ചുറിയിലേക്ക് കുതിച്ച ഗുർബാസ്(57 പന്തിൽ80) റണ്ണൗട്ടായതോടെ അഫ്ഗാൻ തകർച്ചയിലായി. 57 പന്തിൽ നിന്ന് നാല് സിക്സും എട്ട് ഫോറുമടക്കം 80 റൺസെടുത്ത ഗുർബാസ് റണ്ണൗട്ടായി മടങ്ങുകയായിരുന്നു.

നല്ല തുടക്കം കിട്ടിയിട്ടും ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദിയും(14) അസ്മത്തുള്ള ഒമർസായിയും(19) നിലയുറപ്പിക്കാതെ മടങ്ങി. മുഹമ്മദ് നബിയും(9) പൊരുതാതെ വീണെങ്കിലും അലിഖിലും(66 പന്തിൽ 58) റാഷിദ് ഖാനും(22 പന്തിൽ 23), മുജീബ് ഉർ റഹ്‌മാനും(16 പന്തിൽ 28 )ചേർന്ന് അഫ്ഗാനെ 284 റൺസിലെത്തിച്ചു. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റെടുത്തപ്പോൾ മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.