മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ കേരളത്തിനെതിരെ സർവീസസിന് 190 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. രണ്ടാം മത്സരത്തിലും നായകൻ സഞ്ജു സാംസൺ ബാറ്റിംഗിൽ നിരാശപ്പെടുത്തി. സഞ്ജു 22 പന്തിൽ 22 റൺസെടുത്ത് പുറത്തായി. ഇന്നലെ ഹിമാചലിനെതിരെ സഞ്ജു ഒരു റണ്ണുമായി മടങ്ങിയിരുന്നു.

സർവീസസിനെതിരെ ടോസ് നേടി ക്രീസിലിറങ്ങിയ കേരളം തകർച്ചയോടെയാണ് തുടങ്ങിയത്.ആദ്യ ഓവറിൽ തന്നെ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീനെ(1) വരുൺ ചൗധരി ബൗൾഡാക്കി.രോഹൻ കുന്നുമ്മൽ(12) പ്രതീക്ഷ നൽകിയെങ്കിലും നാലാം ഓവറിൽ മടങ്ങി. എന്നാൽ മൂന്നാമനായി ക്രീസിലെത്തി വിഷ്ണു വിനോദ് തകർത്തടിച്ചതോടെ നാലാം നമ്പറിൽ ക്രീസിലിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ പിന്തുണയുമായി നങ്കൂരമിട്ടു.

സഞ്ജുവും വിഷ്ണുവും ചേർന്ന് കേരളത്തെ 50 കടത്തിയെങ്കിലും പതിനൊന്നാം ഓവറിൽ സ്‌കോർ 79ൽ നിൽക്ക അർജ്ജുൻ ശർമയുടെ പന്തിൽ സഞ്ജു ബൗൾഡായി. 22 പന്തിൽ 22 റൺസെടുത്ത സഞ്ജു ഒരു ഫോറും ഒരു സിക്‌സും പറത്തി. പിന്നീടെത്തിയ സൽമാൻ നിസാർ വിഷ്ണുവിന് മികച്ച പിന്തുണ നൽകിയപ്പോൾ കേരളം കുതിച്ചു.

62 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണു വിനോദ് നാല് സിക്‌സും 15 ഫോറും പറത്തിയപ്പോൾ 24 പന്തിൽ 42 റൺസെടുത്ത സൽമാൻ നിസാർ അഞ്ച് ഫോറും ഒരു സിക്‌സും പറത്തി. അവസാന ഒമ്പതോവറിൽ ഇരുവരും ചേർന്ന് പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 110 റൺസടിച്ചാണ് കേരളത്തെ മികച്ച സ്‌കോറിലെത്തിച്ചത്.

ഇന്നലെ നടന്ന മത്സരത്തിൽ കേരളം ഹിമാചലിനെ തകർത്തിരുന്നു. കേരളം ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹിമാചലിനെ 19.1 ഓവറിൽ 128 റൺസിന് പുറത്താക്കിയാണ് കേരളം വമ്പൻ ജയം സ്വന്തമാക്കിയത്. കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്‌ത്തി.